രാജസ്ഥാനില്‍ ഹോസ്റ്റലുകളിലും ഇനി ദേശീയഗാനം നിര്‍ബന്ധം

ജയ്പുര്‍: രാജസ്ഥാനിലെ ഹോസ്റ്റലുകളിലും ഇനി ദേശീയഗാനം നിര്‍ബന്ധമാവും. ദേശീയ ഗാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ 800ഓളം വരുന്ന സര്‍ക്കാര്‍ ഹോസ്റ്റലുകളില്‍ ദിവസവും ദേശീയ ഗാനം ആലപിക്കണമെന്നാണ് സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവ്.

രാവിലെ 7മണിക്ക് പ്രാര്‍ത്ഥനാ സമയത്താണ് ദേശീയ ഗാനം ചൊല്ലേണ്ടത്. ലവംബര്‍ 26 ഞായറാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവില്‍ ഈ രീതി പിന്തുടരുന്നുണ്ട്. ഇത് സര്‍ക്കാര്‍ എയ്ഡഡ് ഹോസ്റ്റലുകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. വിദ്യാര്‍ഥികളില്‍ ദേശ ഭക്തി ഉണര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ സമിത് ശര്‍മ്മ അറിയിച്ചു.

ജീവനക്കാര്‍ രാവിലെ ദേശീയ ഗാനവും വൈകീട്ട വന്ദേമാതരവും ചൊല്ലണമെന്ന് ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിക്കാന്‍ കഴിയാത്തവര്‍ക്ക് പാകിസ്താനിലേക്ക് പോവാമെന്ന് സിറ്റി മേയര്‍ അശോക് ലഹോട്ടി പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് താല്‍പര്യമുള്ളവര്‍ക്ക് അനുഷ്ഠിക്കാം എന്നാക്കുകയായിരുന്നു.