ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക്

കോട്ടയം: സുപ്രിംകോടതിയില്‍ ഹാജരാകുന്നതിനായി ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചേക്കും.
യാത്രയുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതീവ രഹസ്യമായാണ് യാത്രയുടെ ഒരുക്കങ്ങള്‍ നടത്തുന്നത്. അതേസമയം, ഡല്‍ഹിയാത്ര വിമാനത്തിലാക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിട്ടുണ്ട്. അഛന്‍ അശോകനൊപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. വൈക്കം ടി.വി പുരത്തെ ഹാദിയയുടെ വീട്ടിലെത്തി പിതാവ് അശോകനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങള്‍ മൂലം യാത്രാസമയം വ്യക്തമാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹാദിയയുടെ ഡല്‍ഹി യാത്രയുടെ സുരക്ഷാ കാര്യങ്ങള്‍ സംബന്ധിച്ച് എറണാകുളം റെയ്ഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പൊലിസ് ഉന്നതതലയോഗം ചേര്‍ന്നു. ഈമാസം 27ന് ഹാജരാകാനാണ് ഹാദിയയോട് സുപ്രിംകോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈക്കത്തുനിന്ന് ട്രെയിന്‍ മാര്‍ഗം ഡല്‍ഹിക്ക് പോകാനായിരുന്നു ഹാദിയയുടെ പിതാവ് അശോകന്റെ തീരുമാനം.

എന്നാല്‍, ട്രെയിന്‍ യാത്രയിലുണ്ടാവുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആശങ്ക നിരവധി സാമൂഹിക സംഘടനകള്‍ ഉന്നയിച്ചതോടെ വനിതാ കമ്മിഷന്‍ ഇടപെടുകയായിരുന്നു.

ഹാദിയയുടെ ഡല്‍ഹി യാത്ര വിമാനത്തിലാക്കണമെന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും സംസ്ഥാന വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഡല്‍ഹി യാത്ര വിമാനത്തിലാക്കണമെന്നും ചെലവ് വഹിക്കാമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ ഹാദിയയുടെ പിതാവ് അശോകനെ നേരില്‍ കണ്ടറിയിച്ചു.

എന്നാല്‍ നിര്‍ദേശം അശോകന്‍ നിരസിച്ചതോടെ വനിതാ കമ്മിഷന്‍ ഡി.ജി.പിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് യാത്ര വിമാനത്തിലാക്കാന്‍ തീരുമാനിച്ചത്.