ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയുന്നത് എ.കെ.ജി സെന്ററിലേക്ക് പോകുന്ന കമ്യൂണിസ്റ്റുകാരനെ തടയുന്നതുപോലെയാണ്

സ്വാമി സന്ദീപാനന്ദ ഗിരി

ശബരിമലയിൽ വെച്ചാണല്ലോ പണ്ട് ശബരിയെന്ന കാട്ടാള സ്ത്രീ ശ്രീരാമനെ കണ്ടതും മോക്ഷം നേടിയതും.
ആയതുകൊണ്ടാണല്ലോ ആ ഭൂപ്രദേശത്തെ ശബരിമലയെന്നറിയപ്പെടുന്നത്.
ആയതിനാലായിരിക്കാം അന്നും ഇന്നും ശബരിമലയിലേക്ക് പോകുന്നവർ ശരണം വിളിക്കുമ്പോൾ ചോദ്യോത്തര രൂപത്തിൽ മലകയറുന്നതിന്റെ താത്പര്യം വ്യക്തമാക്കിയത്.
സ്വാമിയേ — അയ്യപ്പോ
അയ്യപ്പോ — സ്വാമിയേ
സ്വാമി ശരണം — അയ്യപ്പശരണം
ഭഗവാനേ — ഭഗവതിയേ
ഈശ്വരനേ — ഈശ്വരിയേ
ഭഗവാൻ പാദം — ഭഗവതിപാദം
ഈശ്വരൻ പാദം — ഈശ്വരി പാദം
കെട്ടുംകെട്ടി? – ശബരിമലക്ക്.
ആരെക്കാണാൻ? – സ്വാമിയെക്കാണാൻ.
സ്വാമിയെക്കണ്ടാൽ? – മോക്ഷം കിട്ടും.
മോക്ഷത്തിനുവേണ്ടിയാണ് പണ്ടുള്ളവർ മലകയറിയിരുന്നത്.
മോക്ഷമെന്നത് ഭക്തനു കിട്ടുന്ന മരണാനന്തര ബഹുമതിയല്ല.
താൻ ശരീരമല്ല എന്ന അറിവ് നേടൽ തന്നെ മോക്ഷം.
താൻ കേവലം ശരീരമാണെന്ന അറിവ് ബന്ധനവും.
ഭാരതീയ ധർമ്മ ശാസ്ത്രത്തിൽ എവിടേയും മോക്ഷത്തിനു അധികാരി പുരുഷൻ മാത്രമാണെന്നു പറഞ്ഞിട്ടില്ല.
ശബരി തന്റെ ബാല്യവും യൌവ്വനവുമെല്ലാം മാതംഗ മഹർഷിയെ പരിചരിച്ച് ശ്രീരാമനെ കാത്തിരുന്ന ഇടമാണവിടം.എന്തുകൊണ്ടും പുരുഷന്മാരേക്കാൾ ശബരിമലയുടെ അവകാശികൾ സ്ത്രീകൾ തന്നെ.
ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയുന്നത് എ.കെ.ജി സെന്ററിലേക്ക് പോകുന്ന കമ്യൂണിസ്റ്റുകാരനെ തടയുന്നതുപോലെയാണ്.
ഇന്ദിരാജീ ഭവനിലേക്കുപോകുന്ന കോൺഗ്രസ്സുകാരനേയും,മാരാർജീ ഭവനിലേക്ക് പോകുന്ന ആർ.എസ്സ്.എസ്സ് കാരനേയും…….എന്നുകൂടി ചേർത്തുവായിക്കാനപേക്ഷ.