ഗൗരിയുടെ ആത്മഹത്യ: അധ്യാപികമാരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ അക്രമം

കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ സ്‌കൂൾ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്ത കേസില്‍ കീഴടങ്ങാനെത്തിയ അധ്യാപികമാരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ കൈയേറ്റശ്രമം.അധ്യാപികമാരുടെ മാനസിക പീഡനത്തെ തുടർന്നായിരുന്നു ഗൗരിയുടെ അത്മഹത്യ

ഇന്ന് രാവിലെ കൊല്ലം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അധ്യാപികമാരുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ തടസപ്പെടുത്തിയാണ് ഒരു സംഘം രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.

ഇന്നു രാവിലെ ഏട്ടു മണി കഴിഞ്ഞാണ് അധ്യാപികമാരായ സിന്ധു,ക്രസന്റ എന്നിവര്‍ കലക്ടറേറ്റിന് സമീപത്തെ താല്‍ക്കാലിക ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് കോടതിയിലെത്തിയത്. 11 മണിക്കാണ് കോടതി തുടങ്ങുന്നതെങ്കിലും ഇരുവരും നേരത്തേ കോടതിയിലെത്തുകയായിരുന്നു. ഈ സമയത്താണ് ഇരുവരുടെയും ചിത്രമെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് ഇരുവരും ഇന്നു കൊല്ലം കോടതിയില്‍ കീഴടങ്ങാനെത്തിയത്. കഴിഞ്ഞമാസം 20ന് ആയിരുന്നു ഗൗരി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ മാസം 23ന് ആയിരുന്നു ഗൗരിയുടെ അന്ത്യം.