എസ് ദുര്‍ഗ പ്രദര്‍ശിക്കണമോയെന്ന് ജൂറിക്ക് കണ്ട് തീരുമാനിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം എസ് ദുര്‍ഗ പ്രദര്‍ശിക്കണമോയെന്ന് ജൂറിക്ക് കണ്ട് തീരുമാനിക്കാമെന്ന് ഹൈക്കോടതി .ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്രം നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ഡിവിഷന്‍ ബെഞ്ച്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ സിംഗില്‍ ബഞ്ച് ഉത്തരവില്‍ കേന്ദ്രം സ്റ്റേ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

മുന്‍ നിര്‍ദ്ദേശപ്രകാരം ചിത്രത്തിലെ വിവാദ പേരും ഭാഗങ്ങളും നിര്‍മാതാക്കള്‍ മാറ്റം വരുത്തിയ ശേഷം ചിത്രം കണ്ടിട്ടില്ലെന്നും അതിനാല്‍ സര്‍ട്ടിഫൈ പകര്‍പ്പ് കാണുന്നതിന് ജൂറികള്‍ അടങ്ങിയ പ്രത്യേക സമിതി രൂപീകരിക്കണമെന്നും ഉള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശം. പ്രത്യേക ജൂറി അംഗീകരിക്കുകയാണെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

പനോരമ ജൂറി സിനിമയുടെ സാക്ഷ്യപ്പെടുത്താത്ത പകര്‍പ്പ് കണ്ട് അംഗീകാരം നല്‍കിയെങ്കിലും കേന്ദ്രത്തില്‍ നിന്ന് ഇളവു നേടിയിരുന്നില്ലെന്നാണ് അപ്പീലില്‍ കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ ഇന്ന് ആവശ്യപ്പെട്ടെങ്കിലും ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.