പി.വി. അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ് നേതൃത്വവും

ജോളി ജോളി

പി.വി. അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ക്കെതിരേ നേതൃത്വം പ്രഖ്യാപിച്ച പ്രക്ഷോഭങ്ങളെല്ലാം മലപ്പുറം, കോഴിക്കോട് ഡി.സി.സികള്‍ മുക്കി.അന്‍വറിന്റെ നിയമലംഘനങ്ങള്‍ അനുദിനം മാധ്യമവാര്‍ത്തകളാകുമ്പോഴും അതേപ്പറ്റി മൗനംപാലിച്ച്‌, ഗെയ്ല്‍ പദ്ധതിക്കെതിരേ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് നടത്തിയ നിരാഹാരസമരം പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു..
കക്കാടംപൊയിലിലെ അന്‍വറിന്റെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന്റെ മാനേജര്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റാണെന്ന വിവരം പാര്‍ട്ടി ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്തിന്റെ പ്രസിഡന്റ് തന്നെയാണു വെളിപ്പെടുത്തിയത്.

കൂടരഞ്ഞി പഞ്ചായത്തിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ക്കിനെ ചുറ്റിപ്പറ്റി ജീവിക്കുന്നുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പു വേളയില്‍ അന്‍വറില്‍നിന്നു വന്‍തുക പ്രാദേശികനേതൃത്വങ്ങള്‍ കൈപ്പറ്റാറുണ്ടെന്നു കോണ്‍ഗ്രസ് ഭാരവാഹികള്‍തന്നെ സമ്മതിക്കുന്നു.
നിയമം ലംഘിച്ച പാര്‍ക്കിനു പഞ്ചായത്ത് ലൈസൻസ് നല്‍കിയതു കോണ്‍ഗ്രസ് പ്രാദേശികനേതൃത്വത്തിന് അന്‍വറിനോടുള്ള മമതയ്ക്കു ദൃഷ്ടാന്തമാണ്.നിലമ്പൂരിൽ ഇടതുസ്വതന്ത്രനായാണു നിയമസഭാംഗമായതെങ്കിലും അന്‍വര്‍ പഴയ കോണ്‍ഗ്രസ് നേതാവാണ്.

കക്കാടംപൊയിലിലിലെ പാര്‍ക്കിനെതിരായ യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുമെന്നായിരുന്നു കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖിന്റെ പ്രഖ്യാപനം.മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശും സമരം പ്രഖ്യാപിച്ചു. എന്നാല്‍, അതെല്ലാം വെള്ളത്തില്‍ വരച്ചവരയായി.
പാര്‍ക്കിന് അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതിക്കെതിരേ നടപടിയെടുക്കാന്‍പോലും ഡി.സി.സി. നേതൃത്വത്തിനു കഴിഞ്ഞില്ല.
നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിലേക്കു നടത്തിയ പ്രതിഷേധപ്രകടനത്തോടെ മലപ്പുറം ഡി.സി.സിയുടെ സമരം അവസാനിച്ചു.

ഭൂപരിധിനിയമം ലംഘിച്ച്‌ അന്‍വര്‍ ഭൂമി െകെവശംവയ്ക്കുന്നതായി തെളിവുകള്‍ പുറത്തുവന്നിട്ടും ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അനങ്ങിയില്ല.പകരം ഗെയ്ല്‍ പദ്ധതിക്കെതിരേ നിരാഹാരസമരം നടത്തി.നിരാഹാരം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി. മുന്‍അധ്യക്ഷന്‍ വി.എം. സുധീരന്‍ അന്‍വറിനെതിരേ ആഞ്ഞടിച്ചപ്പോഴും ഡി.സി.സി. പ്രസിഡന്റ് മൗനം ഭൂഷണമാക്കി.
കെ. മുരളീധരനൊപ്പം ഡി.ഐ.സിയിലും അന്‍വര്‍ പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിൽ കോണ്‍ഗ്രസിലെ ഒരുവിഭാഗം അന്‍വറിനെ പിന്തുണച്ചതായി ആരോപണമുയര്‍ന്നിരുന്നു.

ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശ് ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ സജീവമായിരുന്നില്ല. നിലമ്പൂരിൽ തോല്‍വി രുചിച്ച ആര്യാടന്‍മാര്‍ നിലവില്‍ അന്‍വറിനെതിരേ രംഗത്തുണ്ടെങ്കിലും പരസ്യപ്രതിഷേധത്തിന് അവര്‍ക്കും ധൈര്യം പോരാ.രണ്ടു പാർട്ടിയെയും ഒരുപോലെ കയ്യിലെടുക്കാനുള്ള അസാമാന്യ മെയ് വഴക്കമാണ് അൻവറിനെ വ്യത്യസ്തനാക്കുന്നത്.