‘എന്റെ ആരോഗ്യം എന്റെ അവകാശമാണ്’ :ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ‘എന്റെ ആരോഗ്യം എന്റെ അവകാശമാണ്’ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. 2030ഓടെ എച്ച്‌ഐവി വൈറസ് ഇല്ലാതാക്കുക എന്നതാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ 65 ശതമാനവും വീട്ടമ്മമാരാണെന്നാണ് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക്.

ഈ വര്‍ഷം ഒക്ടോബര്‍ വരെ 1071 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 415 പേര്‍ സ്ത്രീകളാണ്. ആകെ കേസുകളില്‍ 65 ശതമാനവും വീട്ടമ്മമാരിലാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.എയ്ഡ്‌സ് ഇന്ന് ഒരു ആഗോള ആരോഗ്യ പ്രശ്‌നമായി തീര്‍ന്നിരിക്കുന്നു. ലോക രാഷ്ട്രങ്ങള്‍ ചില അന്തര്‍ദേശീയ സംഘടനകളിലൂടെ എയ്ഡ്‌സ് തുടച്ചുനീക്കുന്നതിനുള്ള യജ്ഞത്തില്‍ പങ്കാളികളായിരിക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബോധവല്‍ക്കരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ഈ മഹാമാരിയുണ്ടാക്കുന്ന വലിയ ആരോഗ്യപ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എയ്ഡ്‌സ് ഫലപ്രദമായി തടയാന്‍ കഴിയുന്ന വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമം ഇന്നും ഒരു ചോദ്യചിഹ്നമായി തന്നെ നിലനില്‍ക്കുന്നു. 1994ന് മുമ്പുതന്നെ മൂന്നാം ലോക രാഷ്ട്രങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ വൈദ്യശാസ്ത്രരംഗം നിര്‍ബാധം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു .
അമേരിക്കയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് സ്വവര്‍ഗരതിക്കാരുടെ ഇടയില്‍ കണ്ടുതുടങ്ങിയ രോഗം ന്യൂയോര്‍ക്കില്‍ ലഹരിമരുന്നുപയോഗിക്കുന്ന സ്ത്രീ ലൈംഗിക തൊഴിലാളികളുടെ ഇടയില്‍ കണ്ടെത്തി. രോഗാണുവിമുക്തമാകാത്ത സിറിഞ്ച് പലരും ഉപയോഗിക്കുന്നതുമൂലമാണ് രോഗം പടര്‍ന്നതെന്നും മനസിലാക്കി. തുടര്‍ന്ന് രക്തം സ്വീകരിച്ചവരിലും എയ്ഡ്‌സ് പകര്‍ന്നതായും തെളിയിക്കപ്പെട്ടു.

എന്താണ് എയ്ഡ്‌സ്? എഐഡിഎസ് എന്ന ഇംഗ്ലീഷില്‍ പ്രതിനിധീകരിക്കുന്നു. എ എന്നത് അക്വേര്‍ഡ് (ആര്‍ജ്ജിതമാണ് പരമ്പരാഗതമല്ല), ഐ എന്നത് (ഇംമുനൊ) രോഗപ്രതിരോധം ഡി എന്നത് (ഡെഫിഷ്യന്‍സി) ശക്തിക്ഷയം എസ് എന്നത് (സിന്‍ട്രോം) രോഗസമുച്ചയം. ആര്‍ജ്ജിത രോഗപ്രതിരോധ ശക്തിക്ഷയം എന്നാല്‍ ശരീരത്തില്‍ മറ്റ് രോഗാണുക്കള്‍ പ്രവേശിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തുന്നത് രക്തത്തിലെ കോശങ്ങളാണ്.എയ്ഡ്‌സ് വൈറസുകള്‍ (എച്ച്‌ഐവി) രക്തത്തില്‍ പ്രവേശിച്ചാലുടന്‍ കോശങ്ങളില്‍ പ്രവേശിച്ച് അവയുടെ പ്രതിരോധശക്തി നശിപ്പിക്കുന്നു. അതുകൊണ്ട് എല്ലാ രോഗാണുക്കള്‍ക്കും ശരീരം ഒരാവാസ കേന്ദ്രമായി തീരുന്നു. അങ്ങനെ രോഗാണുക്കള്‍ പ്രവേശിച്ച് രോഗസമുച്ചയം ആരോഗ്യത്തെ വളരെ വേഗത്തില്‍ കാര്‍ന്നുതിന്നുന്നു.

രോഗാണു (എച്ച്‌ഐവി വൈറസ്) ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 6 മുതല്‍ 12 ആഴ്ചവരെ പരിശോധിച്ചാല്‍ രോഗം കണ്ടെത്താനാകില്ല. രോഗലക്ഷണങ്ങളും കാണില്ല. ഈ സമയത്തിന് വിന്‍ഡോ പീരിയഡ് എന്നാണ് പറയുക.
രോഗസംക്രമണം പ്രധാനമായി രോഗം ബാധിച്ച ഇണയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രോഗം ബാധിച്ചവരുടെ രക്തം സ്വീകരിക്കുന്നതിലൂടെയും അണുവിമുക്തമാക്കാത്ത സിറിഞ്ചും നീഡിലും ഉപയോഗിക്കുന്നതിലൂടെയുമാണ്. രോഗം ബാധിച്ച അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന് പൊക്കിള്‍ക്കൊടിയിലൂടെയും പ്രസവശേഷവും രോഗം ബാധിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹസ്തദാനത്തിലൂടെയോ സാധാരണ ചുംബനത്തിലൂടെയോ കെട്ടിപ്പിടിക്കുന്നതിലൂടെയോ ചുമയ്ക്കുന്നതിലൂടെയോ കൊതുക് കടിയിലൂടെയോ കൂടെ കളിക്കുന്നതുകൊണ്ടോ, കക്കൂസ് – കുളിമുറി ഇവ ഉപയോഗിക്കുന്നതുകൊണ്ടോ, ആഹാരം കഴിക്കുന്ന പാത്രത്തിലൂടെയോ, ഒരേ മുറിയില്‍ കിടന്നതുകൊണ്ടോ രോഗം പകരില്ലായെന്നത് പ്രത്യേകം മനസിലാക്കണം. അതുകൊണ്ട് എയ്ഡ്‌സ് രോഗികളോട് അടുത്ത് പെരുമാറുകയും സാന്ത്വനപ്പെടുത്തുകയും ചെയ്യാവുന്നതാണ്.

വളരെ വേഗത്തില്‍ ശരീരത്തിന്റെ ഭാരം കുറയുക, കഠിനമായ വയറിളക്കം, ക്ഷയം, ദീര്‍ഘനാളത്തെ പനി, ശരീരത്തില്‍ തടിപ്പുകള്‍, തൊലിപ്പുറ രോഗങ്ങള്‍, മുതലായവ വായു, ജലം, ആഹാരം തുടങ്ങിയവയിലൂടെ പകരാന്‍ കഴിയാത്ത മാരകരോഗമായതിനാല്‍ ഓരോ വ്യക്തിയും അവരുടെ സ്വഭാവ രൂപീകരണം ശരിയായ രീതിയില്‍ നടത്തിയാല്‍ ഈ രോഗത്തെ യാതൊരു കാരണവശാലും ഭയക്കേണ്ടതില്ല. ലൈംഗിക ചൂഷണത്തിനുള്ള വ്യഗ്രതയാണ് എയ്ഡ്‌സ് പകരാന്‍ പലപ്പോഴും വഴിയൊരുക്കുന്നത്. രക്തം സ്വീകരിക്കല്‍ സുരക്ഷിതമായിരിക്കുക, രോഗിക്കുവേണ്ടി ഉപയോഗിക്കേണ്ട സിറിഞ്ച്, നീഡില്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ശരിയായരീതിയില്‍ അണവിമുക്തമാക്കിയശേഷം മാത്രം ഉപയോഗിക്കുക, ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് സേവനം വേണ്ട ബാര്‍ബര്‍ഷോപ്പുകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ പ്രത്യേക ബ്ലയിഡും അണുനാശിനിയും ഉപയോഗിക്കുക മുതലായവ അത്യന്താപേക്ഷിതമാണ്.