ഓർത്തഡോക്‌സ് സഭയിലെ മൂന്ന് മെത്രാന്മാർക്കെതിരെ കലാപം

ഡോ.യുഹാനോൻ മാർ മിലിത്തിയോസ് , ഫാദർ മോഹൻ ജോസഫ്

തിരുവനന്തപുരം: ഓർത്തഡോക്‌സ് സഭയിലെ മൂന്ന് മെത്രാന്മാർക്കെതിരെ കലാപം. യാക്കോബായ സഭയിൽ നിന്ന് ഓർത്തഡോക്സ് സഭയിലേക്ക് വന്ന മൂന്ന് ബിഷപ്പുമാർക്കെതിരെയാണ് ഒരു പറ്റം വൈദികരും വിശ്വാസികളും രംഗത്ത്. കാതോലിക്ക ബാവക്കെതിരെ പരസ്യമായ വെല്ലുവിളികൾ ഉയർത്തുകയും തന്ത്ര പ്രധാനമായ സ്ഥാനങ്ങളിലേക്ക് ഇവരുടെ ബന്ധുക്കളെ തിരുകി കയറ്റുകയും ചെയ്യുന്നു എന്നാണ് പ്രധാന ആരോപണം. അടൂർ സ്വദേശി ബാബു പാറയിലുമായി ചേർന്നാണ് ഇവരുടെ ബന്ധുനിയമനങ്ങൾ നടത്തുന്നതെന്നാണ് ആരോപണം.

ഡോ.തോമസ് മാർ അത്തനാന്യോസ, ഡോ.യുഹാനോൻ മാർ മിലിത്തിയോസ്, മാർ നിക്കോളാവോസ് എന്നീ മെത്രാന്മാര്‍ക്കെതിരെയാണ് വലിയൊരു വിഭാഗം ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് തൃശൂർ ഭദ്രാസനത്തിന്റെയും തോമസ് മാർ അത്തനേഷ്യസ് കണ്ടനാട് ഭദ്രാസനത്തിന്റേയും മാർ നിക്കോളവാസ് അമേരിക്കൻ ഭദ്രാസനത്തിന്റെയും ചുമതലക്കാരാണ്.

ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കോർപ്പറേറ്റ് സ്‌കൂൾ മാനേജ്മെന്റിന്റെ മാനേജരായി മാർ മീലിത്തിയോസിനാണ് ചുമതല നൽകിയിരുന്നത്. ദൈനംദിന ചുമതല കാതോലിക്ക ബാവ ചുമതലപ്പെടുത്തുന്ന വൈദികനാണ് സ്ഥാനം വഹിക്കുന്നത്. ഫാദർ മോഹൻ ജോസഫ് എന്ന വൈദികനെയാണ് സെക്രട്ടറിയായി കാതോലിക്ക ബാവ നിയമിച്ചത്.

മാർ മിലിത്തിയോസിന്റെ സ്ഥാപിതതാല്പര്യങ്ങൾക്ക് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ ഫാദർ മോഹൻ ജോസഫിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. അദ്ദേഹത്തെ ഒഴിവാക്കിയ സംഭവങ്ങളുടെ നാൾവഴി ഇങ്ങനെയായിരുന്നു.

മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എംഡി സ്‌കൂൾ ബോർഡ് യോഗത്തിൽ സെക്രട്ടറിയായ മോഹൻ ജോസഫ് അച്ചൻ മാറണമെന്ന് മാനേജർ മിലിത്തിയോസ് തിരുമേനി ആവശ്യപ്പെടുന്നു. ബോർഡ് അംഗങ്ങളായ അഡ്വ.മാത്യൂസ് മഠത്തേത്ത്, വർഗീസ് ടി ഏബ്രഹാം, സി.സി ആൻഡ്രൂസ്, ഫാ.സി.ജോൺ ചിറത്തലാട്ട്, ഫാ.ഒ.പി. വർഗീസ് എന്നിവർ ഈ തീരുമാനത്തെ എതിർക്കുന്നു വൈദിക ട്രസ്റ്റി ഫാ ഡോഎം.ഒ ജോൺ, കോട്ടയം ഭദ്രാസനത്തിൽ നിന്നുള്ള അംഗം ഷിനു പറപ്പോട്ട് എന്നിവർ തിരുമേനിയുടെ അഭിപ്രായത്തെ പിന്തുണച്ചു കൊണ്ട് മോഹൻ ജോസഫ് അച്ചൻ മാറണമെന്ന് അഭിപ്രായപ്പെടുന്നു.

അൽമായ ട്രസ്റ്റി ജോർജ് പോൾ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവരുൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നു. രൂക്ഷമായ തർക്കത്തെ തുടർന്ന് മാനേജർ തിരുമേനി മോഹൻ ജോസഫ് അച്ചൻ തുടരുകയാണങ്കിൽ താൻ ഈ സ്ഥാനത്ത് തുടരുകയില്ലായെന്ന നിലപാട് അറിയിക്കുന്നു. ഈ സന്ദർഭത്തിലാണ് മോഹൻ ജോസഫ് സ്ഥാനം ഒഴിഞ്ഞു കൊണ്ടുള്ള പ്രസംഗം നടത്തുന്നത്.പ്രസംഗത്തിന് ശേഷം പരിശുദ്ധ ബാവയുടെ അനുമതിയോടെ അച്ചൻ പോകുന്നു.

ഡോ.യുഹാനോൻ മാർ മിലിത്തിയോസ് ഫാദർ മോഹൻ ജോസഫ്

തുടർന്ന്‌ മാനേജർ തിരുമേനി സെക്രട്ടറി സ്ഥാനത്തേക്ക് കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെ സഹോദര പുത്രൻ പുറ്റാലിൽ ജോൺസൺ അച്ചന്റെ പേര് നിർദ്ദേശിക്കുന്നു. ഇതിനെയും ഭൂരിപക്ഷ അംഗങ്ങളും എതിർത്തു. .മലങ്കര സഭയിൽ കഴിവും പ്രാപ്തിയുമുള്ള നൂറ് കണക്കിന് വൈദികരും വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന സേവനം അനുഷ്ഠിച്ചിട്ടുള്ള അൽമായരും ഉണ്ടെന്നും ഇവരിൽ ആരെയെങ്കിലും നിയമിക്കണമെന്നും അഭിപ്രായപ്പെടുന്നു.

മാനേജർ തിരുമേനി ഈ ആവശ്യവും നിരാകരിക്കുന്നു.അങ്ങനെയാണങ്കിൽ ജോൺസൺ അച്ചന്റെ പേരിനോടൊപ്പം മറ്റ് രണ്ട് വൈദികരുടെ പേരുകൂടി ചേർത്ത് മൂന്ന് പേരുടെ പാനൽ തയ്യാറാക്കി നൽകാമെന്നും അതിൽ നിന്ന് ഒരാളെ മലങ്കര മെത്രാപ്പൊലീത്ത നിയമിക്കട്ടെ എന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ഈ നിർദ്ദേശവും അംഗീകരിക്കുവാൻ മാനേജർ തയ്യാറായില്ല.ഇതേ തുടർന്ന് വീണ്ടും തർക്കങ്ങൾ ഉണ്ടാകുന്നു. ജോൺസൺ അച്ചനെ തീരുമാനിക്കുന്നില്ലായെങ്കിൽ താൻ മാനേജർ സ്ഥാനത്ത് നിന്ന് മാറുമെന്ന് പ്രഖ്യാപിക്കുന്നു ഇതേ തുടർന്ന് യോഗം തീരുമാനം ആകാതെ പിരിയുന്നു.

ഒക്ടോബർ മാസം 14നാണ് മുകളിൽ പറയുന്ന സംഭവം നടന്നത്. മാർ മിലിത്തിയോസും മോഹൻ ജോസഫും തമ്മിൽ അഭിപ്രായ വ്യത്യാസം വർദ്ധിച്ചതോടെ കോർപ്‌റേറ്റ് മാനേജ്മെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിച്ചു.അതിലുപരി കാതോലിക്ക ബാവയുടെ വിശ്വസ്തനും അടുപ്പക്കാരനുമായ മോഹൻ ജോസഫ് അവിടെ തുടർന്നാൽ തന്റെ താല്പര്യങ്ങളും നിയമനങ്ങളും നടക്കില്ലെന്ന് മനസിലാക്കിയതോടെ മീലിത്തിയോസ് ഈ വൈദികനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള അടവുകൾ പയറ്റി. വാർഷിക പൊതു യോഗം വിളിച്ചു കൂട്ടി ഫാദർ മോഹൻ ജോസഫിനെ പുകച്ച് വെളിയിലാക്കി.\