വിധിയില്‍ വിമര്‍ശനമുണ്ടെങ്കില്‍ രാജിയെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. വിധിയില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടെങ്കില്‍ ആ നിമിഷം രാജിവയ്ക്കും. വിധി പകര്‍പ്പ്  ലഭിച്ചിട്ടില്ല. ലഭിച്ചതിനു ശേഷം അതു പരിശോധിച്ച് തനിക്കെതിരെ വിമര്‍ശനമുണ്ടെങ്കില്‍ രാജിവയ്ക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

കൈയ്യേറ്റ വിഷയത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. കോടതിയുടെ പരാമര്‍ശമെല്ലാം വിധിന്യായമല്ല. കോടതി ഉത്തരവ് കിട്ടിയ ശേഷം ബുധനാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. മന്ത്രി രാജിവയ്ക്കുന്നതാണ് നല്ലതെന്നു വരെ കോടതി പരാമര്‍ശിച്ചു. ഇതോടെ, ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് തോമസ് ചാണ്ടി. ഇതിനിടെയാണ് രാജിക്കാര്യത്തില്‍ തോമസ് ചാണ്ടിയുടെ പുതിയ വിശദീകരണം.

അതേസമയം, ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിനു മുമ്പേ തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നുണ്ട്. രാവിലെ എട്ടു മണിക്കാണ് മുഖ്യമന്ത്രിയെ കാണുക. കൂടിക്കാഴ്ചയില്‍ രാജിക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.  മുഖ്യമന്ത്രി മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ ചെയ്യുമെന്നും എല്ലാം തെളിഞ്ഞാല്‍ നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.