ഐഎഫ്എഫ്‌കെയില്‍ എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കും:കമല്‍

തിരുവനന്തപുരം : സനല്‍ കുമാര്‍ ശശിധരന്റെ വിവാദമായ ചിത്രം എസ് ദുര്‍ഗ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും. ചിത്രത്തിന് പ്രത്യേക പ്രദര്‍ശനമുണ്ടായിരിക്കുമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും ഇക്കാര്യം സനല്‍ കുമാര്‍ ശശിധരന്‍ സമ്മതിച്ചെന്നും കമല്‍ പറഞ്ഞു.

നേരത്തെ ഗോവയില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ നിന്നും എസ് ദുര്‍ഗയെ ഒഴിവാക്കിയിരുന്നു. ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കുന്നതിന് അധികൃതര്‍ ശ്രമം നടത്തുന്നതായി ആരോപിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഗോവ സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന നിലപാടാണ് ചലച്ചിത്രോത്സവ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

ചലച്ചിത്രോത്സവ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രം നിലവിലുണ്ട്. ഇതനുസരിച്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വേദികള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനാണ് അന്തിമമായ അധികാരമുള്ളത്.

സിനിമയുടെ പേര് സംബന്ധിച്ചാണ് ആദ്യം എതിര്‍പ്പുകളുണ്ടായതെങ്കിലും ഇപ്പോള്‍ സിനിമയില്‍ മതവികാരം വൃണപ്പെടുത്തുന്ന ദൃശ്യങ്ങളുണ്ടെന്ന് ചില സംഘടനകള്‍ ആരോപണം ഉന്നയിച്ചിട്ടുണ്. ഈ സാഹചര്യത്തില്‍, ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് സര്‍ക്കാരിന് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാനാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.