ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷന് (ഗാമ) ഇത് ചരിത്ര നിമിഷം ;ചാരിറ്റി ഫണ്ട് സെന്റർ ഫോർ ഓട്ടിസം ഇന്ത്യക്ക് കൈമാറി

മിനി നായർ ,അറ്റ്‌ലാന്റാ

അറ്റ്‌ലാന്റാ: :ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷന് (ഗാമ) ഒരു പൊൻതൂവൽ സമ്മാനിച്ചുകൊണ്ട് ഈ വർഷത്തെ ചാരിറ്റി ഫണ്ട് കൈമാറി.ഓട്ടിസം ബാധിച്ച കുട്ടികളുടെ പുനരധിവാസത്തിന് സെന്റര്‍ ഫോര്‍ ഓട്ടിസം ഇന്ത്യയുടെ നേതൃത്വത്തില്‍ തിരുവല്ലയില്‍ തുടങ്ങിയ ട്രെയ്നിങ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഓട്ടിസം ,സ്പർശം സ്‌കൂളിൽ നവംബർ 28 നു നടന്ന ചടങ്ങിൽ വച്ച് ഗാമയുടെ പ്രസിഡന്റ് ബിജു തുരുത്തുമാലിലും ഫണ്ട് റേസിംഗ് കമ്മിറ്റി ചെയർമാൻ അബ്രഹാം കരിപ്പാപ്പറമ്പിലും ചേർന്ന് സ്‌കൂൾ പ്രിൻസിപ്പൽ ബെറ്റി ജോർജിനും സ്‌കൂൾ വിദ്യാർത്ഥികൾക്കും ഫണ്ട് കൈമാറി .

ചിട്ടയോടെയും സുതാര്യതയോടെയും പ്രവർത്തിക്കുന്ന അമേരിക്കയിലെ മലയാളി സംഘടനകളിൽ പ്രഥമ സ്ഥാനമാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷന് (ഗാമ) ഉള്ളത് . ഗാമയുടെ പ്രവർത്തന പഥങ്ങളിലെ ഒരു സുവർണ്ണ നിമിഷമായിരുന്നു ഗാമാ ചാരിറ്റി ഫണ്ട് വിതരണം .ഗാമയുടെ പുതിയ ഭരണ സമിതി അധികാരമേറ്റെടുത്തു പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചപ്പോൾ പ്രഖ്യാപിച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരുന്നു ഗാമാ ചാരിറ്റി ഇവന്റ്. അതിൽ നിന്നും ലഭിക്കുന്ന തുകയുടെ ലാഭ വിഹിതം ഒരു ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കുക എന്നത് മറ്റൊരു ചാരിറ്റി പ്രവർത്തനം കൂടി ആയിരുന്നു.

ഗാമ സംഘടിപ്പിച്ച പൂമരം ഷോ സാധാരണക്കാരായ കലാകാരന്മാരുടെ ഷോ ആയിരുന്നു.അമേരിക്കയിൽ എത്തിയ പൂമരം ഏറ്റവും മികച്ച ഷോയും ആയിരുന്നു.ആ ചാരിറ്റി ഇവന്റിൽ നിന്ന് ലഭിച്ച ലാഭം സെന്റർ ഫോർ ഓട്ടിസം ഇന്ത്യയുടെ സ്പർശം സ്‌കൂളിന് ഒരു സ്‌കൂൾ ബസ് വാങ്ങുന്നതിനുള്ള ആദ്യ സഹായമായിരുന്നു ഗാമയുടേത്.

ഓർമകളെ അടുക്കി വയ്‌ക്കാൻ കഴിയാത്തവർക്കു തുണയാകാൻ തോന്നിയ വഴിയിൽ അഞ്ചു കുട്ടികളുമായി തുടങ്ങി ഇപ്പോൾ 30 ൽ അധികവും കുട്ടികളോടെ തിരുവല്ല,മഞ്ഞാടിയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ആണ് സെന്റർ ഫോർ ഓട്ടിസം ഇന്ത്യ സ്പർശം സ്‌കൂൾ .മാനസിക വൈകല്യമുള്ള കുട്ടികളെ പഠിപ്പിച്ചു അവരുടെ സ്വന്തം കാര്യങ്ങൾ ചെയ്യുവാനും ,സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുയർത്തുവാനും വേണ്ടി പ്രവർത്തിക്കുന്ന സ്‌കൂൾ ആണിത് .

സ്പർശം സ്‌കൂളിൽ നടന്ന സ്നേഹ സംഗമം പരിപാടി അഭിവന്ദ്യ ബിഷപ് തോമസ് ശാമുവേൽ ഉത്‌ഘാടനം ചെയ്തു.ദൈവം പ്രവർത്തിക്കുന്നത് കരുണയുള്ളവരിലൂടെയാണ് ,അശരണരായ ഒരാൾ ഉപേക്ഷിക്കപ്പെടുമ്പോൾ മറ്റൊരാൾ കൈത്താങ്ങായി കടന്നുവരുന്നു.ഇവിടെ മനസിന് ബലമില്ലാത്ത കുട്ടികൾക്കായി ഗാമയുടെ കൈകൾ എത്തുമ്പോൾ ദൈവവും സന്തോഷിക്കുമെന്നു അഭിവന്ദ്യ തിരുമേനി അഭിപ്രായപ്പെട്ടു.കുട്ടികൾക്ക് സ്‌കൂളിൽ വന്നു പഠിക്കുവാൻ ഒരു ബസ് ഒരു സ്വപ്നമായിരുന്നു .അതിനു തുടക്കമിട്ട ഗാമയുടെ പ്രവർത്തകരെ ഹൃദയം നിറഞ്ഞു അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . തിരുവല്ല നഗരസഭാ കൗൺസിലർ ജോർജ് ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗാമാ പ്രസിഡന്റ് ബിജു തുരുത്തുമാലിൽ ഫണ്ട് കൈമാറി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കഴിഞ്ഞ 36 വർഷങ്ങളായി അമേരിക്കൻ മലയാളികൾക്കിടയിൽ പ്രവർത്തനം സജീവമാക്കുകയും പ്രവർത്തന മികവ് കൊണ്ട് ജനമനസിൽ സ്ഥാനം നേടുകയും ചെയ്ത സംഘടനയാണ് ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷൻ . ഗാമ സംഘടിപ്പിച്ച പൂമരം എന്ന ഷോയിൽ നിന്നും ലഭിച്ച ലാഭം ഈ കുഞ്ഞുങ്ങളുടെ സന്തോഷത്തിനു ഉപകരിക്കുവാൻ ഇടയാകുന്നതിലുള്ള സന്തോഷം ഓരോ ഗാമ അംഗങ്ങളുടെയും പേരിൽ
അറിയിച്ചു .ഗാമയുടെ ചരിത്രം തന്നെ സാമൂഹ്യ സേവനരംഗത്ത് നൽകിയ മാതൃകകളാണ് .ഓരോ കമ്മിറ്റിയും അത് തുടരുമ്പോൾ ഒരു വലിയ ദൗത്യമാണ് ഞങ്ങൾ നടത്തുന്നത് എന്ന് ഈ കുഞ്ഞുങ്ങളുടെ മുഖദാവിൽ നിന്ന് ഞങ്ങൾക്ക് മനസിലാക്കുവാൻ സാധിക്കും.ഗാമയുടെ അംഗങ്ങളുടെ അർപ്പണ ബോധം കൊണ്ടാണ് ഇത്  സാധിച്ചത്.പ്രവർത്തിച്ചു സമൂഹത്തിനു നേരിട്ട് കാട്ടിക്കൊടുത്തു അംഗീകാരം നേടുക എന്ന തത്വമാണ് എന്നും ഗാമയ്ക്കുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു .

ഗാമാ ഫണ്ട് റേസിംഗ് ചെയർമാൻ അബ്രഹാം കരിപ്പാപ്പറമ്പിൽ ആശംസകൾ നേർന്നു സംസാരിച്ചു.ഗാമയ്ക്കു ഒരു ശക്തമായ നേതൃത്വമാണ് ഇപ്പോൾ ഉള്ളത് .ഗാമയെ ജനകീയമാക്കുന്നതിൽ ഈ നേതൃത്വം വഹിക്കുന്ന പങ്ക് വളരെ വലുതാണ് .ഈ കുഞ്ഞുങ്ങൾക്കുവേണ്ടി പ്രവർത്തിക്കുവാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ട് . അദ്ദേഹം പറഞ്ഞു.

സെന്റർ ഫോർ ഓട്ടിസം ഇന്ത്യ ഡയറക്ടർ ബോർഡ് മെമ്പർ ഷാജി ജോർജ് സ്വാഗതവും,സെന്റർ ഫോർ ഓട്ടിസം ഇന്ത്യ സ്പർശം സ്‌കൂൾ പ്രിൻസിപ്പാൾ ശ്രീമതി ബെറ്റി ജോർജ് നന്ദിയും പറഞ്ഞു .ശ്രീമതി നിർമ്മലാ പീറ്റർ ഈശ്വര പ്രാർത്ഥനയും നടത്തി.ചടങ്ങിനോടനുബന്ധിച്ചു കുട്ടികളുടെ കലാപരിപാടികളും നടന്നു.തിരുവല്ലയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികൾ ,രക്ഷകർത്താക്കൾ തുടങ്ങിയവരുടെയും അധ്യാപകരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായ ചടങ്ങായിരുന്നു സ്നേഹ സംഗമം പ്രോഗ്രാം

പെട്ടെന്നു മുതിരാത്ത കുട്ടികളെ ജീവിതത്തിന്റെ കുഞ്ഞുപാഠങ്ങൾ പഠിപ്പിക്കുവാൻ ഗാമയും കൈകോർക്കുമ്പോൾ അമേരിക്കൻ മലയാളികൾക്കും സന്തോഷിക്കാം .ഓർമ്മയുടെ വരമ്പത്തു ഒറ്റപ്പെട്ടുപോയ കുഞ്ഞുമക്കളെ സഹായിക്കുവാൻ സാധിച്ചല്ലോ എന്നോർത്ത്‌.