സൌദിയില്‍ കഴിഞ്ഞ ഒരാഴ്ചയായി സുരക്ഷാവകുപ്പുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ 99,135 അനധികൃത വിദേശതാമസക്കാര്‍ പിടിയിലായി

ജിദ്ദ :സൌദിയില്‍ കഴിഞ്ഞ ഒരാഴ്ചയായി സുരക്ഷാവകുപ്പുകള്‍ സംയുക്തമായി നടത്തിയ റെയ്ഡില്‍ 99,135 അനധികൃത വിദേശതാമസക്കാര്‍ പിടിയിലായി രാജ്യവ്യാപക പരിശോധനയില്‍ നവംബര്‍ 15നും 27നും ഇടയിലാണ് ഇത്രയധികം വിദേശികള്‍ പിടിയിലായത്.അനധികൃത താമസക്കാര്‍ക്ക് സഹായം നല്‍കിയവരും അറസ്റ്റിലായതായി ആഭ്യന്തരമന്ത്രാലയ അധികൃതര്‍ അറിയിക്കുന്നു.അറസ്റ്റിലായവരില്‍ 67,546 പേര്‍ താമസരേഖ (ഇഖാമ) നിയമലംഘകരും 24,286 പേര്‍ തൊഴില്‍നിയമ ലംഘകരുമാണ്.17,303 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരാണ്.നിയമലംഘകര്‍ക്ക് സഹായസൌകര്യങ്ങള്‍ നല്‍കിയ 376 വിദേശികളും 48 സൌദികളും അറസ്റ്റിലായിട്ടുണ്ട്.

പൊതുമാപ്പ് അവസാനിച്ചതോടെ അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശികളെ കണ്ടെത്താനാണ് രാജ്യവ്യാപക പരിശോധന നടക്കുന്നത്.രാജ്യത്തുള്ള മുഴുവന്‍ നിയമലംഘകരെയും പിടികൂടുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയവക്താവ് ഖാലിദ് അബല്‍ ഖൈല്‍ അറിയിച്ചു.നിയമലംഘകരെ തര്‍ഹീല്‍വഴിയാണ് നാടുകടത്തുന്നത്. പൊതുമാപ്പ് നവംബര്‍ 14നാണ് അവസാനിച്ചത്.

സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ സ്വന്തം നിലയ്ക്ക് ജോലി ചെയ്യുന്ന വിദേശികള്‍ക്ക് 10,000 റിയാലും നാടുകടത്തലുമാണ് ശിക്ഷ.സന്ദര്‍ശകവിസ, ഹജ്ജ്, ഉംറ വിസകളില്‍ നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 50,000 റിയാല്‍വരെ പിഴയും ആറുമാസം വരെ തടവും ലഭിക്കും.വിദേശികളെ ജോലിക്കായി പുറത്തേക്ക് വിടുന്ന തൊഴിലുടമയ്ക്ക് ഒരുലക്ഷം റിയാല്‍വരെ പിഴയും ആറുമാസംവരെ തടവും അഞ്ചുവര്‍ഷത്തേക്ക് റിക്രൂട്ട്മെന്റ് വിലക്കും ലഭിക്കും.

നിയമലംഘകര്‍ക്ക് അഭയമോ യാത്രാസൌകര്യമോ ജോലിയോ മറ്റ് സഹായങ്ങളോ നല്‍കുന്ന വിദേശികളെ നാടുകടത്തും സ്വദേശികളാണെങ്കില്‍ ഒരുലക്ഷം റിയാല്‍വരെ പിഴയും ആറുമാസം തടവും ലഭിക്കും.