ശക്തിയേറി ഓഖി: മരണം 10 ആയി; 2600ലധികം മത്സ്യതൊഴിലാളികള്‍ കടലില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായത് 2600ലധികം മത്സ്യതൊഴിലാളികള്‍. കൊച്ചിയില്‍നിന്നുള്ള 200 ബോട്ടുകളെക്കുറിച്ചു സൂചനയില്ല. ഇരുന്നൂറിലധികം തൊഴിലാളികളാണ് ബോട്ടുകളിലുള്ളത്. അതേസമയം, ഏറ്റവുമധികം മല്‍സ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയില്‍ പ്രതിഷേധം ശക്തമായി. രക്ഷാപ്രവര്‍ത്തന നടപടികള്‍ കൃത്യമല്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ റോഡുപരോധിച്ചു.കടലാക്രമണവും ശക്തമായ കാറ്റും ഉണ്ടാകുമെന്ന കേന്ദ്ര സമുദ്ര വിവര കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. അറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതാണ് ‘ഓഖി’ ദുരന്തത്തില്‍ നാശനഷ്ടം കൂടാന്‍ കാരണമായത്. കേരളത്തിലും ലക്ഷദ്വീപിലും കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ബുധനാഴ്ച നല്‍കിയ മുന്നറിയിപ്പില്‍ അറിയിച്ചിരുന്നത്. അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഈ അറിയിപ്പ് അയച്ചു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍മാര്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഈ വിവരം കൈമാറിയിരുന്നില്ല.

രാവിലെ മുതല്‍ പൂന്തുറയില്‍ പ്രതിഷേധം ശക്തമായിരുന്നു. അധികൃതര്‍ ആരും തങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ലെന്നും കലക്ടര്‍ പോലും അവിടേക്ക് എത്തിയില്ലെന്നാണ് ആരോപണം. രക്ഷാപ്രവര്‍ത്തനത്തിന് പുറംകടലിനെക്കുറിച്ചു നന്നായി അറിയുന്ന തങ്ങളെയും കൊണ്ടുപോകണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പൂന്തുറയില്‍ സന്ദര്‍ശനം നടത്തി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് ഇരുവരും മടങ്ങിയത്.

പൂന്തുറയില്‍നിന്ന് 102 പേരെയാണു കാണാതായത്. ഇവരില്‍ 30 പേരെ കണ്ടുകിട്ടിയതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. 20 പേര്‍ വിവിധ കപ്പലുകളിലായി ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. നാവികസേനയും സൈന്യവും നടത്തിയ തിരച്ചിലില്‍ 57 പേരെ കണ്ടെത്തിയതായും പറയപ്പെടുന്നു. പൂന്തുറ സെന്റ് തോമസ് പള്ളിയിലാണ് ‘ഓഖി’ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.

കൊല്ലം വാടി മത്സ്യബന്ധന തുറമുഖത്തുനിന്ന് ഇന്നലെ രാവിലെ കടലില്‍പ്പോയ രണ്ടു വള്ളങ്ങളെക്കുറിച്ച് ഇപ്പോഴും വിവരമില്ല. രണ്ടു ബോട്ടുകളിലായി എട്ടു പേരാണ് കടലില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ രാത്രി ആറോടെ എത്തിച്ചേരേണ്ട വള്ളങ്ങളായിരുന്നു ഇത്. രാവിലെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് തിരച്ചിലിനിറങ്ങിയെങ്കിലും വള്ളങ്ങള്‍ കണ്ടെത്താനായിട്ടില്ല. നാവിക സേന തിരച്ചില്‍ നടത്തുന്നുണ്ടോയെന്ന് അറിവില്ലെന്നു പൊലീസ് പറയുന്നു. മത്സ്യത്തൊഴിലാളികള്‍ നേരിട്ട് തിരച്ചിലിനിറങ്ങിയത് ആദ്യം തടഞ്ഞെങ്കിലും ഇപ്പോള്‍ ഇരുപതോളം മത്സ്യത്തൊഴിലാളികള്‍ ഒരു ബോട്ടില്‍ തിരച്ചിലിനായി കടലിലേക്കു പോയി.

ഇതിനിടെ നീണ്ടകര ഹാര്‍ബറില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ 15 വലിയ വള്ളങ്ങളെക്കുറിച്ച് ഒരു അറിവുമില്ലെന്ന പരാതി കോസ്റ്റല്‍ പൊലീസിനു ലഭിച്ചു. ഒരാഴ്ചയോളം കടലില്‍ തങ്ങുന്ന വലിയ സ്റ്റോര്‍ വള്ളങ്ങളാണു കാണാതായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ്. കൊല്ലം, ഇരവിപുരം തീരങ്ങളില്‍ രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്നു. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്

അറുപതോളം പേരെ കോസ്റ്റ് ഗാര്‍ഡും നേവിയും രക്ഷപ്പെടുത്തിയെന്നു തിരുവനന്തപുരം ജില്ലാ കലക്ടര്‍. രക്ഷാപ്രവര്‍ത്തനം ധൃതഗതിയിലാണു നടക്കുന്നത്. കാറ്റും കടല്‍ക്ഷോഭവും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. വള്ളവും ബോട്ടും ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങാന്‍ മത്സ്യത്തൊഴിലാളികള്‍ മടിക്കുകയാണ്. തിരുവനന്തപുരം ജില്ലയില്‍ 18 ക്യാംപുകളിലായി 281 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചുവെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

തീരദേശങ്ങളിലേയും മെഡിക്കല്‍ കോളജ് അടക്കമുള്ള മറ്റ് പ്രധാനപ്പെട്ട എല്ലാ ആശുപത്രികള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.ബേപ്പൂരില്‍ കടലില്‍പോയ മൂന്നുബോട്ടുകള്‍ കാണാതായി. 35 തൊഴിലാളികളാണ് ഈ മൂന്നുബോട്ടുകളിലായുള്ളത്. ഇവര്‍ക്കു വേണ്ടി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരച്ചില്‍ തുടങ്ങി
ഓഖി ചുഴലിക്കാറ്റ് ശക്തമായി തുടരുന്നതിനാല്‍ അറബിക്കടലില്‍ വന്‍ തിരമാലകളുണ്ടാകുമെന്ന് മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും മല്‍സ്യബന്ധനത്തിനു പോകരുത്. തിരുവന്തപുരം, കൊല്ലം ജില്ലകളില്‍ മഴ വീണ്ടും കനത്തു. കാലാവസ്ഥ വകുപ്പിന്റെ അഞ്ചുമണിക്കുള്ള നിര്‍ദേശവും കണക്കിലെടുത്തില്ല. കേന്ദ്ര ഫിഷിങ് മന്ത്രാലയത്തിന്റെ മൂന്നുമണിക്കുള്ള മുന്നറിയിപ്പും അവഗണിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെയും കടലാക്രമണം ബാധിച്ചു. ഒരു മാസത്തെ പരിശ്രമങ്ങള്‍ പാഴായെന്ന് അധികൃതര്‍ പറഞ്ഞു.

പൂന്തുറ കടല്‍ തീരത്തു നിന്നും രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയ്മണ്ട് (60), ജോണ്‍സണ്‍ (29) എന്നിവരേയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ നാലുപേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

പുതുക്കുറുച്ചി കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ പൊഴിയൂര്‍ സ്വദേശി എഡ്മണ്ട് (50), പൂന്തുറ കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ മൈക്കിള്‍(40) എന്നിവരാണ് മറ്റുള്ളവര്‍.തിരുവനന്തപുരത്ത് കടലില്‍പോയ ഒരു മല്‍സ്യത്തൊഴിലാളി മരിച്ചു. ശംഖുമുഖത്തുനിന്നു തിരിച്ചറിയാനാകാത്ത ഒരാളെയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. എയര്‍പോര്‍ട്ട് അധികൃതരാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. കടലില്‍നിന്നും ഹെലീകോപ്ടറിലാണു പുറത്തെത്തിച്ചത്. അറുപത് വയസോളം പ്രായമുള്ള പുരുഷനാണിദ്ദേഹം. ഇതോടെ കേരളത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ നാലുപേരാണ് മരിച്ചത്.

കേരള തീരത്തിനടുത്ത് കടലില്‍ കുടുങ്ങിയ 16 പേരെ രക്ഷപെടുത്തി. ആരോഗ്യമേരി, ഹെര്‍മന്‍ മേരി എന്നീ ഉരുക്കളില്‍ ഉണ്ടായിരുന്നവരെയാണു രക്ഷപെടുത്തിയത്. ഇവരെ കോസ്റ്റ് ഗാര്‍ഡ് വിഴിഞ്ഞം തീരത്തെത്തിച്ചു. ആറുപേരെ രക്ഷപെടുത്താന്‍ നാവികസേന കപ്പലുകള്‍ ശ്രമം തുടരുന്നു. തിരുവനന്തപുരത്തിന് 25 കിലോ മീറ്റര്‍ പടിഞ്ഞാറ് തകര്‍ന്ന ബോട്ടില്‍ ഏഴുപേരാണുള്ളത്.

പൂന്തുറയില്‍ 28 ബോട്ടുകളിലായി 150ല്‍ ഏറെ പേര്‍, വിഴിഞ്ഞത്തുനിന്ന് 20 ബോട്ടുകളിലായി അറുപതോളം പേര്‍, അടിമലത്തുറയില്‍നിന്ന് എട്ടു ബോട്ടുകളിലായി 32 പേര്‍, പൂവാറില്‍നിന്ന് നാലു ബോട്ടുകളിലായി 20 പേര്‍, പൊഴിയൂരില്‍നിന്ന് ഒരു കട്ടമരത്തില്‍ അഞ്ചു പേര്‍, പുതിയതുറ, തുമ്പ എന്നിവിടങ്ങളില്‍നിന്ന് ഓരോ ബോട്ടുകളിലായി എട്ടോളം തൊഴിലാളികള്‍ എന്നിവരാണു മടങ്ങിയെത്താനുള്ളതെന്നു സെന്റര്‍ ഫോര്‍ ഫിഷറീസ് സ്റ്റഡീസ് അറിയിച്ചു.

വിഴിഞ്ഞത്തിനടുത്ത് പുറംകടലില്‍ മുങ്ങുന്നതായി വിവരം ലഭിച്ച ഉരുവിലുള്ള ജീവനക്കാരെ രക്ഷപെടുത്തി. എട്ടു ജീവനക്കാരെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചത്. മാലിയില്‍നിന്ന് തൂത്തുക്കുടിയിലേക്കു പോയ ഉരുവാണ് പുറംകടലില്‍ അപകടത്തില്‍പെട്ടത്.

തിരുവനന്തപുരം സെന്റ് ആന്‍ഡ്രൂസ് കടല്‍തീരത്ത് മല്‍സ്യബന്ധനത്തിനു പോയപ്പോള്‍ കടലില്‍പ്പെട്ടയാളെ രക്ഷപെടുത്തി. തമിഴ്‌നാട് സ്വദേശി അലോഷ്യസിനെയാണു രക്ഷിച്ചത്. തീരത്തുനിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെ മല്‍സ്യബന്ധത്തിന് ഉപയോഗിക്കുന്ന ചാളത്തടിയില്‍ പിടിച്ചുകിടക്കുന്ന അവസ്ഥയില്‍ ഇയാളെ കണ്ടെത്തിയിരുന്നു. രാവിലെ ആറു മണിയോടെയാണ് ഒരാള്‍ കടലില്‍ കുടുങ്ങിയതായി പ്രദേശവാസികള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം കലക്ടറെയും കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ള അധികൃതരെയും വിവരമറിയിച്ചിരുന്നു. എന്നാല്‍ അവര്‍ സ്ഥലത്തെത്താന്‍ മൂന്നുമണിക്കൂറിലധികം എടുത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കിയത്.

കുളച്ചിലില്‍ നിന്നുള്ള ഒരു ബോട്ടും രണ്ടു വള്ളവും തീരത്തടിഞ്ഞിട്ടുണ്ട്. ചെല്ലാനം, എടവനക്കാട് തീരപ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. വര്‍ക്കല ബീച്ചില്‍ 50 മീറ്ററോളം കടല്‍ തീരത്തേക്കു കയറി. കൊച്ചിയിലും പൊന്നാനിയിലും കടല്‍ക്ഷോഭം രൂക്ഷമാണ്.

തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളില്‍നിന്ന് 62 ബോട്ടുകളിലായി കടലില്‍ പോയ ഇരുനൂറ്റി എഴുപതിലധികം മത്സ്യത്തൊഴിലാളികളെയും കാണാതായിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞു കടലില്‍ പോയതാണ് ഈ ബോട്ടുകള്‍. വ്യാഴാഴ്ച രാവിലെ എട്ടു മണിക്കകം ഇവര്‍ തിരിച്ചെത്തേണ്ടിയിരുന്നു. എന്നാല്‍, മിക്ക ബോട്ടുകളും തിരികെയെത്തിയില്ല. അതേസമയം ഇവിടെനിന്നും പോയ മല്‍സ്യത്തൊഴിലാളികളില്‍ ചിലര്‍ രക്ഷപെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്നുള്ള ബോട്ടിലും കപ്പലിലുമായാണ് പലരും കരയിലെത്തിയത്. തമിഴ്‌നാട്ടിലെത്തിയ ഇവര്‍ കരമാര്‍ഗം നാട്ടിലേക്കെത്തുകയായിരുന്നു.