മുന്നാക്ക സംവരണം പി.എസ്.സിയിലേക്കും വരുന്നു

തിരുവനന്തപുരം : മുന്നാക്ക സംവരണ നയം പി.എസ്.സിയിലേക്കും.
കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലേക്ക് ബോര്‍ഡ് റിക്രൂട്ട്‌മെന്റ് മുഖേന നടത്തുന്ന നിയമനങ്ങളില്‍ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇതു പി.എസ്.സിയിലും നടപ്പിലാക്കാനുള്ള നീക്കം.
സംവരണ നയം സംബന്ധിച്ചു പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന മുന്നാക്ക സമുദായത്തിന് കൂടുതല്‍ സംവരണം നല്‍കുന്ന നീക്കം പിന്നാക്ക സമുദായത്തിലെ ജനറല്‍ വിഭാഗത്തില്‍ നിയമനം നേടുന്നവര്‍ക്ക് തടസമാകുമെന്നാണ് ന്യൂനപക്ഷ സമുദായ സംഘടനകളുടെ ആശങ്ക.
നിലവില്‍ 50:50 എന്ന തോതിലാണ് പി.എസ്.സിയിലെ സംവരണം. ഭരണഘടന അനുശാസിക്കുന്ന പരമാവധി സംവരണവും 50 ശതമാനമാണ്. പി.എസ്.സിയില്‍ ഇപ്പോള്‍ ഒ.ബി.സി വിഭാഗത്തിനു 40 ശതമാനം സംവരണമുണ്ട്.
സംവരണത്തില്‍ കുറവുവരുത്താതെ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാനാണ് സര്‍ക്കാര്‍ നയം. അങ്ങനെയെങ്കില്‍ ഇതിനു ഭരണഘടനാ ഭേദഗതി വേണ്ടിവരും. മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുമ്പോള്‍ ജനറല്‍ വിഭാഗത്തിലെ സീറ്റുകള്‍ കുറയുന്നത് പിന്നാക്കക്കാരിലെ മികവുതെളിയിച്ചവര്‍ക്ക് വിനയാകും.
കേന്ദ്രത്തില്‍ ബി.ജെ.പിക്കും മുന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന നിലപാടാണ്. അതിനിടെ, ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കിയ സംവരണത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും ഉയരുന്നു.