ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങള്‍ എല്ലാ കലാകാരന്മാര്‍ക്കും തുറന്നുകൊടുക്കണം:വേണുജി

മിനി നായർ ,അറ്റ്‌ലാന്റാ

കഥകളി മുദ്രകളെ രേഖപ്പെടുത്തി മലയാളത്തിന് മനസിലാക്കിത്തരുവാൻ ഒരു നൂതനമായ ആശയം രൂപീകരിച്ച കലാകാരനാണ് വേണുജി .കഥകളി കൂടിയാട്ടം കലാകാരനായ വേണുജി ആവിഷ്‌കരിച്ച നൊട്ടേഷന്‍ സമ്പ്രദായത്തിന് ഇന്ന് അമ്പത് വയസ്സ് .1965-ല്‍ കഥകളി വിദ്യാര്‍ത്ഥിയായിരുന്ന വേണുജി തന്റെ ഇരുപതാമത്തെ വയസ്സിലാണ് ഈ സമ്പ്രദായത്തിന് രൂപം നല്‍കിയത്.വേണുജി ഉൾപ്പെടുന്ന കൂടിയാട്ടം,കഥകളി ,പാവക്കൂത്ത് കലാകാരന്മാരുടെ ഒരു സംഘം ഈയിടെ അമേരിക്ക സന്ദർശിക്കുകയുണ്ടായി.കേന്ദ്ര ഗവണ്മെന്റിന്റെ ഭാരതീയ കലാപൈതൃകങ്ങൾ മറ്റുരാജ്യങ്ങളിൽ അവതരിപ്പിക്കുന്നതിന്റെയും,പരിപോഷിപ്പിക്കുന്നതിന്റെയും ഭാഗമായി അറ്റലാന്റായിലും എത്തിയ വേണുജിയും സംഘത്തെയും ദിവൈഫൈ റിപ്പോർട്ടർ ഡോട്ട് കോമിനുവേണ്ടി പരിചയപ്പെടുവാൻ സാധിച്ചത് ഒരു നേട്ടത്തിനുപരി ഒരു ഭാഗ്യമാണ് കരുതുന്നു.

വേണുജി എന്ന കലാകാരന്റെ പ്രവർത്തന മേഖല കൂടിയാട്ടം ആണെങ്കിലും അദ്ദേഹത്തിന്റെ പ്രഥമകൃതി Alphabet of Gestures in Kathakali എന്ന ലഘുലേഖ കഥകളി പഠനത്തിന്റെ ആധികാരികമായ ഒരു സഹായി കൂടിയാണ് .എന്‍.വി.കൃഷ്ണവാര്യരുടെ അവതാരികയോടുകൂടി 1968ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലുമായി ആറു പതിപ്പുകളിലായി കഥകളി മുദ്രകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൂടിയാട്ടത്തിന്റെ മുദ്രകള്‍ രേഖപ്പെടുത്താന്‍ ഗുരു അമ്മമ്മൂര്‍ മാധവചാക്യാരുടെ ശിഷ്യത്വം സ്വീകരിച്ചു അഭ്യസിക്കാന്‍ തുടങ്ങിയ വേണുജി, പില്‍ക്കാലത്ത് കൂടിയാട്ടം തന്റെ മുഖ്യ പ്രവര്‍ത്തനമേഖലയാക്കി മാറ്റുകയും ഇപ്പോള്‍ ഇരിങ്ങാലക്കുട അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ കുലപതിയുമാണ്. കൂടിയാട്ടത്തിലെ രാമായണസംക്ഷേപം സമ്പൂര്‍ണ്ണമായി നൊട്ടേഷനുകളിലൂടേയും ഫോട്ടോഗ്രാഫിയിലൂടേയും വീഡിയോ ഫിലിമുകളിലൂടേയും രേഖപ്പെടുത്തി 2013-ല്‍ നാഷ്ണല്‍ കള്‍ച്ചര്‍ ഫിലിമിന്റെ സഹായത്തോടെ പ്രസിദ്ധീകരിച്ച് ഏറെ പ്രശംസ നേടി.

ഇതുവരെ വേണുജി രേഖപ്പെടുത്തിയ 1752 മുദ്രകള്‍ ഈ മേഖലയിലെ ലോക റെക്കോര്‍ഡ് ആണ്. മുദ്രകള്‍ രേഖപ്പെടുത്തിയതിന്റെ സുവര്‍ണ്ണ ജൂബിലി ഒരു കൊല്ലം നീണ്ടു നില്‍ക്കുന്ന ആഘോങ്ങളോടെയാണ് കേരളത്തിലും ഡല്‍ഹിയിലുമായി സംഘടിപ്പിക്കപ്പെട്ടത്.

ചില കലകൾ അന്യം നിന്ന് പോകുന്നു.പുതിയ തലമുറയ്ക്ക് ഇത്തരം കലകളോട് താൽപ്പര്യം ഇല്ലാതെ വന്നിരിക്കുന്നു.തന്നെയുമല്ല
കലാരംഗത്ത് ജാതിവിവേചനം നില നിൽക്കുന്നു.ജാതി വിവേചനം എന്ന് പറയുമ്പോൾ ക്ഷേത്രകലകളും പാരമ്പര്യകലകളും അവതരിപ്പിക്കുന്നതില്‍ വലിയ വിവേചനമാണ് നിലനില്‍ക്കുന്നത്. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങള്‍ എല്ലാ കലാകാരന്മാര്‍ക്കും തുറന്നുകൊടുക്കണം. കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് പോലുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ പോലും നിരസിക്കുകയാണ്. ജപ്പാന്‍ ഉള്‍പ്പടെ പല വികസിതരാജ്യങ്ങളും പാരമ്പര്യകലകളുടെ പോഷണത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുന്നു .ചൈനയിലെ ബീജിങ്ങ് കേന്ദ്രമായുള്ള സെന്‍ട്രല്‍ അക്കാദമി ഓഫ് ഡ്രാമയുടെ നേതൃത്വത്തില്‍ യുനസ്‌കോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ നവരസസാധനയുടെ അടിസ്ഥാന സങ്കേതങ്ങള്‍ പരിശീലിപ്പിക്കുവാൻ വേണുജിക്കു അവസരം ലഭിച്ച നിമിഷം അദ്ദേഹം ഓർത്തെടുത്തു .

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അദ്ഭുതം, ശാന്തം തുടങ്ങിയ ഭാവങ്ങള്‍ അവതരിപ്പിച്ചപ്പോൾ പരിശീലനം നേടാനെത്തിയ വിദ്യാര്‍ത്ഥികളുടെ മുഖത്ത് ആശ്ചര്യവും അത്ഭുതവും. ചൈന, കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 53 വിദ്യാര്‍ത്ഥികളാണ് അഭിനയ പരിശീലനത്തിനെത്തിയത്. അത് വലിയ ഒരു അനുഭവം ആയിരുന്നു.മറ്റുരാജ്യക്കാർക്കു നമ്മുടെ കലയും സംസ്കാരവും വേണം.നമുക്ക് വേണ്ട എന്ന അവസ്ഥ വന്നിരിക്കുന്നു.അത് മാറണം.ജപ്പാനിൽ പോയപ്പോൾ ഇന്ത്യയില്‍ നിന്നുള്ള മുഖ്യ അദ്ധ്യാപകനായിരുന്നു വേണുജി. കൂടാതെ ചൈനയിലെ ബീജിംഗ് ഓപ്പറ കലാകാരന്‍ മാമി, ജപ്പാനിലെ കബൂക്കി തിയ്യറ്റര്‍ കലാകാരന്‍ ഓക്കൂറ നവോക്കോ, കൊറിയയിലെ ചന്ദ്‌വീക്ക് നൃത്തനാടകം കലാകാരി ഇന്‍ഹൈപാര്‍ക്ക് എന്നിവരും അവരവരുടെ കലാരൂപങ്ങളിലെ അടിസ്ഥാന സങ്കേതങ്ങള്‍ പരിശീലിപ്പിക്കുകയുണ്ടായിഎല്ലാ ദിവസവും 6 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിനയ പരിശീലനം വളരെ അച്ചടക്കത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ അഭ്യസിച്ചത് .

ലോകത്തു നിലനില്‍ക്കുന്ന ഏക സംസ്‌കൃതനാടകരൂപമാണ് കൂടിയാട്ടം. അത് അഭിരുചിയുള്ളവരെ പരിശീലിപ്പിക്കുകയാണ് തന്റെ ലക്‌ഷ്യം.
ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള കൂടിയാട്ടം, സംസ്‌കൃത നാടകകൃത്തുക്കളുടെ രചനകളെ ആധാരമാക്കി കേരളത്തിന്റെ തനതുപൈതൃകത്തിലൂന്നിയ അതിപ്രാചീനമായ അവതരണ കലയാണ്. തനതു മുദ്രകളും രംഗഭാഷയുമുള്ള സങ്കീര്‍ണവും ശൈലീകൃതവുമായ കലാരൂപമായ കൂടിയാട്ടത്തില്‍ മികവു കാട്ടാനാവുന്നത് ദീര്‍ഘ വര്‍ഷങ്ങളുടെ ആത്മസമര്‍പ്പണത്തിനു തയാറാകുന്ന യഥാര്‍ഥ കലാകാരന്മാര്‍ക്കു മാത്രമാണ്.
ഒരിക്കല്‍ ക്ഷേത്രങ്ങള്‍ക്കുള്ളില്‍മാത്രം കെട്ടിയാടിയിരുന്ന കൂടിയാട്ടം മഹാഗുരുക്കന്മാരായ മാണി മാധവ ചാക്യാര്‍, പൈങ്കുളം രാമചാക്യാര്‍ അമ്മന്നൂര്‍ മാധവ ചാക്യാര്‍ എന്നിവരുടെ പരിശ്രമ ഫലമായി 1950കളിലാണ് രാജ്യാന്തര വേദികളിലേക്കെത്തിയത്. ഇന്നും ആകെ കൂടിയാട്ടം കലാകാരന്‍മാരുടെ എണ്ണം അന്‍പതില്‍ താഴെയേ വരൂ. കലാമണ്ഡലം, മാര്‍ഗി, അമ്മന്നൂര്‍ ഗുരുകുലം തുടങ്ങി ചുരുക്കം ചില ഇടങ്ങളിലേ കൂടിയാട്ട പരിശീലനവും ലഭ്യമാകുന്നുള്ളു.

അഭ്യസിക്കാന്‍ അനായാസമല്ലാത്ത, അണുവിട വിട്ടുവീഴ്ചയില്ലാത്ത പാരമ്പര്യ രീതികള്‍ പിന്തുടരുന്ന, പണ്ഡിതോചിത കലയായ കൂടിയാട്ടത്തിന്റെ നിലനില്‍പ്പിനായി പുതിയ കൂടിയാട്ടം കലാകാരന്‍മാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി ആണ് വേണുജിയുടെ പ്രവർത്തനം മുന്നോട്ടു പോകുന്നത്.സാമ്പത്തിക സഹായം കിട്ടാത്തതിനാല്‍ വര്‍ഷങ്ങളുടെ ശ്രമം കൊണ്ടു പരിശീലിപ്പിച്ചെടുത്ത കലാകാരന്മാര്‍ പോലും അരങ്ങുവിടുമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത് . പത്തുവര്‍ഷത്തോളം നീളുന്ന പ്രയത്‌നം കൊണ്ടുമാത്രമേ കൂടിയാട്ടം അഭ്യസനം സാധ്യമാകൂ. അങ്ങനെ പരിശീലനം നേടിയവര്‍ അരങ്ങുവിടുമ്പോള്‍ വീണ്ടും പൂജ്യത്തില്‍നിന്നു തുടങ്ങേണ്ടി വരും.

നടനരീതികളും നാട്യമുഹൂര്‍ത്തങ്ങളും നാടകഗ്രന്ഥവുമുള്‍പ്പെടെ പഠിച്ച് മൂന്നുവര്‍ഷത്തെ തീവ്രപ്രയത്‌നം കൊണ്ടു മാത്രം അവതരിപ്പിക്കാന്‍ കഴിയുന്നതാണിത്. ഒരു പൂര്‍ണ അവതരണത്തിന് ഒരു മാസം വേണം. ഇത് മുഴുവനായി അവതരിപ്പിക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ കലാകാരന്മാര്‍ മാത്രമേ ഇന്നു ജീവിച്ചിരിപ്പുള്ളൂ.വളരെ പരിമിതമായ ആസ്വാദകവൃന്ദം മാത്രമുള്ള കൂടിയാട്ടത്തിന്റെ സൗന്ദര്യവും മൂല്യവും കൂടുതല്‍ പേരിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് വേണുജി.അമേരിക്കയിലെ വിവിധ വേദികളിൽ ,ക്ഷണിക്കപ്പെട്ട സദസിൽ ആണ് വേണുജിയും സംഘവവും പരിപാടികൾ അവതരിപ്പിച്ചത്.പല ക്ഷണിക്കപ്പെട്ട സദസ്സുകളിലും മലയാളികളുടെ സാന്നിധ്യം കുറവായിരുന്നു തെല്ലു വിഷമം ഉണ്ടാക്കിയെങ്കിലും മലയാളി അന്യ ദേശത്തു ചെല്ലുമ്പോൾ മലയാളം മറക്കില്ല എന്ന കാര്യത്തിൽ തനിക്കു സന്തോഷമുണ്ടെന്നും വേണുജി ദി വൈ ഫൈ റിപ്പോർട്ടറോട് പറഞ്ഞു .