തോമസ് ചാണ്ടിയുടെ രാജി: പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കയ്യേറ്റകേസില്‍ ഹൈക്കോടതിയും കൈവിട്ടതോടെ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മൗനം പാലിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഒടുവില്‍ പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാത്രമല്ല വിഷയത്തില്‍ തോമസ് ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍സിപിയും കാര്യങ്ങള്‍ പരിശോധിച്ച്‌ തീരുമാനമെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ തീരുമാനം അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയ കാര്യം അറിഞ്ഞു. ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം തക്ക സമയത്തു തന്നെയുണ്ടാവുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഈ വിഷയം എല്‍ഡിഎഫ് നേരത്തേ തന്നെ ആലോചിച്ചതാണ്. തോമസ് ചാണ്ടിയും എല്‍ഡിഎഫ് യോഗത്തിലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.