ഇപ്പൊ ദേ മൂഡിയും പറയുന്നു, മോഡി വലിയൊരു പുലിയാണെന്ന്!

ബിജു നായർ

ഓണപരൂക്ഷക്ക് കുത്തിയിരുന്ന് പഠിച്ചിട്ട് അവസാനം എല്ലാ വിഷയങ്ങൾക്കും നല്ല മാർക്കുള്ള പ്രോഗ്രെസ്സ് റിപ്പോർട്ടുമായി അച്ഛനമ്മമാരുടെ മുൻപിലേക്ക് കടന്ന് വരുന്ന അഭിമാനത്തോടെ ഞാനിതാ നിങ്ങടെ മുമ്പിലേക്ക് കടന്ന് വരുന്നു.
നമ്മുടെ ഇന്ത്യ മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കയാണ് കൂട്ടരേ!
ഈ ജനമുന്നേറ്റത്തിൽ ഒരുമിച്ച് നിന്ന്, അന്നും ഇന്നും എന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നല്ലവരായ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത് ആഹ്ലാദത്തിന്റെ അവസരമാണ്.
എന്റെ അഭിനന്ദങ്ങൾ.
വിജയം പെട്ടെന്നൊരു സുപ്രഭാതത്തിൽ “ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി” എന്ന തലക്കെട്ടോടെ ആയിരിക്കില്ല കടന്ന് വരുന്നത്.
ഇത് പോലുള്ള ചെറിയ ചെറിയ വിജയങ്ങൾ. നമ്മള് ഒന്ന് കണ്ണിമവെട്ടിയാൽ നമ്മളത് മിസ്സ് ചെയ്തേക്കാം. അങ്ങനെയുണ്ടാകാതിരിക്കാനാണ് ഈ പോസ്റ്റ്.
ഓരോ ചെറിയ വിജയവും നമ്മൾ ആഘോഷിക്കണം. എന്നാലേ ഇതിലും വലിയ വിജയങ്ങളിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കാൻ നമുക്ക് കരുത്തും ദൃഢനിശ്ചയവും പ്രചോദനവും ആവേശവുമൊക്കെ ലഭിക്കുകയുള്ളൂ!
ഒന്ന് രണ്ട് മാസമായിട്ട് പല കാര്യങ്ങളും ചെയ്തെങ്കിലും, ഒന്ന് ചെയ്തില്ല എന്ന് തോന്നുന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്നങ്ങനെയൊരു ദിവസമല്ല. ഇന്നലെയും ആയിരുന്നില്ല.
ഇന്നലെ പ്യൂ റിസേർച്ചാണ് അവരുടെ കണ്ടുപിടത്തിലൂടെ നമ്മളെ ആഹ്ലാദിപ്പിച്ചതെങ്കി ഇന്ന് ആ ജോലി ചെയ്യുന്ന ആളുടെ പേരാണ് മൂഡി.
ഇന്ത്യയെ ഇത്രേം വാനോളം പുകഴ്ത്തി പറയണമെങ്കി, ഈ മൂഡി മോഡിയുടെ വകയിലെ വല്ല അളിയനോ മറ്റോ ആയിരിക്കും എന്ന് നിങ്ങളിലെ ദോഷേകദൃക്കുകളായ ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം.
ഒരിക്കലുമല്ല സഖാക്കളേ. ഇവരൊക്കെ വെറും അന്താരാഷ്ട്ര പ്രൊഫെഷണൽസ്. അവര് അവരുടെ ജോലി ചെയ്യുന്നു അത്ര മാത്രം.
ഇപ്പൊ എന്താണവരുടെ ജോലി എന്നായിരിക്കും? സാമ്പത്തികം തന്നെ!
ആഗോളനിക്ഷേപകര് ദശലക്ഷക്കണക്കിന് ഡോളറുകള് നമ്മുടെ രാജ്യത്തില്, അതിപ്പോ ഫാക്ടറികള് കെട്ടുന്നതിലായാലും, ഓഹരി വിപണിയില് നിക്ഷേപിക്കുന്നതായാലും, കണ്ണുമടച്ച് കൊണ്ടിറക്കാൻ മാത്രം മണ്ട ശിരോമണികളൊന്നുമല്ല.
ആദ്യം അവര് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന കമ്പനിയുടെ കണക്കുപുസ്തകങ്ങളെല്ലാം കൂലങ്കഷമായി പരിശോധിക്കുന്നു. പിന്നെ കമ്പനിയുടെ ഉടമകളുടെയും ഉന്നത ഉദ്യാഗസ്ഥന്മാരുടെയും കഴിവുകളും ട്രാക്ക് റെക്കോർഡും പഠിക്കുന്നു. പിന്നെ ആ കമ്പനി പ്രവർത്തിക്കുന്ന മേഖലയിലെ സാധ്യതകളെ കുറിച്ച് പഠിക്കുന്നു.
അങ്ങനെ എല്ലാം ഉറപ്പുവരുത്തിയതിന് ശേഷം അവര് പറയുന്നു:
“അപ്പം നമുക്ക് ഇനി കാശ് എടുത്ത് വീശാം അല്ല്യോ?”
അപ്പോളവരുടെ ബോസ്സ് മൂർഖൻ സ്റ്റാൻലി:
“നിനക്ക് വട്ടൊണ്ടാ മച്ചു? അവിടെ മോഡി എല്ലാം ഭരിച്ച് കൊളമാക്കി വച്ചിരിക്കുകയാണെന്നാണ് മിണ്ടാപ്പൂച്ചയായ മൻമോഹൻസിങ്ങും, പട്ടിയെ കൊണ്ട് വരെ ട്വീറ്റ് ചെയ്ത് ലോകശ്രദ്ധ പിടിച്ച് പറ്റിയ രാഹുൽ ജിയും ഒക്കെ പറേണത്. നമ്മുടെ പൈസയുമായിട്ട് ആ ഏരിയായിലെങ്ങാനും പോയാ നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും.”
അപ്പോഴാണ് നമ്മുടെ മൂഡി രംഗത്തെത്തുന്നത്:
“ഞാൻ എല്ലാം ചെക്ക് ചെയ്ത് ബോസ്സ്. കാര്യങ്ങളെലാം എ ഓക്കേ ആണ്. ഉള്ള കാശെടുത്ത് ധൈര്യമായി വീശിക്കോളൂ. കാശില്ലെങ്കി കടംവാങ്ങിച്ചിട്ടാണെങ്കിലും. അതിന് ഞാൻ ഗ്യാരണ്ടി. മോഡിജി പുലിയാണ്. ഇയ്യിടെയും ഞാൻ റേറ്റിംഗ് ഒക്കെ കൂട്ടി കൊടുത്തതേ ഉള്ളൂ. നിങ്ങക്കും നിങ്ങടെ പണത്തിനും നല്ലതേ വരൂ.”
അപ്പം ദേ മൂർഖൻ സ്റ്റാൻലി വീണ്ടും:
“മോഡിജി പുലിയാണെന്ന കാര്യമൊക്കെ എനിക്കും അറിയാം. പക്ഷേ ഈ ത്രിപുരയിലും കേരളത്തിലുമൊക്കെ വലിയ പിടിപാടൊക്കെയുള്ള നമ്മുടെ വേലേം കൂലീമില്ലാത്ത സഖാക്കളെല്ലാം കൂടെ ഓരോ കുപ്രചരണങ്ങളെല്ലാം അഴിച്ച് വിട്ട്, മോഡിജിയെ താഴെയിറക്കി വിടയോ മറ്റോ ചെയ്താലോ? എങ്കി നമ്മുടെ കാശ് ഗോവിന്ദ. ഒന്നിനേം വിശ്വസിക്കാൻ കൊള്ളാത്ത ഐറ്റംസ് ആണ്.”
അപ്പൊ ഇത് വരെ ഈ പൊറാട്ടു നാടകമെല്ലാം കണ്ട് ക്ഷമയുടെ നെല്ലിപ്പലക തന്നെ തകർന്ന പ്യൂ റിസർച്ച് ചാടിയെണീറ്റ് വല്ലാതെ അലറി:
“നിങ്ങളൊരുമാതിരി തുട്ടുകള് ഇറക്കാൻ മടിച്ച് ഓരോരോ മുടന്തൻ ന്യായങ്ങള് ഓതല്ലേ? ഇന്നലേം കൂടെ ഞാൻ ഇവിടെ വന്ന് പറഞ്ഞതല്ലെന്ന്, 88 % ആളുകൾക്ക് മോഡിജിയെ ഇഷ്ടമാണ്, 83 % ആളുകൾക്ക് ഉറപ്പുണ്ട് ഇന്ത്യയുടെ എക്കണോമി ശക്തമാണെന്ന്, 70 % ആളുകൾക്ക് സംതൃപ്തിയുണ്ട് ഇന്ത്യയുടെ ഇന്നത്തെ മുന്നോട്ടുള്ള പോക്കിൽ എന്നൊക്കെ. മോഡിജിയെ താഴെയിറക്കാൻ ഇനി തോമസ് ചാണ്ടിയെ വരെ താഴെയിറക്കി ജനങ്ങളുടെ വലിയ സ്നേഹവും സഖാക്കളുടെ പുളിച്ച തെറിയും ഏറ്റുവാങ്ങിയ സാക്ഷാൽ കാനം രാജേന്ദ്രൻ മുന്നോട്ട് വന്നാലും സാധിക്കൂല്ല. പിന്നെ നിങ്ങളിതെന്തിര് ഓരോ കന്നംതിരുവുകളൊക്കെ പറയണത്?”
അപ്പം അതാണ് കാര്യം!
ഈ സായിപ്പന്മാരെല്ലാം കൂടെ ഇങ്ങനെ കോറസ്സായിട്ട് ഇന്ത്യയേയും മോഡിജിയെയും ഒക്കെ പുകഴ്ത്തി പറഞ്ഞോണ്ട് നടക്കണത് നമ്മളോടുള്ള ഇഷ്ട്ടം കൊണ്ടൊന്നുമല്ല. അവരുടെ വയറ്റിപ്പിഴപ്പ് അത്ര തന്നെ!
ഞാനും നിങ്ങളുമൊക്കെ ഈ സായിപ്പന്മാരെ ചിലപ്പോ അവിശ്വസിച്ചേക്കാം. പുച്ഛിച്ച് തള്ളിയേക്കാം. പക്ഷേ വിശ്വസിക്കേണ്ടവര് വിശ്വസിക്കും!
സായിപ്പന്മാരെ കുറിച്ച് നമ്മളെന്തൊക്കെ ചൊറിഞ്ഞു പറഞ്ഞാലും സ്വന്തം വയറ്റിപിഴപ്പിന്റെ കാര്യം നോക്കാൻ അവര് ബഹു കെങ്കേമന്മാരാണെന്ന് കാര്യം നമ്മുടെയൊക്കെ ച ച്ഛ ജ ത്സ ജി ആയ ജവഹർലാൽ നെഹ്റുവിന് വരെ അറിയാം.
അത് കൊണ്ട് നിങ്ങളിപ്പോ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളൂ!
ഹമാരാ ദേശ് ആഗേ ബഡ് രഹാ ഹേ!
അതിനാൽ ഹം സബ്കോ അടിച്ചുപൊളി കർനേക്കോ മാങ്ഗതാ!
ജയ് ഹിന്ദ്!