ഓഖി ലക്ഷദ്വീപില്‍; കനത്ത നാശനഷ്ടത്തിന് സാധ്യത:കേരളത്ത്‌ ഇന്ന് ശക്തമായ മഴ

കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റ് ലക്ഷദ്വീപിനു സമീപത്തെത്തി. കേരളതീരത്തിനു സമീപത്ത് അടിച്ച ഓഖിയേക്കാള്‍ ശക്തമായ രൂപം കൈകൊണ്ടിരിക്കുകയാണ് ലക്ഷദ്വീപിലിപ്പോള്‍ ഓഖി. മണിക്കൂറില്‍ 145 കി.മീറ്റര്‍ ശക്തിയില്‍ വരെ ഓഖി ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിറങ്ങരുതെന്നും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.

അതേസമയം ലക്ഷദ്വീപിന് സമീപമെത്തിയ ഓഖി നിരവധി ദ്വീപുകള്‍ തകര്‍ത്തു. കല്‍പേനിയില്‍ തയ്യാറാക്കിയ ഹെലിപാഡ് മുങ്ങി. കരയിലേക്ക് തിരയടിച്ച കയറാതിരിക്കാന്‍ തയ്യാറാക്കിയ സംവിധാനങ്ങളും ശക്തമായ തിരയില്‍ മുങ്ങി.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; ശക്തമായ തിരമാലയ്ക്ക് സാധ്യത

കേരളതീരത്ത് ഇന്ന് ശക്തമായ മഴയുണ്ടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ഒമ്പത് തീരമേഖലയിലാണ് കനത്ത തിരമാലയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പുലര്‍ച്ചെ 5.30ഓടെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ രാവിലെ 11.30ഓടെയും വലിയ തിരമാലയ്ക്ക് സാധ്യതയുണ്ട്. 2.6 മീറ്റര്‍ മുതല്‍ 5.4 മീറ്റര്‍ വരെ തിരമാല ഉയരാം. ഡിസംബര്‍ മൂന്ന് വരെ തിരമലായ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

145 കി.മീറ്റര്‍ വേഗതയില്‍ ഉള്ള ഓഖി അതിതീവ്രവിഭാഗത്തിലേക്ക് മാറിയിരിക്കുകയാണ്. ശക്തമായ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗത്തി, അമിനി, കടമത്, കല്‍ട്ടണ്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലകളുണ്ടാകും. 7.4 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളടിക്കുമെന്നാണ് അറിയിപ്പ്.

ദുരിതാശ്വാസ ക്യാപുകള്‍ തുറന്നു

ലക്ഷദ്വീപിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് കണ്‍ട്രോള്‍ റൂം തുറന്നു. അഗത്തി ഡെപ്യൂട്ടി കലക്ടര്‍ ഓഫിസ് ആണ് കണ്‍ട്രോള്‍ റൂം തുറന്നത്. സാഹയത്തിനോ വിവരങ്ങള്‍ നല്‍കാനോ അറിയാനോ 04894242263 നമ്പറിലേക്കോ വിളിക്കാം. അഗത്തിയിലെ എല്ലാ ബോട്ടുകളും തന്നെ നാട്ടുകാര്‍ കരയിലേക്ക് കയറ്റി. ദുരിതാശ്വാസ ക്യാംപായി പ്രഖ്യാപിച്ച സ്‌കൂളുകളിലേക്ക് പ്രത്യേകം ഡ്യൂട്ടിക്കായി ജീവനക്കാരെ ഏര്‍പ്പാടാക്കി. തീരപ്രദേശങ്ങളിലുള്ളവര്‍ ക്യാംപിലേക്ക് മാറാന്‍ ഭരണകൂടം നിര്‍ദേശം നല്‍കി.

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട എം.വി കവരത്തിയും ബേപ്പൂരില്‍ നിന്നും പുറപ്പെടേണ്ട എം.വി മിനിക്കോയിയും സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.