തെറ്റ് തിരുത്തി യേശുദാസ് ഹരിവരാസനം വീണ്ടും പാടുന്നു

ശബരിമല :അയ്യപ്പൻറെ ഉറക്കുപാട്ടെന്ന് വിശേഷിപ്പിക്കുന്ന ഹരിവരാസനം തിരുത്തി റെക്കോര്‍ഡ് ചെയ്യുന്നു. ഹരിവാസനം വിശ്വമോഹനം എന്ന ഗാനത്തെ അനശ്വരമാക്കിയ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് തന്നെയാണ് ഈ ഗാനം വീണ്ടും ആലപിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറാണ് ഈ കാര്യം പറഞ്ഞത്.അമേരിക്കയിൽ ഉള്ള യേശുദാസുമായി ഇതിനെ സംബന്ധിച്ച് സംസാരിച്ചുവെന്ന്ന്നും യേശുദാസ് നാട്ടിലെത്തിയ ശേഷം റെക്കോർഡിങ് ഉണ്ടാകുമെന്നും എ പദ്മകുമാർ വ്യക്തമാക്കി.ഈ മാസം മുപ്പതിന് യേശുദാസ് കേരളത്തിൽ എത്തുമ്പോൾ ആകും റിക്കാർഡിങ് നടക്കുക.

1975ല്‍ സ്വാമി അയ്യപ്പന്‍ എന്ന സിനിമക്കായി സംഗീത സംവിധായകന്‍ ജി ദേവരാജന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ചതാണ് ആ ഗാനം. ഗാനത്തിന്റെ സ്വീകാര്യത മനസിലാക്കിയ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിന്നീട് എന്നും ശബരിമലയില്‍ അവസാന പൂജക്കുശേഷം ഈ ഗാനം കേള്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ അയ്യപ്പ ഭക്തന്‍ കൂടിയായ യേശുദാസ് ക്ഷേത്രത്തിനായി വീണ്ടും പാടിയ ഗാനമാണ് നട അടക്കുന്നതിനുമുന്നേ കേള്‍പ്പിക്കാറുള്ളത്.

ഹരിവരാസനം ചിട്ടപ്പെടുത്തിയപ്പോള്‍ മൂലകൃതിയില്‍നിന്നും ഒഴിവാക്കിയ സ്വാമി എന്ന പദവും, അരി വിമര്‍ദ്ദനം എന്ന വരിയിലെ ഉച്ചാരണ പിശകും തിരുത്തിയാകും റീ റെക്കോര്‍ഡ് ചെയ്യുന്നത്. മൂലകൃതിയില്‍ ഒരോ വരിക്കുശേഷവും ‘സ്വാമി’ എന്നുണ്ടായിരുന്നു. എന്നാല്‍ പാട്ട് ചിട്ടപ്പെടുത്തിയപ്പോള്‍ സൗകര്യത്തിനായി ആ വാക്ക് ഉപേക്ഷിക്കുകയായിരുന്നു. അതുപോലെ ശത്രുവിനെ നശിപ്പിക്കുക എന്നര്‍ത്ഥമുള്ള ‘അര വിമര്‍ദ്ദനം’ എന്ന വാക്കുകള്‍ ഒറ്റവാക്കായി ‘അരിവിമര്‍ദ്ദനം’ എന്നാണ് ആലപിച്ചിട്ടുള്ളത്. ഈ പിശക് മനസിലായപ്പോള്‍ വീണ്ടും തിരുത്തി പാടണമെന്നാണ് ആഗ്രഹമെന്ന് യേശുദാസും പറഞ്ഞിരുന്നു.