ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊലിസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന് അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് തമിഴ്‌നാട്ടില്‍ ഒഴിവില്‍ കഴിയാന്‍ സഹായം നല്‍കിയ ചാര്‍ലിയെയാണ് ദിലീപ് സ്വാധീനിച്ചതായി പൊലിസ് പറയുന്നത്.കേസില്‍ ചാര്‍ലിയെ മാപ്പുസാക്ഷിയാക്കില്ല. രഹസ്യമൊഴിയില്‍ കുറ്റം സമ്മതിച്ച ചാര്‍ലി മാപ്പുസാക്ഷിയാക്കാന്‍ കോടതി വിളിപ്പിച്ചിട്ടും എത്തിയില്ല.ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന. പള്‍സര്‍ സുനിയാണ് ഒന്നാംപ്രതി. 11 പ്രതികളുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് ദീലിപും പള്‍സര്‍ സുനിയും ചേര്‍ന്നാണെന്ന് കുറ്റപത്രം പറയുന്നു. മറ്റുള്ളവര്‍ കൃത്യത്തിന് സഹായിച്ചവരും സംഭവത്തിനുശേഷം പ്രതിക്ക് ഒളിവില്‍കഴിയാന്‍ സൗകര്യം ചെയ്തുകൊടുത്തവരുമാണ്.
കേസില്‍ മുന്നോറോളം സാക്ഷികളാണുള്ളത്. ഇതില്‍ 20 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 450 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ടി ആക്ട് ഉള്‍പ്പെടെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണ് സൂചന.

അതേസമയം, നടിയും ഭാര്യയുമായ കാവ്യാമാധവന്റെ വസ്ത്രവ്യാരപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പൊലിസ് പറയുന്നു. കേസിലെ സാക്ഷികളില്‍ ഒരാളായിരുന്നു ലക്ഷ്യയിലെ ഈ ജീവനക്കാരന്‍.

ദേ പുട്ടിന്റെ ശാഖാ ഉദ്ഘാടനത്തിന്റെ ഭാഗമായി വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കാര്യം ഉള്‍പ്പെടുത്തുക.നടിയെ ആക്രമിച്ച കേസിന്റെ കുറ്റപത്രം നാളെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നത്.