രാജിയിൽ കുറ്റസമ്മതത്തിന്റെ ഔന്നത്യം ; ശശീന്ദ്രനു ആജീവനാന്ത വിലക്ക് പാടില്ല

ഷിബു ഗോപാലകൃഷ്ണൻ

മൂന്നു വിക്കറ്റുകൾ വീണു.
ഇതിൽ ഏറ്റവും അന്തസ്സോടെ ഇറങ്ങിപ്പോയത് എ.കെ. ശശീന്ദ്രനാണ്.
ചെറുത്തുനിൽപ്പിന്റെ നേരിയ ശ്രമം പോലും നടത്താതെ അത്യന്തം അപമാനിതനായി ശിരസ്സു കുനിച്ചു അദ്ദേഹം രാജിവച്ചു.
അതിലൊരു കുറ്റസമ്മതത്തിന്റെ ഔന്നത്യം ഉണ്ടായിരുന്നു.
കുറ്റബോധത്തിന്റെ ഇടർച്ച ആ പ്രതികരണങ്ങളിൽ ഉടനീളം ദൃശ്യമായിരുന്നു.
ഒരിടത്തു പോലും ഇതെന്റെ ശബ്ദം അല്ല എന്നദ്ദേഹം വാദിച്ചില്ല.
സാങ്കേതിക കാരണങ്ങൾ വച്ചുകൊണ്ടു ആന്റണി കമ്മീഷൻ അതുറപ്പിക്കുന്നില്ല എങ്കിലും തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പോലും അദ്ദേഹം അതു നിഷേധിക്കുന്നില്ല.
മറിച്ചു മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങളെ ഒന്നുകൂടി ഓർമ്മിപ്പിക്കുക മാത്രം ചെയ്യുന്നു.
തെറ്റു പറ്റിയിട്ടില്ല എന്നല്ല,…
അതു സംഭവിച്ചിട്ടുണ്ട്…
അക്കാര്യത്തിൽ കമ്മീഷൻ റിപ്പോർട്ട് എങ്ങനെയൊക്കെ കുറ്റവിമുക്തനാക്കിയാലും അതില്ലാതാവുന്നില്ല.
ഇനിയും ഇത്തരത്തിൽ സ്വാധീനിക്കപ്പെടാനുള്ള സാധ്യത ഒരു സന്ദേഹമായി പൊതുസമൂഹം ഉയർത്തുന്നുമുണ്ട്.
പക്ഷെ പരാതിക്കാർ പോലും അപ്രത്യക്ഷമാകുന്ന, ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിൽ, കമ്മീഷനും കൂടുതൽ എന്തെങ്കിലും ചെയ്യാനുണ്ടെന്നു കരുതുന്നില്ല.
അങ്ങനെയാണ് അതൊരു കെണിയാണെന്നു ഉറപ്പിക്കുന്നതും….
ലൈംഗികാരോപണ കേസുകളിൽ പരാതിക്കാർ പറയുന്നതാണ് ആപ്തവാക്യം.
ഇന്നയാൾ ഉഭയസമ്മതത്തോടെ ആയിരുന്നു ഉപദ്രവിച്ചത് എന്നു സരിത പറയുന്നതോടു കൂടി കുറ്റം കുറ്റമല്ലാതാവുകയാണ്…..
എത്ര വലിയ കെണി ആണെങ്കിലും അങ്ങനെയല്ലാത്ത ഒരു മൊഴിയോടു കൂടി ടീമിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കുറ്റക്കാരാവുകയാണ്….
ഇപ്പോൾ പരാതിക്കാരിയില്ല,
വാർത്ത പുറത്തുവിട്ട സമയത്തുയർത്തിയ വാദങ്ങളൊന്നും നിലനിൽക്കുന്നില്ല,
പരോക്ഷമായി അതൊരു ബോധപൂർവമുള്ള കെണിയാണെന്നു വെളിവാകുകയും ചെയ്യുന്നു.
നടക്കാതെ പോകുന്ന അവിഹിതങ്ങളിൽ ബഹുഭൂരിപക്ഷവും അനുകൂല സാഹചര്യങ്ങളുടെ അഭാവത്തിൽ ഒഴിവായിപ്പോകുന്നതാണ്….
അവിഹിതം നടന്നേ കഴിയൂ എന്നൊരാൾ തീരുമാനിച്ചുറപ്പിച്ചു ഇറങ്ങിത്തിരിച്ചാൽ ചിലപ്പോഴെങ്കിലും അതു സാധ്യവുമാണ്…
ഒരു മുന്നണി മുഴുവൻ കുഴപ്പത്തിലാകാനും അതുമതി…
ഒരു പൊതുപ്രവർത്തകൻ അതിനും അതീതനായിരിക്കണം എന്നുള്ള കാര്യത്തിലൊന്നും സംശയമില്ല.
എങ്കിലും ഇങ്ങനെയൊരു പിഴവിന്റെ പേരിൽ,
എല്ലാക്കാലത്തും അദ്ദേഹത്തെ കുറ്റക്കാരനായി കാണണമെന്നും,
ഇനിമേലിൽ ഇത്തരം ഉത്തരവാദിത്തങ്ങളിൽ നിന്നും ആജീവനാന്ത വിലക്കു ഏർപ്പെടുത്തണമെന്നുമുള്ള, സദാചാര കമ്മിറ്റി ശാഠ്യങ്ങളോടു അശേഷം യോജിപ്പുമില്ല.