ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണം വെറും നാടകമായിരുന്നുവെന്ന് നരേന്ദ്രമോദി

സൂറത്ത്: ഇന്ദിരാ ഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണം വെറും നാടകമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയെ പുറത്താക്കിയതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ നീക്കമായിരുന്നു ഇതെന്നും മോദി ആരോപിച്ചു.ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഡോദരയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊറാര്‍ജി ദേശായി ഗുജറാത്തുകാരനായിരുന്നു. അദ്ദേഹത്തെ രാത്രിക്ക് രാത്രി ഇന്ധിരാഗാന്ധി ധനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കുകയായിരുന്നു.തന്നെ വെറും കറിവേപ്പില പോലെ തഴഞ്ഞുവെന്ന് മൊറാര്‍ജി ദേശായി പിന്നീട് പറഞ്ഞിട്ടുണ്ട്. ഇതിന് ശേഷം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് ഇന്ധിരാഗാന്ധി ബാങ്ക് ദേശസാല്‍ക്കരണം പ്രഖ്യാപിച്ചത്.

പാവങ്ങളെ സഹായിക്കാനാണ് ബാങ്ക് ദേശസാല്‍ക്കരണമെന്ന് പറഞ്ഞായിരുന്നു നടപടി. എന്നാല്‍ പാവങ്ങള്‍ക്കു മുന്നില്‍ ബാങ്കുകളുടെ വാതില്‍ തുറന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.2004ല്‍ തങ്ങള്‍ അധികാരത്തിലെത്തിയപ്പോഴാണ് 30 കോടിയോളം വരുന്ന സാധാരണക്കാര്‍ക്കുമുന്നില്‍ ബാങ്കുകള്‍ തുറന്നത്, തന്റെ സര്‍ക്കാര്‍ ജന്‍ ധന്‍ യോജന നടപ്പിലാക്കിയതിന് ശേഷമാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ 22 വര്‍ഷമായി എന്താണ് ബിജെപി ഗുജറാത്തില്‍ ചെയ്തതെന്നാണ് അവര്‍ ചോദിക്കുന്നത്. എന്തുചെയ്തു എന്നതിന്റെ തെളിവാണ് ചിലര്‍ ഗുജറാത്തിലെ അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് ജാതി രാഷ്ട്രീയം കളിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്നും, 25 വര്‍ഷം മുമ്പ് വരെ അവര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് ഇന്നും ഗുജറാത്തികള്‍ അനുഭവിക്കുകയാണെന്നും മോദി ആരോപിച്ചു.