കേരളതീരത്ത് ചുഴലിക്കാറ്റ്

തിരുവനന്തപുരം: കനത്ത മഴക്കു പിന്നാലെ ചുഴലിക്കാറ്റു ഭീഷണിയും. കന്യാകുമാരി, നാഗര്‍കോവില്‍ മേഖലയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്. അതിശക്തമായ മഴയ്ക്കു സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. മേഖലയിലെ വൈദ്യുതി വിതരണം താറുമാറായി.

അടിമാലിക്കടുത്ത് കെ.എസ്.ആര്‍.ടി.സി ബസിനു മുകളില്‍ പോസ്റ്റ് വീണു. രണ്ടിടത്ത് ഉരുള്‍പോട്ടി. നെയ്യാര്‍ ഡാം തുറന്നു വിട്ടു.

കന്യാകുമാരിക്കു സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ ആരംഭിച്ചത്. ന്യൂനമര്‍ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങുകയാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ മലയോര മേഖലകളില്‍ വൈകുന്നേരം ആറു മുതല്‍ രാവിലെ ഏഴുവരെയുള്ള സമയം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മഴയെ തുടര്‍ന്നു ചില ട്രെയിനുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. ചിലത് റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍

56318 നാഗര്‍കോവില്‍ – കൊച്ചുവേളി
56317 കൊച്ചുവേളി – നാഗര്‍കോവില്‍
66304 കൊല്ലം – കന്യാകുമാരി മെമു
66305 കന്യാകുമാരി – കൊല്ലം

പുനഃക്രമീകരിച്ച ട്രെയിനുകള്‍

16723/16724 അനന്തപുരി എക്‌സ്പ്രസ് കൊല്ലത്തുനിന്നാവും പുറപ്പെടുക
രാവിലെ 6.40ന് കന്യാകുമാരിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്‌സ്പ്രസ് ഉച്ചയ്ക്കു രണ്ടിനേ പുറപ്പെടൂ.
രാവിലെ 10.30ന് കന്യാകുമാരിയില്‍നിന്നു ബംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ്ബിസി എക്‌സ്പ്രസ് മൂന്നു മണിക്കേ പുറപ്പെടൂ.

 ജലവിതാനം 115 മീറ്റര്‍ കടന്നതിനാല്‍ തെന്‍മല പരപ്പാര്‍ ഡാം ഏതുനിമിഷവും തുറന്നുവിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മലയോര മേഖലകളില്‍ ഇന്നു വൈകിട്ടു ആറു മുതല്‍ ഡിസംബര്‍ ഒന്ന് രാവിലെവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കിഴക്കന്‍മേഖലയില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.