തന്റെ ഭാര്യയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നാണ് ബി.ജെ.പി നേതാവ്

ലഖ്‌നൗ: മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി നേതാവ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്റെ ഭാര്യയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നാണ് പ്രാദേശിക ബി.ജെ.പി നേതാവ് രഞ്ജിത് കുമാര്‍ ശ്രീവാസ്തവയുടെ ഭീഷണി.ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആണ് സംഭവം .

ബരാബന്‍കി ജില്ലയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭാര്യ സാഷിക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കുന്നതിനിടെയാണ് ഭീഷണി. ശ്രീവാസ്തവ പ്രസംഗിക്കുന്ന വേദിയില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ സന്നിഹിതരായിരുന്നു. പ്രസംഗത്തിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇവിടെ ഇപ്പോഴുള്ളത് സമാജ് വാദി പാര്‍ട്ടിയുടെ ഭരണമല്ല. ഇവിടെ നിങ്ങളുടെ ഒരു നേതാക്കളും നിങ്ങളെ സഹായിക്കാന്‍ വരില്ല. റോഡുകള്‍ ഓവുചാലുകള്‍ എന്നിവയെല്ലാം പ്രദേശിക ഭരണകൂടത്തിന് കീഴിലാണ് വരിക. നിങ്ങള്‍ക്ക് മറ്റു ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും. ഭാര്യയ്ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ മറ്റ് കഷ്ടപ്പാടുകളെല്ലാം അനുഭവിക്കാന്‍ തയ്യാറായിക്കോളൂ. അതുകൊണ്ട് ഞാന്‍ പറയുന്നത് നിങ്ങള്‍ മുസ് ലിംകളോടാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് തന്നെ വോട്ട് ചെയ്യണം.ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയല്ല. വോട്ട് ചെയ്താല്‍ നിങ്ങള്‍ക്കിവിടെ സമാധാനത്തോടെ ജീവിക്കാം- രഞ്ജിത് ഭീഷണി മുഴക്കി.

അതേസമയം, 2012 ല്‍ ശ്രീവാസ്തവയെ മേഖലയിലെ മുസ് ലിംകള്‍ പിന്തുണച്ചില്ലെന്നും. എന്നാല്‍ അദ്ദേഹം പക്ഷഭേദമില്ലാതെ അവിടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതെന്നുമാണ് ഉദ്ദേശിച്ചതെന്ന് ബി.ജെ.പി നേതാവ് ആര്‍.പി സിങ് പറഞ്ഞു. സംസ്ഥാനത്തെ ഭരണം ബി.ജെ.പിയാണ് കയ്യാളുന്നത്. ബി.ജെ.പി ഇതര സ്ഥാനാര്‍ഥി വിജയിച്ചാല്‍ അവിടത്തെ ചെയര്‍പേഴ്‌സണ് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും ആര്‍.പി സിങ് രഞ്ജിത്തിനെ വാക്കുകളെ ന്യായീകരിച്ച് പറഞ്ഞു.