പത്മാവതിയ്ക്ക് പിന്തുണ: ഷൂട്ടിങ് ലൊക്കേഷന്‍ ‘ബ്ലാക്ക് ഔട്ട്’ ചെയ്ത് പ്രതിഷേധം

മുംബൈ: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയ്ക്കും താരങ്ങള്‍ക്കും നേരെയുള്ള ഭീഷണിക്കെതിരെ പ്രതിഷേധവുമായി സിനിമാലോകം. ഞായറാഴ്ച 15 മിനിറ്റ് നേരം ഷൂട്ടിങ് ലൊക്കേഷന്‍ ‘ബ്ലാക്ക് ഔട്ട്’ ചെയ്ത് പ്രതിഷേധിക്കാനാണ് വിവിധ സിനിമാ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്‌സ് അസോസിയേഷനും 20 മറ്റ് സംഘടനകളും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ‘മേ ആസാദ് ഹൂ'(ഞാന്‍ സ്വതന്ത്രയാണ്) എന്ന ശീര്‍ഷകത്തോടെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പത്മാവതിയ്ക്കും സഞ്ജയ് ലീല ബന്‍സാലിയ്ക്കും നല്‍കുന്ന പിന്തുണ പിന്‍വലിക്കില്ലെന്നും തന്റേതായ ശൈലികയില്‍ കഥ പറയുക എന്നത് ഒരു സൃഷ്ടാവിന്റെ പ്രാഥമിക അവകാശമാണെന്നും ഐ.എഫ്.ടി.ഡി.എ അംഗം അശോക് പണ്ഡിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദിത്തബോധമുള്ള ഒരു സംവിധായകനാണ് ബന്‍സാലി. ചരിത്രപരമായ ഒരു ചിത്രം ഒരുക്കുക എന്നത് ചെറിയ കാര്യമല്ല. അത് വലിയ ഉത്തരവാദിത്വമാണെന്നും അശോക് പറഞ്ഞു.