ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെ തോമസ് ചാണ്ടിയുടെ പരാതി

കൊച്ചി: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെയാണ് തോമസ് ചാണ്ടിയുടെ പരാതി. ജഡ്ജിയുടെ കടുത്ത പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. തന്റെ രാജി ഉദ്ദേശിച്ചാണ് പരാമര്‍ശം എന്ന് തോന്നുമെന്നും തോമസ് ചാണ്ടി പരാതിയില്‍ ആരോപിക്കുന്നു. മുതിര്‍ന്ന ജഡ്ജി പി.എന്‍.രവീന്ദ്രനെ മറികടന്നായിരുന്നു പരാമര്‍ശമെന്നും പരാതിയില്‍ പറയുന്നു.അതേസമയം തനിക്കെതിരായ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന വിധി തെറ്റാണ്. കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറയുന്നു.

കയ്യേറ്റത്തിൽ ഹൈക്കോടതിയിൽനിന്ന് പ്രതികൂല പരാമർശമുയർന്നതിനെ തുടർന്നാണ് തോമസ് ചാണ്ടിക്ക് രാജി വയ്ക്കേണ്ടി വന്നത്. തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നുമാണ് കലക്ടർ റിപ്പോർട്ട് നൽകിയിരുന്നത്. മാർത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

ഗുരുതര ആരോപണങ്ങളുള്ള കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയിലും ഹർജി നൽകിയത്. എന്നാൽ ഹർജി നിലനിൽക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി.