അബി അന്തരിച്ചു ,”ആമിനതാത്താ “യ്ക്ക് മരണമില്ല

പ്രശസ്ത മിമിക്രി താരവും നടനുമായ അബി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.56 വയസായിരുന്നു.രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മരണം.
ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.രക്തത്തില്‍ പ്ലേറ്റ്ലെറ്റ്സ് കുറയുന്ന രോഗം മൂലം സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും അബി വിട്ടു നിന്നിരുന്നു.അദ്ദേഹം അവസാനമായി സ്റ്റേജ് ഷോയിൽ പങ്കെടുത്തത് അമേരിക്കൻ ഷോ ആയ പൂമരം ആയിരുന്നു.കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി മലയാള സിനിമയിലും തന്റേതായ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്.ബിഗ് ബി അമിതാഭ് ബച്ചന്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നിവരെ തന്‍മയത്വത്തോടെ അനുകരിച്ചതിലൂടെയായിരുന്നു അബി മലയാളികള്‍ക്ക് പ്രിയപ്പെട്ട മിമിക്രിതാരമായി മാറിയത്. .
യുവനടന്‍ ഷെയ്ന്‍ നിഗം ആണ് മകന്‍.അബിയുടെ എക്കാലവും ഓർത്തിരിക്കുന്ന ഒരു സാങ്കൽപ്പിക കഥാപാത്രം അഭിയുടെ ആമിന താത്ത ആണ്.സോഷ്യല്‍ മീഡിയയും അതിന്റെ ഓളങ്ങളും വ്യാപകമാവും മുമ്പു മലയാളിയെ പൊട്ടിച്ചിരിപ്പിക്കാന്‍ തുടങ്ങിയതാണ് ആമിനത്താത്ത. ഇന്നും ചിരിയുടെ ഒരു നേര്‍ത്ത ചീളെങ്കിലുമില്ലാതെ ഓര്‍ക്കാനാവില്ല ആമിനത്താത്തയെ. നിഷ്‌കളങ്കയായ നാടന്‍ താത്തയെ അനുകരിച്ച് പിന്നീട് ഒരുപാട് പേര്‍ രംഗത്തെത്തിയെങ്കിലും അബിക്കൊപ്പമെത്താന്‍ കഴിഞ്ഞിട്ടില്ല ആര്‍ക്കും.

തന്റെ കുടുംബത്തിലെ തന്നെ ഒരംഗത്തെ മാതൃകയാക്കിയാണത്രെ ആമിനത്താത്തയെ രൂപകല്‍പന ചെയ്തത്. ദേ മാവേലി കൊമ്പത്ത് എന്ന കോമഡി കാസറ്റ് പരമ്പരയിലൂടെ ദിലീപിനും നാദിര്‍ഷായ്ക്കുമൊപ്പം ആമിനത്താത്തയായി എത്തിയ അബിയെയും മലയാളി നെഞ്ചേറ്റി. സ്ത്രീവേഷധാരികളായ പുരുഷന്‍മാരെ സ്റ്റേജുകളില്‍ സജീവമാക്കിയതും ആമിത്താത്തയാണ്.

ഉത്സവക്കമ്മിറ്റിക്കാരാണ് ഹബീബ് മുഹമ്മദെന്ന തന്നെ അബിയാക്കിയതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ജോലി ചെയ്തു. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച മിക്ക പരസ്യങ്ങളിലും ശബ്ദം നല്‍കിയിരുന്നത് അബിയായിരുന്നു.

സിനിമയില്‍ വലിയ നടനാകണമെന്നായിരുന്നു അബിയുടെ ആഗ്രഹം. എന്നാല്‍ ആള്‍ക്കൂട്ടത്തിലൊരുവനായി എന്നും മാറ്റപ്പെട്ടപ്പോഴും അബി ആരോടും പരാതി പറഞ്ഞില്ല. തന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളെ സൗഭാഗ്യങ്ങളായി കരുതി. ഒടുവില്‍ നായക താരമെന്ന മോഹം മകനിലൂടെ കണ്ടു അബി. കിസ്മത്ത് എന്ന സിനിമയിലൂടെ നായകനായെത്തിയ മകന്‍ ഷെയ്ന്‍ നിഗം c/o സെറാബാനു, പറവ എന്നീ സിനിമകളിലും പ്രധാന കഥാപാത്രമായിരുന്നു.