ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലേക്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യ ഇളവ് ഹൈക്കോടതി നല്‍കിയ സാഹചര്യത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും.സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കില്‍ പൊലീസിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി പറഞ്ഞിരുന്നു.സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം ഗൗരവമുള്ളതെന്നു വിലയിരുത്തിയ ഹൈക്കോടതി, വിദേശത്തെ വിലാസം അന്വേഷണ സംഘത്തിനു നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഹർജിയില്‍ വിശദീകരണം തേടി അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണു പൊലീസ്. ദിലീപടക്കം 11 പേരാണു പ്രതികള്‍. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക.
ജാമ്യത്തിലിറങ്ങിയ ദിലീപ് മൂന്നു സാക്ഷികളെ സ്വാധീനിച്ചെന്നാണു പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് . എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം ഹൈക്കോടതിയില്‍ വാദിച്ചു. ‘ദേ പുട്ട്’ ഹോട്ടലിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഏഴു ദിവസത്തേക്കു പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.