എനിക്ക് ഇപ്പ കാണണം, അച്ഛേ ദിൻ !

ബിജു നായർ

രാവിലെ ജോലിക്ക് പോയ അച്ഛൻ, വൈയ്യൂട്ട് ദിനേശ് ബീഡിയും പരിപ്പ് വടയുമൊക്കെയായിട്ട് തിരിച്ച് വരുന്നത് പോലെ ഈസിയാണ് അച്ഛേ ദിൻ കൊണ്ട് വരാനെന്നാണ് എന്റെ ചില ഉത്തമ സുഹൃത്തുക്കളൊക്കെ ധരിച്ച് വശായിരിക്കുന്നത്.
അത് കൊണ്ട് തന്നെ, എന്നും വൈകുന്നേരം, അവര് കണ്ണില് സ്വല്പം ക്രൂഡ് ഓയിലുമൊക്കെ ഒഴിച്ച് , ഫേസ്ബുക്കിന്റെ ഉമ്മറപ്പടിയില് തന്നെ, അപ്പ വരും, ഇപ്പ വരും, കണ്ടില്ലല്ലോ, കണ്ടില്ലല്ലോ, എന്നൊക്കെ പറഞ്ഞ് വായും നോക്കി ഇരിക്കേം ചെയ്യും.
പക്ഷേ കാത്തിരുന്ന് കാത്തിരുന്ന് അവരിൽ പലരുടെയും കണ്ട്രോള് വിട്ട് തുടങ്ങി എന്നാണ് തോന്നണത്. ഇപ്പൊ ദേ അവര്, ഇന്ധന വില കൂട്ടി, തീപ്പെട്ടിയുണ്ടോ സഖാവേ കുറച്ച് പെട്രോളെടുക്കാൻ എന്നൊക്കെ പറഞ്ഞ്, തെരുവിലിറങ്ങി, കണ്ണികണ്ടതെല്ലാം അടിച്ചുപൊളിയാക്കാൻ വരെ ആഹ്വാനം ചെയ്യെയാണ്.
ഇതൊരു രോഗമാണോ ഡോക്ടർ?
തീർച്ചയായും സഖാവേ!
ആധുനിക വൈദ്യശാസ്ത്രത്തിൽ നമ്മൾ ഇതിനെ അച്ഛേ ദിൻ ഡെഫിഷ്യൻസി സിൻഡ്രോം അഥവാ ADDS എന്ന് പറയുന്നു.
‘മോടി’ പറയുന്നതാണെന്നൊന്നും വിചാരിക്കരുത്, പക്ഷേ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചാ പോലും, ചികിത്സിച്ച് നേരെയാക്കാൻ, വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു സൈക്കളോടിക്കൽ അവസ്ഥാന്തരമാണിത്.
പെട്രോളിനു വല്ലാതെ വില കൂടിയത് കാരണം രാവിലെ എഴുന്നേറ്റാ, പല്ലു തേക്കാനോ, മുഖം കഴുകാനോ പോലും പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു മുറവിളി കൂട്ടുന്നത് ഇതിന്റെ വെറുമൊരു തുടക്കം മാത്രം.
പക്ഷേ ഇതൊക്കെ ആ ADD (ആട്) പയലുകളുടെ വെറും ഉഡായിപ്പാണെന്നാണ് വേൾഡ് ബാങ്ക് വരെ പറയുന്നത്.
വേൾഡ് ബാങ്ക് കണക്ക് പ്രകാരം, ഇന്ത്യൻ ജനതയുടെ 58% പേരും ദിവസേന 3.10 ഡോളറിൽ താഴെ മാത്രം വരുമാനം ഉള്ള പട്ടിണിപാവങ്ങളാണ്. അത് കൊണ്ട് തന്നെ ദിവസേന എത്ര ലിറ്ററ് പെട്രോള് വാങ്ങിച്ച് കത്തിച്ച് കളയാൻ പറ്റുമെന്നൊന്നും നോക്കിയല്ല അവര് അവരുടെ അച്ഛേ ദിൻ അളക്കുന്നത്.
പിന്നെയുള്ളത് നമ്മുടെ ടോപ് 10%.
ഏത് കാട്ടിലോട്ടും മലയിലോട്ടും വരെ ഓടിച്ചു കേറ്റാൻ പറ്റുന്ന, ഒരു ചെറു കുടുംബത്തിന് വേണേ സ്ഥിരമായി താമസിക്കാൻ വരെ പറ്റുന്ന, ഗമണ്ടൻ ഓഫ്-റോഡ് വണ്ടികളുടെ ഗുണഭോക്താക്കൾ. ജോലിക്ക് പോകുക, വാരാന്ത്യത്തില് മാളുകളിലേക്ക് പോകുക തുടങ്ങിയ അതിസാഹസകരമായ കാര്യങ്ങൾക്ക് അവർ അത് ഇടതടവില്ലാതെ ഉപയോഗിക്കുന്നു. പെട്രോളിന്റെ വിലയൊക്കെ അവര് അറിയുന്നത് തന്നെ നമ്മുടെ ADD (ആട്) കുട്ടന്മാര് ഇടുന്ന ഫേസ്ബുക്ക് പോസ്റ്റുകളൊക്കെ കാണുമ്പഴാണ്. ഇന്ത്യ പൊന്നും വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ധനമൊക്കെ ആവശ്യത്തി കൂടുതല് വാങ്ങിച്ച് കത്തിച്ച് കളയാനും മറ്റും സാധിക്കുന്നതില് അവർക്ക് തീർത്താ തീരാത്ത അഭിമാനവുമുണ്ട്.

ചുരുക്കി പറഞ്ഞാ, ആൾറെഡി തന്നെ സാധനം കയ്യിലുണ്ട്. ആരുടെ? അവരുടെ? എന്തോന്ന്? അച്ഛേ ദിൻ!
ബാക്കി ശേഷിക്കുന്നതോ? ഏതാണ്ട് 30% വരുന്ന നമ്മളെപോലുള്ളവർ.
അവരിൽ ADD രോഗബാധിതരുമുണ്ട്, ആ രോഗികളുടെ പൊറാട്ടു നാടകമൊക്കെ കണ്ടു കണ്ണ് ബൾബ് ആയി നില്ക്കുന്ന നിർദോഷരായ വഴിപോക്കരുമുണ്ട്.
ശരിയാണ്, നമ്മുടെ ജീവിത ചെലവുകളിൽ നിന്നും നമുക്ക് മിച്ചം പിടിക്കാൻ പറ്റുന്ന തുകയുടെ കാര്യത്തില് ഈ ഇന്ധന വിലയും, GST-യും, ആദായ നികുതിയുമെല്ലാം വല്ലാത്ത പാരകൾ തന്നെ.
അങ്ങനെ നോക്കുമ്പോ, ഇങ്ങനെ പോവെയാണെങ്കില്, അച്ഛേ ദിനിന്റെ കാര്യമെല്ലാം ഡെർബേ കുചേ, തന്നെ അല്ല്യോ?
അങ്ങനങ്ങു തീരുമാനിക്കാൻ വരട്ടെ!
കമ്മ്യൂണിസ്റ് ചൈന ലോകത്തിന്റെ ഏറ്റവും വില കുറഞ്ഞ ഫാക്ടറിയായതും അത് വഴി വൺ സാമ്പത്തിക മുന്നേറ്റം നേടിയതുമൊക്കെ നമുക്ക് എല്ലാവർക്കുമറിയാം. എന്നാൽ ആ മുന്നേറ്റത്തിന് അവിടുത്തെ ജനങ്ങൾ നൽകേണ്ടി വന്ന വലിയ വിലയോ?
ദശലക്ഷക്കണക്കായ ചൈനീസ് തൊഴിലാളികൾ അവരുടെ ചോരനീരാക്കി, പകലെന്നോ രാത്രിയെന്നോ ഇല്ലാതെ, മനുഷ്യത്വത്തിന് നിരക്കാത്ത തൊഴിൽ സാഹചര്യങ്ങളിൽ, സ്വന്തം താത്പര്യങ്ങൾക്ക് പോലും വിരുദ്ധമായി, ആഗോള മുതലാളിത്ത വ്യവസ്ഥിതിയുടെ അടിമകളെ പോലെ പണിയെടുക്കുക വഴിയാണ് ഇന്ന് നമ്മള് കാണുന്ന അംബരചുംബികളായ കെട്ടിടങ്ങളും, നീണ്ടു പരന്നു കിടക്കുന്ന ഹൈവേകളും എല്ലാം ചൈനക്കാര് ഉണ്ടാക്കിയെടുത്തത്.
എന്തിനേറെ, ആപ്പിൾ കമ്പനിയുടെ ഐഫോണും മറ്റും ചൈനയിൽ വച്ച് നിർമിക്കുന്ന ഫോക്സ്കോൻ എന്ന കമ്പനിയുടെ ബഹുനില കെട്ടിടങ്ങൾക്ക് ചുറ്റും വളരെ വിസ്തൃതിയിൽ അവര് കൂറ്റൻ നെറ്റുകള് വലിച്ച് കെട്ടിയിട്ടുണ്ട്. അവരുടെ തൊഴിലാളികൾക്ക് ഒഴിവ് സമയങ്ങളിൽ സർക്കസ് കളിച്ച് പഠിക്കാനൊന്നുമല്ല. പിന്നെയോ? അവിടുത്തെ മനം മടുക്കുന്ന ജീവിത സാഹചര്യങ്ങളാൽ പൊറുതിമുട്ടി, കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നവരെ വലയിട്ട് പിടിച്ച് വീണ്ടും കമ്പനിയിലേക്ക് തന്നെ തിരിച്ചു കൊണ്ട് വരാനാണീ നെറ്റ്.

“എംപ്ലോയീ റീടെൻഷൻ – അഥവാ തൊഴിലാളികൾ വിട്ടുപോകാതിരിക്കാൻ” കമ്പനികൾ സ്വീകരിക്കുന്ന മാർഗങ്ങളിൽ ഞാൻ കേട്ടിട്ടുള്ളതിൽ വച്ചേറ്റവും നൂതനമായ സാങ്കേതികവിദ്യ. തൊഴിലാളികളുടെ ഉന്നമനം മുഖമുദ്രയായി വച്ച് നീട്ടുന്ന കമ്മ്യൂണിസത്തിന്റെ, നമ്മുടെ സഖാക്കളിൽ പലർക്കും അറിഞ്ഞുകൂടാത്തതോ, അതോ അറിഞ്ഞൂടെന്ന് നടിക്കുന്നതോ ആയ, ഏകാധിപത്യത്തിന്റെ മറ്റൊരു ഭീകര മുഖം.

ഏതായാലും സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കുന്ന നമ്മുടെയൊക്കെ ഭാഗ്യമെന്ന് പറഞ്ഞാ മതിയല്ലോ. ഇവിടെ, ഇത് പോലെ പാവങ്ങളെ ഞെക്കിപ്പിഴിഞ്ഞുള്ള സ്വേച്ഛാധിപത്യപരമായ വികസനവും വിപ്ലവവും ഒന്നും കൊണ്ട് വരാൻ ആര് വിചാരിച്ചാലും സാധിക്കില്ല.

അവിടെയാണ് നമ്മള് പഴയ മാർക്സിസമൊക്കെ വിട്ട് പുതിയ വഴികള് തേടുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ‘ദാസ് ക്യാപിറ്റൽ’ എന്ന പുസ്തകം രചിക്കുക വഴി പുതു തലമുറയുടെ കാറൽ മാർക്സ് എന്ന പേരിൽ ആഗോളപ്രശസ്തി നേടിയ ഫ്രഞ്ച് സാമ്പത്തികശാസ്ത്രജ്ഞൻ, തോമസ് പിക്കെറ്റിക്ക് പറയാനുള്ളതെന്താണെന്ന് നമുക്ക് ശ്രദ്ധിക്കാം:
“ … മേലേത്തട്ടിലുള്ള ആളുകളുടെ മേൽ ചുമത്തുന്ന നികുതി വഴി ലഭിക്കുന്ന അധിക വരുമാനം, താഴേക്കിടയിലുള്ള 50-70% ആളുകളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ചിലവാക്കുകയാണെങ്കിൽ, അത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടാനും, സാമ്പത്തിക അസമത്വം കുറയ്ക്കാനും തീർച്ചയായും ഉപകാരപ്പെടും … ”
അപ്പം അതാണ് കാര്യം.
നമ്മുടെ കയ്യീന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം, കഴിഞ്ഞ ഒന്ന് രണ്ട് സർക്കാരുകളുടെ കാലത്തെന്ന പോലെ വല്ലവനും കയ്യിട്ട് വാരികൊണ്ട് പോകാൻ സമ്മതിക്കാതെ, അത് ഇന്നാട്ടിലെ കോടാനുകോടി വരുന്ന പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ചിലവഴിക്കുകയാണെങ്കിൽ അച്ഛേ ദിനൊക്കെ എപ്പം വന്നെന്ന് ചോദിച്ചാ മതി.
മുമ്പൊരിക്കൽ, ലോക ചരിത്രത്തിലെ ഇത് പോലൊരു നിർണായക കാലഘട്ടത്തില്, അച്ഛേ ദിനും ചോദിച്ചു വന്ന ചില കൊച്ച് അമേരിക്കക്കാരോട് അവരുടെ പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഇങ്ങനെ പറയുകയുണ്ടായി:
” നിങ്ങടെ രാജ്യത്തിന് നിങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നല്ല, മറിച്ച് നിങ്ങൾക്ക് നിങ്ങടെ രാജ്യത്തിന് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്ന് ചോദിക്കൂ…”
അതല്ലേ ഹീറോയിസം?
അങ്ങനെയല്ലേ അച്ഛേ ദിൻ കൊണ്ട് വരേണ്ടത്?
അതല്ലാതെ നമ്മുടെ പ്രധാനമന്ത്രി മാത്രം വിചാരിച്ചാ, എവിടെന്നെടുത്തിട്ട് കൊണ്ടുവരാനാണീ അച്ഛേ ദിൻ എന്നൊക്കെ പറയുന്ന സാധനം.
ശരിയാണ്. പക്ഷേ, നമ്മുടെ കയ്യിലിരിക്കുന്ന പൈസയൊക്കെ എടുത്ത് അച്ഛേ ദിൻ എന്നൊക്കെ പറഞ്ഞ് അടിച്ച് പൊളിച്ച് കളഞ്ഞാ പിന്നെ നമ്മുടെ കുഞ്ഞുകുട്ടി പരാധീനതകളുടെ കാര്യമൊക്കെ എന്താകുമെന്നല്ലേ?
അവിടെയാണ് നമ്മുടെ മാത്രം ബച്ചേ ലോഗിനുള്ള അച്ഛേ ദിൻ ആണോ, അതോ ഇന്ത്യയ്ക്ക് ഒട്ടാകെയുള്ള അച്ഛേ ദിൻ ആണോ നമ്മൾ വിഭാവനം ചെയ്യുന്നത്, എന്നുള്ള ചോദ്യം ഉയർന്ന് വരുന്നത്.
സുസ്ഥിരവും, സുഭദ്രവും, സമ്പത് സമൃദ്ധവുമായ ഒരു ഭാരതം നമ്മുടെ വരുംതലമുറയ്ക്ക് കൈമാറാനല്ലേ നമ്മൾ കൂടുതൽ ബദ്ധശ്രദ്ധരാകേണ്ടത്? അതല്ലേ നമ്മളാൽ അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ പാരമ്പര്യസ്വത്ത്!
അതെ. അതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ വിഷൻ! അതാണ് ഓൺ പറഞ്ഞ അച്ഛേ ദിൻ!

ആ സ്വപ്ന ലോകത്തേക്കുള്ള നീണ്ട യാത്രയിൽ, ഒരു പാട് പെട്രോളൊന്നും കത്തിക്കാതെ, “ഗ്രീൻ” ആയി തന്നെ നമുക്കവിടെ ചെന്നെത്താൻ കഴിയുമെങ്കി, അതല്ലേ, നമുക്കും, നമ്മുടെ രാജ്യത്തിനും, എന്തിന് ഈ ഭൂഗോളത്തിന് തന്നെയും ഏറ്റവും സവിശേഷമായത്?
അതല്ലേ യഥാർത്ഥ അച്ഛേ ദിൻ?
നിങ്ങള് തന്നെ ആലോചിച്ച് തീരുമാനിക്ക് .
നിങ്ങളേവർക്കും, ഏറ്റം ശുഭകരവും, സന്തോഷകരവുമായ അച്ഛേ ദിനുകൾ ആശംസിച്ചു കൊണ്ട് നിറുത്തട്ടെ!
നന്ദി! നമസ്കാരം!
ജയ് ഹിന്ദ്!

https://www.facebook.com/biju.nair.98