ഭാര്യ പറഞ്ഞതിനാലാണ് രാജ്യ സഭാ സീറ്റ് വാഗ്ദാനം താന്‍ നിരസിച്ചതെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ പ്രവേശിക്കേണ്ടെന്ന് ഭാര്യ പറഞ്ഞതിനാലാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വെച്ച രാജ്യ സഭാ സീറ്റ് വാഗ്ദാനം താന്‍ നിരസിച്ചതെന്ന് രഘുറാം രാജന്‍.ന്യൂഡല്‍ഹിയില്‍ ടൈം ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘എനിക്ക് രാജ്യ സഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നോ എന്ന കാര്യത്തില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. ഒരു പ്രൊഫസറായിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ തീര്‍ത്തും സന്തുഷ്ടനാണ് അതില്‍. ഈ ജോലിയാണ് ഞാന്‍ ഇഷ്ടപ്പെടുന്നതും’. ആംആദ്മി പാര്‍ട്ടി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയത്തിലേക്ക് എന്നെങ്കിലും പ്രവേശിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് തന്റെ ഉത്തരമെന്നും രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ തന്റെ ഭാര്യ ആദ്യമേ എതിര്‍പ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഘുറാം രാജന്‍ പറഞ്ഞു.

പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ ‘ഐ ഡു വാട്ട് ഐ ഡു’ പുസ്തകം പ്രസിദ്ധീകരിച്ചത്. ചെറിയ ചില പ്രശ്‌നങ്ങള്‍ നിലവിലുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജിഎസ്ടി ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.