EXCLUSIVE: ഓവര്‍സീസ് അവകാശം വാങ്ങുന്ന താരങ്ങള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിക്കുന്നു

സൂപ്പര്‍താരങ്ങളുടെ ആദര്‍ശം പറച്ചില്‍ വെറും തട്ടിപ്പ്

-ക്രിസ്റ്റഫര്‍ പെരേര-
തിരുവനന്തപുരം: മലയാള സിനിമകളുടെ വിദേശ പ്രദര്‍ശന അവകാശം പ്രതിഫലമായി എഴുതി വാങ്ങുന്ന താരങ്ങള്‍ ഇരുപത് വര്‍ഷമായി കോടിക്കണക്കിന് രൂപയുടെ നികുതിയാണ് വെട്ടിക്കുന്നത്. നിര്‍മാതാക്കളില്‍ ഭൂരിപക്ഷവും ഇതിന് കൂട്ടു നില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്ഥിരമായി സിനിമ നിര്‍മിച്ചുകൊണ്ടിരുന്ന ബാനറുകളെ ഒഴിവാക്കി പുതിയ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് നല്‍കുന്നതിന് പിന്നിലെ രഹസ്യം ഇതാണെന്ന് മുപ്പത് വര്‍ഷത്തിലധികമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ‘വൈഫൈ റിപ്പോര്‍ട്ടറോട്’ പറഞ്ഞു. കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ 50 ലക്ഷം രൂപയില്‍ താഴെ കേരളത്തില്‍ വാങ്ങുകയും ബാക്കി ഓവര്‍സീസായി വാങ്ങുകയുമാണെന്ന് മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് ബൈജു കൊട്ടാരക്കര പ്രസ്താവന നടത്തിയതിന് ശേഷമാണ് ‘വൈഫൈ റിപ്പോര്‍ട്ടര്‍’ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്.
താരങ്ങളുടെ നികുതി അടയ്ക്കുന്നത് നിര്‍മാതാക്കള്‍
പല താരങ്ങളും ഇവിടെ വാങ്ങുന്ന തുകയുടെ നികുതി അടയ്ക്കാറില്ല. ഡബ്ബിംഗിന് വരുന്നതിന് മുമ്പ്  നിര്‍മാതാവ് ടാക്‌സ് ഉള്‍പ്പെടെ അടച്ച രസീത് താരങ്ങളുടെ മാനേജര്‍മാരെ ഏല്‍പ്പിക്കണം എന്നതാണ് ചില താരങ്ങളുടെ നിയമം. സിനിമയില്ലാതെ വീട്ടിലിരിക്കുന്ന ഒരു നായകനടനെ കേന്ദ്രകഥാപാത്രമാക്കി സിനിമ എടുക്കാന്‍ ചെന്ന സംവിധായകനോട് ആദ്യം പറഞ്ഞത് എനിക്ക് ഒരു കോടി രൂപ തരണം, എങ്കിലേ അഭിനയിക്കൂ. ഇല്ലെങ്കില്‍ താല്‍പര്യമില്ല. രണ്ട് കോടി രൂപ പോലും ഈ നടന്റെ സിനിമകള്‍ക്ക് സാറ്റലൈറ്റ് അവകാശം കിട്ടില്ലെന്ന് ഓര്‍ക്കണം. ഒടുവില്‍ നിര്‍മാതാവും സംവിധായകനും വഴങ്ങി. ഷൂട്ടിംഗ് തീര്‍ന്ന ശേഷം ഡബ്ബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ പ്രതിഫലത്തിന്റെ ബാക്കിയും ടാക്‌സും അടച്ചതിന്റെ രസീതുമായി വരാന്‍ നിര്‍ദ്ദേശിച്ചു. അപ്പോഴേക്കും രണ്ട് നിര്‍മാതാക്കളില്‍ ഒരാള്‍ പ്രോജക്ട് ഉപേക്ഷിച്ച് പോയിരുന്നു. മറ്റേയാള്‍ സര്‍വീസ് ടാക്‌സ് ഉള്‍പ്പെടെ അടച്ചു. ബാക്കി തുകയും നല്‍കി. പടം തിയേറ്ററിലെത്തി എട്ട്‌നിലയില്‍ പൊട്ടി.
പുതിയ നിര്‍മാതാക്കളെ പറ്റിക്കുന്ന കിളികള്‍
മാര്‍ക്കറ്റുള്ള താരത്തിന്റെ ഡേറ്റുണ്ടെങ്കില്‍ എത്ര കോടിവേണമെങ്കിലും തരാന്‍ ചെന്നൈയില്‍ ആളുണ്ട്. പ്രൊഡ്യൂസറായി ചുമ്മാ നിന്ന് കൊടുത്താ മതി. കാര്യങ്ങള്‍ നടക്കും. താരങ്ങളുമായി അടുപ്പമുള്ളവര്‍ ഡേറ്റ് വാങ്ങിയിട്ട് ഏതെങ്കിലും പുതിയ നിര്‍മാതാവുമായി ചേര്‍ന്ന് സിനിമ ചെയ്യും. അടുപ്പക്കാരന് അഞ്ച് പൈസ മുടക്ക് കാണില്ല.  ലാഭം കിട്ടായാല്‍ തുല്യമായി വീതിക്കും നഷ് ടം സംഭവിച്ചാല്‍ പുതിയ നിര്‍മാതാവ് സഹിക്കണം. ആ രീതിയിലാണ് കരാര്‍ ഒപ്പിടുന്നത്. അങ്ങനെ സിനിമ പരാജയപ്പെട്ട, ആറ്റിങ്ങലിലുള്ള ഒരു തിയേറ്റര്‍ ഉടമയായ നിര്‍മാതാവ് തിരുവനന്തപുരത്തുള്ള സംവിധായകനെതിരെ ( ഇയാള്‍ ഒരു താരത്തിന്റെ കിളിയായിരുന്നു) കേസ് കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒപ്പിട്ട കരാറുമായി  വക്കീലാപ്പീസില്‍ ചെന്നപ്പോഴാണ് കരാറിലെ ചതി നിര്‍മാതാവ് അറിയുന്നത്.
ഡിജിറ്റലായതോടെ ഓവര്‍ സീസ് കുതിച്ചു
സിനിമ ഫിലിമില്‍ നിന്ന് ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറിയതോടെ വേള്‍ഡ് മാര്‍ക്കറ്റായി. മലയാളികളുള്ള രാജ്യങ്ങളിലെല്ലാം സിനിമ റിലീസാകുന്നു. ഇതോടെ ഓവര്‍സീസ് അവകാശവും കുതിച്ചു. പുലിമുരുകന് 10 കോടിയാണ് ലഭിച്ചത്. പക്ഷെ, നിര്‍മാതാവ് ബുദ്ധിയുള്ളവനായത് കൊണ്ട് അത് എഴുതിക്കൊടുത്തില്ല. പിന്നെ വിദേശങ്ങളിലെ ഡി.വി.ഡി, ബ്ലൂറേ അവകാശങ്ങള്‍ ഏതാണ്ട് അരക്കോടിയോളം രൂപയ്ക്കാണ് വില്‍ക്കുന്നത്. ചിലപ്പോള്‍ അതിലും കൂടും. ഓവര്‍സീസ് വഴി ലഭിക്കുന്ന തുക പല താരങ്ങളും ദുബയിലും മറ്റും ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ട്. ചിലര്‍ ഹോട്ടല്‍ ബിസിനസ്, ഇലക്ട്രോണിക് ഷോപ്പുകള്‍ എന്നിവ നടത്തുന്നു. എന്നാലിത്  ഓവര്‍സീസ് തുകയായ കോടിക്കണക്കിന് രൂപ നികുതി വെട്ടിച്ച് നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള തന്ത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം.
താരത്തിന്റെ ഭാര്യയ്ക്ക് ദുബയില്‍ ഹോട്ടല്‍
ഒരു താരത്തിന്റെ ഭാര്യ ദുബയില്‍ റസ്റ്റോറന്റ് നടത്തുകയാണ്. ഇതിനടുത്ത് തന്നെ ഫ്‌ളാറ്റുമുണ്ട്. ഷാരൂഖാന്‍ വാങ്ങിയത് പോലെ ദുബയില്‍ ചെറിയ ദ്വീപും താരം വാങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പുറമേ പെട്രോളിന്റെ ബിസിനസും ഉണ്ടെന്ന് താരവുമായി അടുത്ത് ബന്ധമുള്ളവര്‍ പറയുന്നു. മുമ്പ് നാട്ടില്‍ പല ബിസിനസുകളും നടത്തി പരാജയപ്പെട്ടപ്പോഴാണ് വിദേശത്തേക്ക് മാറിയത്.
യുവനടന്റെ അമ്മയ്ക്ക് വിദേശത്ത് ബിസിനസ്
പ്രമുഖ യുവനടന്റെ അമ്മ വിദേശത്ത് ബിസിനസ് നടത്തുകയാണ്. നാട്ടില്‍ ചുമ്മാതിരുന്ന അമ്മ മകന് നല്ല പ്രതിഫലം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് വിദേശത്തേക്ക് പറന്നത്. ഇതിന്റെ രഹസ്യം എന്താണെന്ന് സിനിമയിലുള്ളവര്‍ക്കറിയാം. മാസത്തില്‍ ഒരു തവണ മകന്‍ അമ്മയെ കാണാന്‍ പറക്കും. ഇപ്പോള്‍ രണ്ട് കോടിയാണ് ഇദ്ദേഹം പ്രതിഫലം വാങ്ങുന്നത്. എന്നാല്‍ പല നിര്‍മാതാക്കളോടും പല രീതിയിലാണ് വാങ്ങുന്നത്.
താരപുത്രന് ദുബയില്‍ ബിസിനസ്
പ്രമുഖ താരത്തിന്റെ ദുബയ്‌കേന്ദ്രീകരിച്ചുള്ള ബിസിനസുകളെല്ലാം മകനാണ് നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അടുത്തകാലത്ത് മകനും ബിസിനസ് തുടങ്ങി. ഇതിനിടെ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു. അതോടെ വേറെ ആളുകളെ വച്ചാണ് ബിസിനസ് നിയന്ത്രിക്കുന്നത്. ചെന്നൈയിലും ബാംഗ്ലൂരിലും ഇവര്‍ പലതരത്തിലുള്ള ബിസിനസുകള്‍ നടത്തുന്നുണ്ട്.