ഗ്രൗണ്ടില്‍ വെച്ചല്ല, അവിടെ ആ നടുറോഡിലായിരുന്നു ന്യൂസിലാന്റ് ധോണിയ്ക്ക് മുന്നില്‍ പരാജയപ്പെട്ടത്‌

റാഞ്ചി: വാഹനങ്ങളോട് ക്രിക്കറ്റ് താരം ധോണിയ്ക്കുള്ള പ്രണയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ധോണിയുടെ ശേഖരത്തില്‍ ഒരുപാട് ബൈക്കുകളും ആഡംബര കാറുകളുമെല്ലാമുണ്ട്. റാഞ്ചിയിലെ തെരുവുകളിലൂടെ ബുള്ളറ്റില്‍ ചുറ്റുന്ന ധോണിയുടെ ചിത്രങ്ങള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റ് തന്നെ സൃഷ്ടിക്കുറുണ്ട്. ഇന്ത്യന്‍ നായകന്റെ വണ്ടിപ്രേമത്തില്‍ ഞെട്ടിയിരിക്കുന്നത് ഇപ്പോള്‍ ന്യൂസിലാന്റ് ക്രിക്കറ്റ് ടീമാണ്. ചെറിയ വണ്ടിയൊന്നുമല്ല, വാഹനപ്രേമികളുടെ സ്വപ്‌ന വണ്ടിയായ ഹമ്മര്‍ ഓടിച്ചാണ് ധോണി കിവി പക്ഷികളെ പറപ്പിച്ചിരിക്കുന്നത്.

റാഞ്ചിയിലെ വീഥിയിലൂടെ ട്രെയിനിംഗ് ക്യാമ്പിലേക്ക് ഹമ്മര്‍ ഓടിച്ച് പോകുകയായിരുന്നു ധോണി. ഹമ്മറുമായി ന്യൂസിലാന്റ് ടീമിന്റെ ബസ്സിനരികില്‍ ധോണി എത്തുന്നതും, അത്ഭുതത്തോടെ ധോണിയേയും ഹമ്മറിനേയും നോക്കുന്ന കിവീസ് താരങ്ങളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. ന്യൂസിലാന്റ് താരങ്ങളുടെ മുഖത്തെ അത്ഭുതമാണ് ചിത്രത്തിന്റെ പ്രത്യേകത. വിന്‍ഡോ സീറ്റിലിരിക്കുന്ന ടോം ലാഥം ഹമ്മറോടിച്ച് വരുന്ന ധോണിയെ ആശ്ചര്യത്തോടെ നോക്കുമ്പോള്‍ കിവികളുടെ മുന്‍നിര ബാറ്റ്‌സ്മാന്‍ റോസ് ടെയിലറിന് അത്ഭുതം കൊണ്ട് വായടക്കാന്‍ പോലും സാധിക്കുന്നില്ല.

ചിത്രം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. എംഎസ് ധോണി സിനിമയില്‍ ആഭ്യന്തര മത്സരത്തിന് തലേന്നാള്‍ ഗ്രൗണ്ടിന് പുറത്ത് യുവരാജ് സിംഗിനെ കാണുന്ന ധോണിയുടെ സഹതാരങ്ങളുടെ ഭാവത്തോട് ചേര്‍ത്ത് വച്ചാണ് പലരും ഈ ഫോട്ടോയേയും വായിക്കുന്നത്. കൂടെ ആ ഹിറ്റ് ഡയലോഗും, ഗ്രൗണ്ടിലല്ല, അതിന് മുന്‍പ് ആ ‘റോഡില്‍’ വച്ചാണ് ഞങ്ങള്‍ അവന് മുന്നില്‍ പരാജയപ്പെട്ടതെന്നും. റാഞ്ചിയില്‍ ബുധനാഴ്ചയാണ് ഇന്ത്യ-ന്യൂസിലാന്റ് നാലാം ഏകദിനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ