കാർ മോഷണത്തിൽ നിന്നും രക്ഷ നേടാൻ ‌ഷാർജ പൊലീസിന്റെ പുതിയ നിർദ്ദേശങ്ങൾ

ഷാർജ: മോഷ്‌ടാക്കളെ പേടിച്ച് പൊതുസ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്യാൻ മടിക്കുന്നവർക്ക് സുരക്ഷാ നി‌ർദ്ദേശങ്ങളുമായി ഷാർജാ പൊലീസ്. ഷാർജയിലും പരിസരങ്ങളിലും കാർ മോഷണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

പണം,മൊബൈൽ ഫോൺ,ബാങ്ക് ഐഡി കാർഡുകൾ എന്നിവ സുരക്ഷിതമാക്കാനാണ് പ്രധാന നിർദ്ദേശം. ബുഹ്റൈൻ പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നാണ് കാർ മോഷണങ്ങൾ കൂടുതലായും നടക്കുന്നതെന്ന് പൊലീസ് അധിക‌ൃതർ പറഞ്ഞു. അൽ നഹ്ദ, അൽ ബുഹൈറ, അൽ മജാസ്, അൽ ഖാൻ, അൽ താവുൻ, അൽ മംസർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വലിയ രീതിയിൽ പരാതി ലഭിക്കുന്നുവെന്നും പൊലീസ് അധിക‌ൃതർ കൂട്ടിച്ചേർത്തു.

ഷാർജ പൊലീസിന്റെ പ്രധാന സുരക്ഷാ നിർദ്ദേശങ്ങൾ

1. കാറുകളുടെ ഡോർ ലോക്ക് ചെയ്യാതെ പുറത്ത് പോവരുത്.

2. വാഹനത്തിന്റെ എൻ‌ഞ്ചിൻ ഓണാക്കി ഒരിക്കലും പുറത്ത് പോവാൻ പാടില്ല.

3. വെളിച്ചമില്ലാത്ത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ പാടില്ല.

4. വിലപിടിപ്പുള്ള സാധനങ്ങൾ പുറത്ത് കാണുന്ന രീതിയിൽ കാറിൽ സൂക്ഷിക്കരുത്.

5. സി.സി.ടി.വി കാമറകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ കാർ പാർക്ക് ചെയ്യാൻ ശ്രദ്ധിക്കുക.

6. കാർ ലോക്കിംഗ് അലാറം ഉപയോഗിക്കുക.

ഇതുകൂടാതെ സംശയകരമായ എന്തെങ്കിലും നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിന്റെ 901 എന്ന നമ്പറിലേക്ക് വിളിക്കാനും പൊലീസ് നി‌ർദ്ദേശിച്ചു.