കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. 13 മത്സ്യത്തൊഴിലാളികളെ മാത്രമാണ് ഇന്നലെ രാത്രി വരെ തിരികെയെത്തിക്കാന്‍ സാധിച്ചത്. 40ഓളം വള്ളങ്ങളിലായുള്ള 150 ഓളം തൊഴിലാളികള്‍ കടലില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിലയിരുത്തല്‍.

കനത്ത മഴയും കാറ്റും മൂലം ഇന്നലെ രാത്രി വൈകി രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. രാവിലെ പുനരാരംഭിക്കാനാണ് തീരുമാനം. കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ പക്കല്‍ ഭക്ഷണമോ വെള്ളമോ കാണാന്‍ സാധ്യതയില്ലാത്തതും ആശങ്കക്കിടയാക്കുന്നുണ്ട്. അതേസമയം തീരദേശ മേഖലകളില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കൂടുതല്‍ ദുരുതാശ്വാസ ക്യാമ്പുകളും ഇന്ന് തുറക്കും.

അതേസമയം ചുഴലിക്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പരാജയപ്പെട്ടതായി മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. എന്നാല്‍ ചുഴലിക്കാറ്റും പേമാരിയും വന്‍ തിരമാലകളും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് വിദഗ്ധരുടെ വിശദീകരണം.

11 മണിയോടെയാണു ന്യൂനമര്‍ദം കൊടുങ്കാറ്റായി മാറിയതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനമര്‍ദങ്ങള്‍ സാധാരണയാണ്; അപൂര്‍വമായി മാത്രമേ കൊടുങ്കാറ്റായി മാറൂ. ഇതിനു പുറമേ, പ്രഭവകേന്ദ്രം തീരത്തോട് അടുത്തായതും (തീരത്തിന് 70 കിലോമീറ്റര്‍ മാത്രം അകലെ) തിരിച്ചടിയായി. ശ്രീലങ്കയുടെ പടിഞ്ഞാറു ഭാഗത്തേക്കു കാറ്റ് നീങ്ങുമെന്നായിരുന്നു ഇന്നലെ രാവിലെ വരെയുള്ള നിഗമനം. എന്നാല്‍, പിന്നീടു വടക്കന്‍ ദിശയിലേക്കു മാറി.കന്യാകുമാരി വരെ ഭാഗങ്ങളില്‍ കാറ്റുണ്ടാകുമെന്നായിരുന്നു ആദ്യ സൂചനയെന്നും വിദഗ്ധര്‍ വിശദീകരിച്ചു.

ഇന്ധനം തീര്‍ന്ന് പോയത് മൂലമാണ് പലര്‍ക്കും തിരികെയെത്താന്‍ കഴിയാത്തതെന്നാണ് കരുതുന്നത്. എയര്‍ഫോഴ്‌സിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടേയും അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് ഇവരെ തിരികെയെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.