കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തിന് വധശിക്ഷ

ഭോപ്പാല്‍: പന്ത്രണ്ട് വയസിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന ലൈംഗിക പീഡന കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിര്‍ദേശത്തിന് മധ്യപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലയ്യയാണ് ഇക്കാര്യം അറിയിച്ചത്.ഇതിനു വേണ്ടി നിയമം പീനല്‍ കോഡ് ഭേദഗതി ചെയ്യണമെന്നാണ് പ്രമേയം. ഇതു നിയമസഭയുടെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.

കൂട്ട ബലാത്സംഗ കേസുകളിലും ഇത്തരത്തില്‍ വധശിക്ഷ നല്‍കണമെന്നാണ് ശിവരാജ് സിങ് ചൗഹാന്‍ നയിക്കുന്ന സര്‍ക്കാരിന്റെ അഭിപ്രായം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയുള്ള നിയമഭേദഗതി കൊണ്ടുവരുന്നതായും ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള ശിക്ഷയും പിഴയും കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മധ്യപ്രദേശില്‍ കുട്ടികള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. സംസ്ഥാന തലസ്ഥാനത്ത് 10 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തതിന് 67 കാരന്‍ അടക്കം നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.