കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

വാഷിങ്ടണ്‍: യു.എസിലെ കാലിഫോര്‍ണിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ ധരംപ്രീത് സിങ്(21) ആണ് മരിച്ചത്.ഫ്രെസ്‌നോയിലെ ഗ്യാസ് സ്റ്റേഷനു സമീപമുള്ള കടയില്‍ പഠനത്തിനുശേഷം ജോലിക്കു പോകാറുണ്ടായിരുന്ന ധരംപ്രീതിനെ ചൊവ്വാഴ്ച രാത്രി കടയില്‍ മോഷണത്തിനെത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്ത്യന്‍ വംശജനടങ്ങുന്ന നാലംഗ സംഘമാണ് കൊലപാതകം നടത്തിയത്.

മോഷ്ടാക്കളെ കണ്ട് ഭയന്ന ധരംപ്രീത് ക്യാഷ് കൗണ്ടറിനു പിന്നില്‍ ഒളിച്ചെങ്കിലും ആക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ബുധനാഴ്ച്ച രാവിലെയോടെ കടയിലെത്തിയ ആളാണ് ധരംപ്രീതിന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലിസില്‍ വിവരമറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വംശജനായ അമിത്‌രാജ് സിങ് അത്‌വാളിനെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

ധരംപ്രീതിനെ കൊലപ്പെടുത്തിയതിനുശേഷം സംഘം കടയില്‍നിന്ന് പണവും സാധനങ്ങളും മോഷ്ടിക്കുകയും ചെയ്തു. കടയിലെത്തിയ ആളാണ് ധരംപ്രീതിന്റെ മൃതദേഹം കണ്ടെത്തിയത്. ധരംപ്രീത് മൂന്നുവര്‍ഷം മുന്‍പ് സ്റ്റുഡന്റ് വീസയിലാണ് യുഎസിലെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിരണ്ടുകാരനായ അമിത്രാജ് സിങ് അത്വാളിനെ അറസ്റ്റു ചെയ്തിട്ടുണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും അമിത്രാജിന്റെ മൊഴിയില്‍നിന്നും മറ്റുള്ളവരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചുവെന്നു പൊലീസ് വ്യക്തമാക്കി. കൊലപാതക സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതികരിച്ചു. ധരംപ്രീതിന്റെ കുടുംബത്തിന് നീതിയുറപ്പാക്കാന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനോട് അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.