പാർട്ടിയെ പ്രതിസന്ധിയിലാക്കിയ മുൻ എംപി കെ.ഇ.ഇസ്മായിലിനെതിരെ സിപിഐ നടപടി

തിരുവനന്തപുരം: എൽഡിഎഫ് പ്രതിനിധി സ്ഥാനത്തുനിന്ന് ദേശീയ എക്സിക്യുട്ടീവ് അംഗം ഇസ്മായിലിനെ സിപിഐ ഒഴിവാക്കി. തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയതിനാണു നടപടി. സിപിഐ സംസ്ഥാന നിർവാഹകസമിതിയാണു നടപടിയെടുത്തത്. പാർട്ടി നിലപാടിനെതിരെ പ്രതികരിച്ചെന്നു കണ്ടെത്തിയാണു നടപടി. കൂടുതൽ നടപടിക്ക് ദേശീയ നിർവാഹക സമിതിയോടു ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. താന്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ സംസാരിച്ചില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഇസ്മായില്‍ നേരത്തെ പറഞ്ഞിരുന്നു.
തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് എം.പി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി ശുപാര്‍ശ ചെയ്തിട്ടാണെന്നായിരുന്നു കെ.ഇ.ഇസ്മായില്‍ പറഞ്ഞത്. സിപിഐ ലോക്കല്‍, മണ്ഡലം, ജില്ലാ സെക്രട്ടറിമാരുടെ ശുപാര്‍ശ കത്തോടുകൂടിയുള്ള അപേക്ഷ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പുരുഷോത്തമനാണ് തനിക്ക് നല്‍കിയതെന്നും അതിനാണ് ഫണ്ട് അനുവദിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇസ്മായില്‍ പറഞ്ഞു. ചാണ്ടിയുടെ റിസോര്‍ട്ടില്‍ ഇതുവരെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരെ ശക്തമായി എതിര്‍ക്കുന്ന സിപിഐയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഇസ്മായിലിന്റെ തുറന്നുപറച്ചില്‍.
സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് സിപിഐയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യും. തന്നോടു പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞിരിക്കാനിടയില്ല. തോമസ് ചാണ്ടിയുടെ രാജിക്ക് ഇടയാക്കിയ സിറോ ജെട്ടി റോഡ് നിർമാണത്തിനു എംപി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി പറഞ്ഞിട്ടാണ്. പ്രാദേശിക നേതൃത്വം ശുപാര്‍ശ ചെയ്തതനുസരിച്ച് സംസ്ഥാന നേതൃത്വം അപേക്ഷ പരിശോധിച്ചു. ഈ അപേക്ഷയിലാണു റോഡിന് ഫണ്ട് അനുവദിച്ചത്.