‘ഈട’യുടെ ആദ്യ ടീസര്‍ നാളെ വൈകിട്ട്

മൈസൂരിന്റെയും ഉത്തര മലബാറിന്റെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു പ്രണയകഥയാണ് ‘ഈട’. വടക്കൻ കേരളത്തിൽ ‘ഇവിടെ’ എന്ന് പറയുന്നത് ‘ഈട’ എന്നാണ്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ബി. അജിത് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്റർ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയാണ് പ്രേക്ഷകർക്കായി ആദ്യമായി ഓൺലൈനില്‍ പങ്കുവെച്ചിരുന്നത്. നാളെ (നവംബര്‍ 27 തിങ്കളാഴ്ച) വൈകിട്ട് ആറുമണിക്ക് ടീസര്‍ പുറത്തിറങ്ങും.‘കിസ്മത്’, ‘സൈറാ ബാനു’, ‘പറവ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ യുവ നടന്‍ ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി അരങ്ങേറിയ നിമിഷ സജയനാണ് ചിത്രത്തിലെ നായിക.ഡെൽറ്റ സ്റ്റുഡിയോക്കു വേണ്ടി കളക്റ്റീവ് ഫേസിന്റെ ബാനറിൽ രാജീവ് രവി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമാണം നിര്‍വ്വഹിച്ചിരിക്കുന്നത് ശർമിള രാജയാണ്. സുരഭി ലക്ഷ്മി, അലൻസിയർ, പി. ബാലചന്ദ്രൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ബാബു അന്നൂർ, ഷെല്ലി കിഷോർ, രാജേഷ് ശർമ്മ, സുധി കോപ്പ, അബു വളയംകുളം, സുബീഷ് സുധി,സുനിത തുടങ്ങിയവർ ‘ഈട’യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പപ്പു ഛായാഗ്രഹണവും പ്രമോദ് തോമസ് ശബ്ദസംവിധാനവും നിർവ്വഹിച്ച ‘ഈട’യില്‍ ഡോൺ വിൻസെന്റ്, സുബ്രമണ്യൻ കെ.വി, അശോക് പൊന്നപ്പൻ എന്നിവർ ചേർന്നാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.ജോൺ പി. വർക്കി , ചന്ദ്രൻ വെയാട്ടുമ്മൽ, സജു ശ്രീനിവാസ് എന്നിവര്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് കവി അൻവർ അലിയാണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അമല്‍ ആൻറണി, സിതാര കൃഷ്ണകുമാർ, രോഷ്നി സുരേഷ്, സജു ശ്രീനിവാസ് എന്നിവരാണ്.