മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ (89) അന്തരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രിമാരില്‍ പ്രമുഖനാണ് ചന്ദ്രശേഖരന്‍. പൊതുവിപണിയില്‍ ഇടപെടാന്‍ മാവേലി സ്‌റ്റോര്‍ ആരംഭിച്ചതിന്റെ പേരില്‍ കേരളത്തിന്റെ മാവേലി മന്ത്രിയായി വാഴ്ത്തപ്പെടുന്നു. ഓണച്ചന്തകളുടെ തുടക്കവും അദ്ദേഹത്തിന്റെ കാലത്താണ്. മികച്ച സഹകാരി. അഴിമതി ആരോപണങ്ങളുടെയും വിവാദങ്ങളുടെയും നിഴല്‍ വീഴാത്ത ആദരണീയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

വക്കീല്‍ ബിരുദധാരിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ഈശ്വര പിള്ളയുടെയും മീനാക്ഷിയുടെയും മൂത്ത മകനായി 1928 ഡിസംബര്‍ 2ന് ഇ. ചന്ദ്രശേഖരന്‍നായര്‍ ജനിച്ചു. ശ്രീമൂലം അസംബ്ലിയിലെ അംഗവും എംഎല്‍സിയുമായിരുന്നു അച്ഛന്‍. 1952 വരെ അദ്ദേഹം സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു.

കൊട്ടാരക്കര ഹൈസ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ചങ്ങനാശേരി എസ്ബി കോളജില്‍ ഇന്റര്‍മീഡിയറ്റിനു ശേഷം അണ്ണാമല സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്ന കാലത്താണു ചന്ദ്രശേഖരന്‍ നായര്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദ്യാര്‍ഥി കോണ്‍ഗ്രസിലാണ് അക്കാലത്തെ പ്രവര്‍ത്തനം. ബിരുദമെടുത്തു കൊട്ടാരക്കരയില്‍ മടങ്ങിയെത്തി. കുറേക്കാലം കുടുംബം വക സ്‌കൂളില്‍ അധ്യാപകനായി. 1950ല്‍ എറണാകുളം ലോ കോളജിന്റെ ആദ്യ ബാച്ചില്‍ തന്നെ ചേര്‍ന്നു. നിയമ ബിരുദം നേടി കൊട്ടാരക്കരയില്‍ പ്രാക്ടീസ് തുടങ്ങി. സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം ഇക്കാലത്താണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സോഷ്യലിസ്റ്റു പാര്‍ട്ടിയിലാണു തുടക്കം.

1952ലെ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തിലെ ഐഎസ്പി സ്ഥാനാര്‍ഥിയായ കൃഷ്ണന്‍ നായരുടെ തിരഞ്ഞെടുപ്പുകമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അദ്ദേഹം അംഗമായി. 1957ല്‍ കൊട്ടാരക്കര മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1960ലും 1965ലും കൊട്ടാരക്കരയില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 64ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ നിലയുറപ്പിച്ചു. 1967ല്‍ കൊട്ടാരക്കര മണ്ഡലത്തില്‍ ആര്‍. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1969ല്‍ മുഖ്യമന്ത്രിയായ അച്യുതമേനോനു മല്‍സരിക്കാന്‍ വേണ്ടി 1970 ഫെബ്രുവരിയില്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. 1977ലും 1980ലും ചടയമംഗലത്തുനിന്നായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 1982ല്‍ കൊട്ടാരക്കരയില്‍ പിള്ളയോടു പരാജയപ്പെട്ടു. 1987ല്‍ പത്തനാപുരത്തുനിന്നും 1996ല്‍ കരുനാഗപ്പള്ളിയില്‍നിന്നും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.