പ്രബുദ്ധ മലയാളിയുടെ രാഷ്ട്രീയ ചിന്തകൾ

അജയ് കുമാർ

മതവും രാഷ്ട്രീയവും ഒരുപോലെ വൈകാരികമായി ഹൃദയത്തിൽ സൂക്ഷിക്കുന്ന, ലോകത്തെ ഒരേ ഒരു ജനസമൂഹം, പ്രബുദ്ധ മലയാളി മാത്രമാണെന്ന് വർത്തമാന കാല സംഭവങ്ങൾ സൂചിപ്പിക്കുന്നു. ഭാരതം മുഴുവൻ സന്ദർശിച്ച സ്വാമി വിവേകാന്ദൻ, കേരളത്തെ മാത്രമെന്തേ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് എന്ന് വിലയിരുത്തേണ്ട സമയം അതിക്രമിച്ചു.

സ്വന്തം പാർട്ടിയിലുള്ള അന്ധമായ വിശ്വാസം, വിധേയത്വമായി വളർന്ന് തന്റേതല്ലാത്ത പാർട്ടിയെ കായികമായി ഉൻമൂലനം ചെയ്യുന്നവരും, തന്റെ മത വിശ്വാസങ്ങളെ വൃണപ്പെടുത്തുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കടുത്ത മത വിശ്വാസികളും പരസ്പരം വെട്ടി വീഴ്ത്തുമ്പോൾ പിടയുന്ന ജീവനുകൾ പലപ്പോഴും ഒരേ മതത്തിൽ നിന്നും ഉള്ളവരാണെന്ന യാഥാർഥ്യം മറന്നു പോകുന്നു.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി , മന്നത്ത് പത്മനാഭൻ തുടങ്ങിയ നവോത്ഥാന നായകർ ഉഴുതുമറിച്ച മലയാളിയുടെ ബൗദ്ധീക ചിന്തകളെ ജന്മിത്തത്തിനെതിരെ പാകപ്പെടുത്താൻ കമ്യുണിസ്റ്റ് ചിന്തകൾക്ക് അനായേസേന സാധിച്ചതുകൊണ്ടാണ് ലോകത്ത് തന്നെ മാതൃകയായി കേരളത്തിലെ ആദ്യ കമ്യുണിസ്റ്റ് സർക്കാരിന്റെ ജനനം. അങ്ങനെ നമ്മൾ മലയാളികൾ , പ്രബുദ്ധ കേരളം എന്ന് സ്വയം അഭിമാനിച്ചു.

പക്ഷെ ഹിന്ദു, ക്രിസ്ത്യൻ , മുസ്ലീം വർഗീയ കൂട്ടായ്മ മുൻപോട്ടു വെച്ച വിമോചന സമരത്തിന്, ഗാന്ധിയൻ മൂല്യങ്ങളുടെ വിലയറിയാത്ത നെഹ്റു സർക്കാർ പച്ചക്കൊടി കാണിച്ചപ്പോൾ തകർന്നു വീണത് മലയാളിയുടെ പ്രബുദ്ധ ചിന്തകളല്ലേ എന്ന് നമ്മൾ വിലയിരുത്താൻ മടികാണിക്കുന്നു. തീർന്നില്ല, സ്വതന്ത്ര ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തിരാവസ്ഥ കാലത്ത് കേരളം ഭരിച്ചത് ഒരു കമ്യുണിസ്റ്റ് മുഖ്യൻ ആയിരുന്നു എന്ന വസ്തുത പുരോഗമന, ചിന്തകളും, മൂല്യങ്ങളും ആവർത്തിച്ചു പറയുന്നവർ ഇന്നും വിലയിരുത്തുന്നില്ല. തുടർന്ന് വന്ന ദേശീയ തിരഞ്ഞെടുപ്പിൽ, വടക്കേ ഇന്ത്യയിലെ നിരക്ഷരരായ ഗ്രാമീണർ, ഏകാധിപതിയെ പടിയിറക്കിയപ്പോൾ, ഇരുപത് എം പി മാരെയും തിരഞ്ഞെടുത്ത്, അടിയന്തരാവസ്ഥക്ക് അനുകൂലമായ വിധി എഴുതിയതും നമ്മൾ പ്രബുദ്ധ മലയാളികളികൾ.

കേരളത്തിൽ മാറി, മാറി മുന്നണി രാഷ്ട്രീയം പരീക്ഷിക്കുന്ന മലയാളി, മുന്പോട്ടു വെച്ച കൂട്ടു കക്ഷിഭരണം ദേശീയ ശ്രദ്ധ നേടിയെങ്കിലും, വികസന കാര്യത്തിൽ കേരളം തൊട്ടടുത്ത സംസ്ഥാനങ്ങളിലും പിന്നിലാണെന്ന യാഥാർഥ്യം മറന്നു പോകുന്നു.

കക്ഷി രാഷ്ട്രീയത്തിന്റെ തടവറയിൽ നിന്ന്, പരസ്പ്പരം പോർവിളിക്കുന്ന അരാഷ്ട്രീയ നിലയിലേക്ക് മലയാളി വളരുന്നു എന്ന് വർത്തമാനകാല സംഭവങ്ങൾ വിലയിരുത്തുന്നു. ഒരു ഭാഗത്ത് ലോക ഭീകര സംഘടനയിലേക്ക് ഒഴുകുന്ന മലയാളി , മറു ഭാഗത്ത് രാഷ്ട്രീയ വൈര്യം മൂത്ത് പരസ്പ്പരം വെട്ടി മരിക്കാൻ തയാറായി നിൽക്കുന്നവർ. കണ്ണൂർ മലയാളിക്ക് സുപരിചിതം, ഇന്ന് തിരുവനന്തപുരം, കണ്ണൂരിന്റെ പാതയിലേക്ക് പതുകെ പതുക്കെ നീങ്ങുന്നു. സോഷ്യൽ മീഡിയായിൽ പരസ്പ്പരം വെല്ലുവിളിക്കുന്ന, അഭ്യസ്ത വിദ്യരായ , സ്ത്രീ, പുരുഷ , സുഹൃത്തുക്കളുടെ നിലപാടുകൾ ഭയമുണ്ടാക്കുന്നു.

ജാതി മത , സ്വാർഥ നിലപാടുകളുടെ തടങ്കലിൽ, അടിമകളായി മാറിയ പ്രബുദ്ധ മലയാളിയുടെ രാഷ്ട്രീയ ചിന്തകൾ എങ്ങോട്ടാണ് പോകുന്നത്?

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ