ഓഖിചുഴലിക്കാറ്റ് ; രണ്ടിടത്ത് ഉരുള്‍‌പൊട്ടല്‍, 4 മരണം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ നാല് പേര്‍ മരിച്ചു. രണ്ടിടത്ത് ഉരുള്‍പൊട്ടലുണ്ടായി. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിലും മുതലത്തോട് വനമേഖലയിലുമാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഓഖി നാശം വിതച്ച കന്യാകുമാരിയില്‍ 70 അംഗ ദുരന്ത നിവാരണ സേനയെത്തും. കൊല്ലം ജില്ലയിലെ കുളത്തൂ‍പ്പുഴയില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ വിഷ്ണു മരിച്ചു. മഴയും കാറ്റും ഇനിയും കനക്കുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈകിട്ടോടെ മഴ ശക്തി പ്രാപിക്കും. ഏത് സാഹചര്യവും നേരിടാന്‍ തയാറായി ഇരിക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കി. രാത്രി മല കയറ്റം ഒഴിവാക്കണമെന്ന് ശബരിമല തീര്‍ത്ഥാടകര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പമ്പയില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ സ്കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ 48 മണിക്കൂര്‍ നേരത്തേയ്ക്ക് കടലില്‍ പോകരുത്. കനത്ത മഴയെ തുടര്‍ന്ന് ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് സമയ ക്രമീകരണം നടത്തകയും ചെയ്തു. 56318 നാഗര്‍കോവില്‍ – കൊച്ചുവേളി, 56317 കൊച്ചുവേളി – നാഗര്‍കോവില്‍, 66304 കൊല്ലം – കന്യാകുമാരി മെമു, 66305 കന്യാകുമാരി – കൊല്ലം എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.

16723/16724 അനന്തപുരി എക്സ്പ്രസ് കൊല്ലത്തു നിന്നാവും പുറപ്പെടുകയെന്നും രാവിലെ 6.40ന് കന്യാകുമാരിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്സ്പ്രസ് ഉച്ചയ്ക്കു രണ്ടിനേ പുറപ്പെടൂവെന്നും രാവിലെ 10.30ന് കന്യാകുമാരിയില്‍നിന്നു ബംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ്‌ബിസി എക്സ്പ്രസ് മൂന്നു മണിക്കേ പുറപ്പെടൂവെന്നും റെയില്‍വെ അറിയിച്ചു.

അതിനിടെ അമ്പൂരിയില്‍ ഉരുള്‍‌പൊട്ടലുണ്ടായി. പത്തോളം വീടുകളില്‍ വെള്ളം കയറി. ആര്‍ക്കും പരിക്കില്ല. ശക്തമായ മഴയില്‍ പാറശാലയില്‍ കലോത്സവ വേദി തകര്‍ന്നു. കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അച്ചന്‍‌കോവിലില്‍ വനവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ട നിലയിലാണ്. അച്ചന്‍ കാവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കൊല്ലം ചെങ്കോട്ട ദേശീയപാതയില്‍ മരങ്ങള്‍ കടപുഴുകി വീണതോടെ വാഹന ഗതാഗതവും തടസപ്പെട്ടു.

മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് തെക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെട്ടത്. കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയാണ്. ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്.

പലയിടത്തും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പലയിടത്തും ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.