ഓഖി:7 മരണം; 200ഓളം പേരെ രക്ഷപെടുത്തി; ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് തീവ്രതയോടെ ലക്ഷ്യദ്വീപിലേക്ക് അടുക്കുന്നുവെന്ന് കാലാവസ്ഥ നീരീക്ഷകര്‍. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് ആഞ്ഞടിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് പോയവരില്‍ ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കുടുങ്ങിപ്പോയ 218 പേരെ രക്ഷപെടുത്തി. രക്ഷപെടുത്തി കരയിലെത്തിച്ച മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേര്‍ മരിച്ചു. പൂന്തുറ സ്വദേശി ക്രിസ്റ്റിയാണ് മരിച്ചവരില്‍ ഒരാള്‍. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ സംസ്ഥാനത്ത് മരണം ഏഴായി.

വ്യോമസേനയുടേയും നാവികസേനയുടേയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെ 65 പേരെ രക്ഷപെടുത്തി കരയിലെത്തിച്ചു. ഉള്‍ക്കടലിലുണ്ടായിരുന്ന ഒരു ജാപ്പനീസ് കപ്പല്‍ ഏകദേശം 60 പേരെ രക്ഷപെടുത്തി. ഇവരുമായി വിഴിഞ്ഞം തുറമുഖത്തേക്ക് തിരിച്ചിട്ടുണ്ട്. കോസ്റ്റുഗാര്‍ഡുമായി ബന്ധപ്പെട്ട് ഇവരെ കരയിലെത്തിക്കാനുള്ള ക്രമീകരണം നടന്നുവരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന തിരുവനന്തപുരം ജില്ലാ കളക്ടര്‍ അറിയിച്ചത് ഇനി 40 ഓളം പേരെ മാത്രമേ രക്ഷപെടുത്താന്‍ ബാക്കിയുള്ളൂ എന്നാണ്.ബാക്കിയുള്ളവരെയെല്ലാം കപ്പലിലെത്തിക്കാനോ വിമാനത്തിലേക്ക് എത്തിക്കാനോ കഴിഞ്ഞിട്ടുണ്ട്. ഹെലിക്കോപ്ടറില്‍ നിരീക്ഷണം നടത്തി കടലില്‍ പെട്ടുപോയവരെ കണ്ടെത്തി ഇവരെ വിമാനത്തിലേക്ക് മാറ്റുന്ന ജോലിയാണ് നടക്കുന്നത്.

കാണാതായ 38 ഫിഷിങ് ബോട്ടുകളെ കണ്ടെത്തിയതായി നേവി അറിയിച്ചു. ഇവര്‍ക്കാവശ്യമായ റെസ്‌ക്യൂ കിറ്റുകളും ആഹാരവും നല്‍കിയിട്ടുണ്ട്. മറ്റ് ബോട്ടുകള്‍ കണ്ടെത്തുന്നതിനും കണ്ടെത്തിയതിലെ തൊഴിലാളികളെ കരയില്‍ എത്തിക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്.

ഇതുവഴി കടന്നുപോകുന്ന മര്‍ച്ചന്റ് ഷിപ്പുകള്‍ക്കും പ്രശ്‌നത്തിന്റെ രൂക്ഷത മനസ്സിലാക്കി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഏരിയായില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. രക്ഷാപ്രവര്‍ത്തന ഏകീകരണവും രക്ഷപെട്ടവരുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും കണ്‍ട്രോള്‍ റൂം വഴി നടക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ ഷാര്‍ധൂ, നിരീക്ഷക്, കബ്രാ, കല്‍പേനി കപ്പലുകള്‍ സജീവമായി രംഗത്തുണ്ട്. ഇതുകൂടാതെ നേവിയുടെ ഏഴു കപ്പലുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും ഇവരുമായി ഏകോപിച്ച് പ്രവര്‍ത്തനം നടത്തുന്നു. ഇതുകൂടാതെ നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകളും രണ്ട് വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചുഴലിക്കാറ്റ് കേരള തീരം വിടുംവരെ കപ്പലുകളും വിമാനവും ഹെലികോപ്ടറും സജീവമായി രക്ഷാപ്രവര്‍ത്തനം തുടരും. കേരളത്തിന്റെ തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കരുത്.

തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാര്‍, പൊഴിയൂര്‍, പുതിയതുറ, തുമ്പ, കുളച്ചല്‍, കൊല്ലം ജില്ലയിലെ പരവൂര്‍, തങ്കശ്ശേരി, നീണ്ടകര, മയ്യനാട്, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവ കേന്ദ്രീകരിച്ച് തീവ്രരക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മറ്റ് ജില്ലകളിലെ തീരപ്രദേശങ്ങളെ കേന്ദ്രീകരിച്ച് ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

സതേണ്‍ നേവല്‍ കമാന്‍ഡിന്റെ റിയര്‍ അഡ്മിറല്‍ ആര്‍.ജെ. നട്ക്കര്‍ണി, കമാന്‍ഡോ ദീപക് കുമാര്‍, ക്യാപ്റ്റന്‍ സുദീപ് നായിക് എന്നിവരാണ് നേവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോസ്റ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കമാന്‍ഡിന്റെ ബി.കെ. വര്‍ഗ്ഗീസാണ് നിയന്ത്രിക്കുന്നത്.