ടാക്‌സ് വെട്ടിച്ചതിനെ തുടര്‍ന്നു ഫഹദ് ഫാസില്‍ 17.68 ലക്ഷം രൂപ നികുതിയടച്ചു

പോണ്ടിച്ചേരി: ടാക്സ് വെട്ടിച്ചതിനെ തുടര്‍ന്നു മോട്ടോര്‍ വാഹനവകുപ്പ് നോട്ടിസ് നല്‍കിയ നടന്‍ ഫഹദ് ഫാസില്‍ 17.68 ലക്ഷ രൂപ നികുതിയടച്ചു. ആലപ്പുഴ റീജിണൽ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ദൂതന്‍ മുഖേനയാണ് നികുതിയടച്ചത്. പിവൈ 05 9898 രജിസ്‌ട്രേഷന്‍ നമ്പരിലുള്ള ബെന്‍സ് കാര്‍ കേരള റജിസ്‌ട്രേഷനിലേക്കു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഫഹദിന് ആര്‍ടിഒ ഒരാഴ്ചത്തെ സമയം അനുവദിച്ചു. 95 ലക്ഷം രൂപയാണു വാഹനവില. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത് ഉടമകള്‍ നികുതി വെട്ടിപ്പു നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നു പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ പാര്‍പ്പിട സമുച്ചയത്തില്‍ നടത്തിയ പരിശോധനയില്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്ത 10 വാഹനങ്ങളുടെ ഉടമകള്‍ക്കു മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കി. നടന്‍ ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന വാഹനവും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ചില കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കി മാറ്റിയ നിലയിലായിരുന്നു. മൂന്നു കോടി രൂപ വരെ വില വരുന്ന ആഡംബര കാറുകളാണു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഉടമകള്‍ സ്ഥലത്തില്ലെന്ന മറുപടിയാണു ലഭിച്ചത്. രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടിസ് ഉടമകള്‍ക്കു കൈമാറാന്‍ അയല്‍വാസികളെ ചുമതലപ്പെടുത്തിയിരുന്നു.