കാസര്‍കോട് ബോട്ട് മുങ്ങി ഒരാളെ കാണാതായി

ചെറുവത്തൂര്‍ (കാസര്‍കോട്): കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മടക്കര തുറമുഖത്തിനും അഴിത്തല പുലിമുട്ടിനും ഇടയില്‍ മത്സ്യബന്ധന
ബോട്ട് മുങ്ങി. ഒരാളെ കാണാതായി. രണ്ടുപേരെ കോസ്റ്റല്‍ പൊലിസ് സാഹസികമായി രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് പുതിയവളപ്പ് കടപ്പുറത്തെ സുനിലിനെ (40) യാണ് കാണാതായത്. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. സാരമായി പരുക്കേറ്റ പുതിയവളപ്പ് കടപ്പുറത്തെ സുരേഷിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, പുഞ്ചാവി കടപ്പുറത്തെ ഗിരീഷിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. മത്സ്യബന്ധനം നടത്തി തിരികെ വരികയായിരുന്ന അഥീന ബോട്ട് മടക്കര അഴിമുഖത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ മുങ്ങുകയായിരുന്നു. ബോട്ട് മുങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ട മറ്റൊരു ബോട്ടിലുള്ളവരാണ് കോസ്റ്റല്‍ പൊലിസിനെ വിവരമറിയിച്ചത്. ഇവര്‍ എത്തുമ്പോഴേക്കും ബോട്ട് പൂര്‍ണമായും വെള്ളത്തില്‍
മുങ്ങിയിരുന്നു. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേരും നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയില്‍ സുനിലിനെ കാണാതാവുകയായിരുന്നു.

ശക്തമായ തിരമാലകള്‍ക്കിടയിലും റസ്‌ക്യൂ ബോട്ടിന്റെ സഹായത്താല്‍ അപകടത്തില്‍പ്പെട്ട രണ്ട് പേരെ കോസ്റ്റല്‍ പൊലിസ് രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍
തന്നെ കടല്‍ പ്രക്ഷുബ്ധമായിരുന്നു. മടക്കര തുറമുഖത്തേക്ക് മത്സ്യവുമായി വരികയായിരുന്നു ബോട്ട്. രക്ഷാ പ്രവര്‍ത്തനത്തിന് കോസ്റ്റല്‍ അഴിത്തല കോസ്റ്റല്‍ സ്‌റ്റേഷന്‍ എസ്.ഐ സുരേഷ്, രാജീവന്‍, പ്രകാശന്‍, മനു, ധനീഷ്, നാരായണന്‍, കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.