ഓഖി :ആശങ്കയോടെ തീരദേശം; കേരളത്തില്‍ നിന്ന് പോയ 10 ബോട്ടുകള്‍ ലക്ഷദ്വീപില്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവരില്‍ 450 പേരെ കണ്ടെത്തി. എന്നാല്‍, 120ല്‍ അധികം തൊഴിലാളികളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് ഏഴു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിക്കുന്നതിന് മുമ്ബ് മത്സ്യബന്ധനത്തിന് പോയവരാണ് ആഴക്കടലില്‍ പെട്ടുപോയതില്‍ ഭൂരിഭാഗവും. കാറ്റിനും മഴയ്ക്കും നേരിയ ശമനം ഉണ്ടെങ്കിലും കടല്‍ പ്രക്ഷുബ്ധമാണ്. അതുകൊണ്ടു തന്നെ തീരദേശ മേഖലകളില്‍ കര്‍ശന സുരക്ഷാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കടല്‍ ക്ഷോഭം നിലനില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൊല്ലത്ത് നിന്ന് കാണാതായ എല്ലാവരും മടങ്ങിയെത്തിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ അറിയിച്ചു. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തി കൊച്ചി തീരത്താണ് എത്തിച്ചിരിക്കുന്നതെന്നും അവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുകേഷ് എംഎല്‍എ അറിയിച്ചു. ചുഴലിക്കാറ്റിലും മഴയിലും കാണാതായവരുടെ കണക്കെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കേരളത്തില്‍ നിന്ന് പോയ 10 ബോട്ടുകള്‍ ലക്ഷദ്വീപിലെ കല്‍പേനിയിലെത്തി. 135 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലുണ്ടായത്. എല്ലാവരും സുരക്ഷിതരാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം, ചുഴലിക്കാറ്റില്‍പ്പെട്ടു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കൂടുതല്‍ തുക ലഭിക്കും. 400 പേരെ രക്ഷപ്പെടുത്തി. 138 പേര്‍ ലക്ഷദ്വീപില്‍. ബോട്ടും ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കും. ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാകും തുക നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കടലില്‍ നിന്നും കാണാതായവര്‍ക്ക് വേണ്ടി നാവിക സേനയും വ്യോമസേനയും തിരച്ചില്‍ തുടരുകയാണ്. മഴയ്ക്കും കാറ്റിനും ശമനമുണ്ടെങ്കില്‍ കടല്‍ പ്രക്ഷുബ്ധമാവുന്നത് തിരച്ചിലിന് വിഘാതമാവുന്നുണ്ട്. പൂന്തുറയില്‍ നിന്നും കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ മത്സ്യത്തൊഴിലാളികളേയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൊലീസിന്റേയും തിരുവനന്തപുരം മേയറുടേയും കളക്ടറുടേയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 29 ദുരിതാശ്വാസ ക്യാമ്പുകള്‍ വിവിധയിടങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. 491 കുടുംബങ്ങളിലെ 2755 പേരെയാണ് ക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം 18, കൊല്ലം അഞ്ച്, ആലപ്പുഴ രണ്ട്, എറണാകുളം മൂന്ന്, തൃശൂര്‍ ഒന്ന് എന്നിങ്ങനെയാണ് ക്യാംപുകള്‍.

കൊല്ലം അഴീക്കൽ ഭാഗത്ത് അർധരാത്രിയോടെ മൂന്നു ബോട്ടുകൾ എത്തിയിട്ടുണ്ട്. അതിൽ മൽസ്യബന്ധനതൊഴിലാളികളും ഉണ്ട്. ശക്തമായ തിര കാരണം കരയ്ക്ക് അടുപ്പിക്കാൻ കഴിയുന്നില്ല. കോസ്റ്റ്ഗാർഡും നാട്ടുകാരും കരയ്ക്ക് എത്തിക്കാൻ ശ്രമം നടത്തുന്നു .കായംകുളം ആശുപത്രിയിൽ ഉണ്ടായിരുന്ന വെട്ടുകാട് സ്വദേശികളായ അഞ്ചു മത്സ്യതൊഴിലാളികളുമായി തിരുവനന്തപുരത്തേക്ക് കാർ തിരിച്ചു. വലിയതുറ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ശേഷം വെട്ടുകാട് ഭാഗത്തേക്ക് പോകും .

കായംകുളം പൊഴിയിൽ വന്ന കുളച്ചിലിൽ നിന്നുള്ള മൂന്നു വള്ളങ്ങളിലെ അഞ്ചു പേർ തിരുവനന്തപുരം വെട്ടുകാട് സ്വദേശികൾ. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോൺ തൈവിളാകം, ബൽക്കിയാസ് പനയ്ക്കൽ പുരയിടം, മോർഫൻസ്, കുട്ടൻ പനയിൽ പുരയിടം, ബ്രൂണോ തൈവിളാകം എന്നിവരാണ് ആശുപത്രിയിലുള്ളത്.

കടൽ ക്ഷോഭത്തിൽ നിന്നു രക്ഷപ്പെട്ട് എത്തിയവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസയിലുള്ളവർ: നാഗർകോവിൽ മാർത്താണ്ഡം തുറ ആന്റണി (36), നാഗർ കോവിൽ മാർത്താണ്ഡംതുറ ക്രിസ്തുദാസ് (55), തിരുവനന്തപുരം പൊഴിയൂർ സ്വദേശികളായ ജെറോം (55), വർഗീസ് (42), ചിന്മയദാസ് (30), ബേബിസൺ (37), ജോസ് (38), കന്യാകുമാരി സ്വദേശി സോളമൻ (58), വിഴിഞ്ഞം അടിമല തുറ ഡേവിഡ്സൺ (34), വിഴിഞ്ഞം സ്വദേശി ആന്റണി (52), രാമേശ്വരം സ്വദേശി കറുപ്പുസ്വാമി (47)

നീണ്ടകരയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയിരുന്ന എംഫ്ലവർ, ഭാരതരത്ന, സ്നേഹദീപം, ഫ്രണ്ട്സ്, മുബിൻ ഷാ എന്നീ ബോട്ടുകൾ സുരക്ഷിതമായി ചേറ്റുവ തീരത്ത് അടുത്തുള്ളതായി വിവരം. നീണ്ടകരയിൽ നിന്നു പോയ സെന്റ് ജോർജ് എന്ന വള്ളം കടലിൽ മുങ്ങി. ഇതിലുണ്ടായിരുന്ന മൂന്നു പേർ മറ്റു വള്ളങ്ങളിൽ കയറി കരയ്ക്കെത്തി. നാലുപേരെക്കുറിച്ച് അറിവില്ല.

കൂടുതൽ വള്ളങ്ങൾ രാത്രിയോടെ എത്തുമെന്നു പ്രതീക്ഷ. കൊല്ലം തീരത്തും ഉൾക്കടലിലും കാറ്റിനു ശമനം. ഇതോടെ കൂടുതൽ വള്ളങ്ങൾക്ക് കരയിലേക്ക് എത്താൻ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളത്.ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മുഴുവന്‍ മത്സ്യബന്ധനയാനങ്ങളും സുരക്ഷിതരാണെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. ഈ യാനങ്ങളോ ഇതില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയോ കാണാതായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലോ ഹാര്‍ബറുകളിലോ റജിസ്റ്റര്‍ ചെയ്ത യാനങ്ങള്‍ കൊച്ചിയ്ക്കു സമീപം അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ നാവികസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പൊലീസും വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത് ഇവിടത്തെ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് എണ്ണൂറോളം ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്. ഈ ബോട്ടുകളോ മറ്റ് വള്ളങ്ങളോ കടല്‍ക്ഷോഭത്തില്‍ പെട്ടിട്ടില്ല. അതേസമയം ഗുജറാത്ത് മുതല്‍ തമിഴ്‌നാട് വരെയുള്ള തീരസംസ്ഥാനങ്ങളിലെ അറുന്നൂറോളം ബോട്ടുകള്‍ മത്സ്യബന്ധനത്തിന്റെ ഭാഗമായി കൊച്ചിയില്‍ വന്നു പോകാറുണ്ട്. ഇവര്‍ക്കാര്‍ക്കെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമമാണ് നാവികസേനയും പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്. ഇത്തരം സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കലക്ടര്‍ പറഞ്ഞു.

വാടി മത്സ്യബന്ധന തുറമുഖത്തു നിന്നു കടലിൽ കാണാതായ വള്ളങ്ങളിൽ ഒന്ന് നീണ്ടകര ഹാർബറിലേക്ക് എത്തിച്ചു. കാൽവരി നാഥ് എന്ന വള്ളമാണ് എത്തിച്ചിരിക്കുന്നത്. തൊഴിലാളികൾ സുരക്ഷിതരെന്നു വിവരം. നാലു തൊഴിലാളികളാണ് ഇതിലുള്ളത്.

വലിയതുറ കുഴിവിള അകത്തുനിന്നും മത്സ്യബന്ധനത്തിനുപോയ നാലുപേർ കുളച്ചലിൽ എത്തിച്ചേർന്നു. രണ്ടുപേർ അബോധാവസ്ഥയിൽ. ജെറാൾഡ് (63) ഡെന്നി (57) എന്നിവരാണ് അബോധാവസ്ഥയിലുള്ളത്.

തമിഴ്നാട്ടിലെ മാര്‍ത്താണ്ഡൻ തുറൈയിൽ നിന്നു മത്സ്യബന്ധനത്തിനു പോയി കടലിൽ അകപ്പെട്ട ആന്റണി, ക്രിസ്തുദാസ് എന്ന രണ്ടു തൊഴിലാളികളെ കൊല്ലം ജോനകപ്പുറത്ത് കടലി‍ൽനിന്നു രക്ഷപെടുത്തി. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കനത്തമഴയിലും കാറ്റിലും അരുവിക്കര മണ്ഡലത്തിലെ വിതുരയിലെ ആദിവാസി മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു ഗതാഗതം പൂർണ്ണമായി സ്തംഭിച്ച അവസ്ഥയിലായിരുന്നു. വിതുരയിലെ ആദിവാസി മേഖലകളിലും ജേഴ്‌സി ഫാം -ബോണക്കാട് റോഡിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്‌ കെ.എസ്. ശബരീനാഥൻ എംഎൽഎ നേതൃത്വം നൽകുന്നു. റവന്യൂ, വനം,ഫയർഫോഴ്സ്, പൊലീസ് എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്

ഓഖി ചുഴലിക്കാറ്റ് ശക്തമായ തലസ്ഥാന ജില്ലയിലെ രക്ഷാപ്രവർത്തനത്തിന് കർമ്മനിരതനായി മന്ത്രി കടകംപള്ളി സുരേന്ദ്രനും. രാവിലെ മുതൽ തന്നെ ടെക്നിക്കൽ ഏരിയയിലെ കൺട്രോൾ റൂമിൽ രക്ഷാപ്രവർത്തനങ്ങൾ എകോപിച്ച മന്ത്രി, നാവിക സേനയുടെ ഹെലികോപ്റ്ററിൽ പുറംകടലിൽ പോയിരുന്നു.

‌മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍ തുറന്നു. വാര്‍ഡ് 22, ഒബ്‌സര്‍വേഷന്‍ 16 എന്നീ വാര്‍ഡുകളാണ് അടിയന്തിരമായി തുറന്നത്. കൂടുതല്‍ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും മറ്റു ജീവനക്കാരേയും വിന്യസിച്ച് അത്യാഹിത വിഭാഗം സുസജ്ജമാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഐസിയുവില്‍ രണ്ടു കിടക്കകള്‍ ഇവര്‍ക്കായി നീക്കിവച്ചിട്ടുണ്ട്.

കാസർകോട് നീലേശ്വരം അഴിത്തല കടപ്പുറത്ത് മൽസ്യബന്ധനത്തിന് പോയ ബോട്ട് തിരയിൽപ്പെട്ടു. മൂന്നു പേരാണു ബോട്ടിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ രക്ഷപെട്ടു. ഒരാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ സുനിൽ കുമാറിനെയാണു കാണാതായത്.

തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരുടെ കുടുംബത്തിന് സർക്കാർ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.ഓഖി ചുഴലിക്കാറ്റ് ശക്തമായി തുടരുന്നതിനാൽ അറബിക്കടലിൽ വൻ തിരമാലകളുണ്ടാകുമെന്ന് മുന്നറിയിപ്പ്. മൽസ്യത്തൊഴിലാളികൾ ഒരു കാരണവശാലും മൽസ്യബന്ധനത്തിനു പോകരുത്.ലക്ഷദ്വീപില്‍ കാറ്റും മഴയും കുറഞ്ഞിട്ടുണ്ട്. ഇടവിട്ട് മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിനിക്കോയ് ലൈറ്റ്ഹൗസിന്റെ ജനല്‍ പൊട്ടിയിട്ടുണ്ട്. ഇവിടുത്തെ ജീവനക്കാരായ സുജിത്തും പോളും ഒറ്റപ്പെട്ട നിലയിലാണ്. ഇവർക്കു ഭക്ഷണം ലഭിക്കുന്നില്ല. ഭക്ഷണം കിട്ടണമെങ്കില്‍ അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കണം. എന്നാൽ മരങ്ങള്‍ വീണതിനാല്‍ യാത്ര സാധിക്കുന്നില്ലെന്നും ഇവർ അറിയിച്ചു. കവരത്തി ബീച്ചിന്റെ വശങ്ങളിൽ മരങ്ങള്‍ വീണു വഴി ഇല്ലാതായി. കവരത്തിയില്‍ കടലിനോട് ചേര്‍ന്നുള്ള ഫാം ഹൗസില്‍നിന്ന് മൃഗങ്ങളെ മാറ്റി. കല്‍പേനി ഹെലിപാഡ് മുങ്ങി.

മണിക്കൂറിൽ 135 കിലോമീറ്റർ വേഗത്തിലാണ് ലക്ഷദ്വീപിൽ ചുഴലിക്കാറ്റ് വീശിയത്. കല്‍പേനയിലും മിനിക്കോയിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കന്‍പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലകളിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. മിനിക്കോയിൽ വാർത്താവിതരണ സംവിധാനങ്ങൾ തകർന്നു.ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കു പോകേണ്ടിയിരുന്ന കപ്പൽ ചുഴലിക്കാറ്റിനെത്തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. ഇവർക്കു ഭക്ഷണമോ താമസസൗകര്യമോ നല്‍കില്ലെന്ന നിലപാടിലാണ് അധികൃതരെന്നാണു വിവരം. കപ്പല്‍ റദ്ദാക്കിയതോടെ ബേപ്പൂരില്‍ കുടുങ്ങിയത് 102 പേരാണ്.

രക്ഷാപ്രവർത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. മിനിക്കോയി, കൽപേനി ദ്വീപുകളിൽ ഓഖി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാത്രി ആഞ്ഞടിച്ചിരുന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഒട്ടേറെ വീടുകൾ തകർന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ അറിയിച്ചു. കേരള തീരത്തേക്കാൾ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. ലക്ഷദ്വീപിൽ ശനിയാഴ്ച 190 കി.മീ. വേഗത്തിൽ വരെ കാറ്റിനു സാധ്യതയുണ്ട്. കൽപേനിയിൽ തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാൻ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയിൽ തകർന്നു. ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടർന്നു സ്വീകരിച്ച നടപടികൾ രക്ഷാദൗത്യം വേഗത്തിലാക്കാൻ സഹായിച്ചതായും എംപി പറഞ്ഞു. കവരത്തിയിൽ മുങ്ങിപ്പോയ ഉരുവിൽനിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. മിനിക്കോയിയിലും കൽപേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകൾ മുങ്ങിപ്പോയി.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണിൽ ചർച്ച നടത്തിയതായും എംപി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിൽനിന്നു പ്രത്യേക സംഘത്തെ അയയ്ക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസുമായും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേരളതീരത്തുനിന്നു മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി ഞായറാഴ്ച ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമർദം മാത്രമായി മാറും.

വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വീശിത്തുടങ്ങിയ ശക്തിയേറിയ കാറ്റില്‍ മരങ്ങള്‍ കടപുഴകി. തുടർന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാറ്റും മഴയും ലക്ഷദ്വീപില്‍ നാശം വിതയ്ക്കുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോഡ്, വീടുകള്‍, വൈദ്യുതി ശൃംഖല, കൃഷി എന്നിവയ്ക്കു നാശനഷ്ടം ഉണ്ടാവും. മിനിക്കോയ്, കല്‍പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലയുണ്ടാവും. 7.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കുമെന്നാണ് അറിയിപ്പ്.

കവരത്തിയില്‍ നാവികസേനയ്ക്കോ തീരസംരക്ഷണ സേനയ്ക്കോ ഇപ്പോള്‍ തിരച്ചില്‍ ഹെലികോപ്റ്ററുകളില്ല. താല്‍ക്കാലികമായി എത്തിച്ച ഹെലികോപ്റ്ററിനു ദീര്‍ഘനേരം തിരച്ചില്‍ നടത്താനുള്ള ശേഷിയില്ല. കാറ്റ് ശക്തമായതോടെ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാറുകയാണ്.കവരത്തിയില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ അഗത്തിയിലാണ് എയ്റോഡ്രോമുള്ളത്. ഇവിടേക്ക് 72 സീറ്റുള്ള വിമാനമാണു പ്രതിദിന സര്‍വീസ് നടത്തുന്നത്. ഈ സർവീസ് ഇന്നലയോടെ നിര്‍ത്തിവച്ചു. ശക്തമായ കാറ്റാണു ലക്ഷദ്വീപില്‍ വീശുന്നതെന്നും ദ്വീപിന്റെ ഉള്ളിലായി വലിയ വെള്ളകെട്ടുകള്‍ രൂപപെട്ടിട്ടുണ്ടെന്നും ലക്ഷദ്വീപ് നിവാസിയായ ബിനു ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.

കവരത്തി, അഗത്തി, അമിനി ദ്വീപുകളില്‍ അപായ മുന്നറിയിപ്പു പ്രഖ്യാപിച്ച ഭരണകൂടം ദുരിതാശ്വാസ ക്യാംപുകളും തുറന്നു. അഗത്തിയിലെ ബോട്ടുകള്‍ എല്ലാം തന്നെ നാട്ടുകാര്‍ കരയില്‍ കയറ്റി. അടിയന്തര സാഹചര്യങ്ങൾ നേരിടാന്‍ അഗത്തി ഡപ്യൂട്ടി കലക്ടര്‍ ഓഫിസ് കൺട്രോള്‍ റൂം തുറന്നു. 0489 4242263 എന്ന നമ്പറിലേക്കോ പൊലീസ് സ്റ്റേഷനിലേക്കോ സഹായത്തിനു വിളിക്കാം. ദുരിതാശ്വാസ ക്യാംപായി പ്രഖ്യാപിച്ച സ്കൂളുകളിലേക്കു പ്രിന്‍സിപ്പാള്‍ പ്രത്യേകം ഡ്യൂട്ടിക്കായി ജീവനക്കാരെ ഏര്‍പ്പാടാക്കി. തീരപ്രദേശങ്ങളിലുള്ളവരെ ക്യാംപിലേക്കു മാറാന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഇന്ന് എത്തുമെന്ന് അറിയിച്ച ദുരന്തനിവാരണ സേനയ്ക്ക് അഗത്തിയിലേക്ക് പുറപ്പെടാന്‍ അനുവാദം ലഭിച്ചിട്ടില്ല. കവരത്തിയില്‍ പുറങ്കടലിലുണ്ടായിരുന്ന എം‌എസ്‌വി അല്‍-നൂര്‍ എന്ന മഞ്ച് മുങ്ങി. ഏഴു ജീവനക്കാരെയും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ചരക്ക് കപ്പല്‍ എം‌വി കോടിത്തല രക്ഷപ്പെടുത്തി. കൽപേനി ദ്വീപിൽ ആശയവിനിമയ സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ടു. വൈദ്യുതിയും ഭക്ഷണ സാമഗ്രികളുമില്ലെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കേരളത്തില്‍ നിന്നുള്ള 110 പേരെ കൂടി ഇനി കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ജനങ്ങള്‍ ശാന്തരാകണമെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വസ്തുതയില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് മത്സ്യതൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മേഴ്‌സിക്കുട്ടിയമ്മ അഭ്യര്‍ത്ഥിച്ചു.എത്ര പേരെ കാണാതായിട്ടുണ്ടെന്നുള്ള കണക്കെടുക്കാന്‍ കലക്ടര്‍മാര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും എത്തുന്നതോടെയാകും കാണാതായവരുടെ കൃത്യമായ കണക്കുകള്‍ പുറത്തുവരിക.393 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടെ ലക്ഷദ്വീപില്‍ 104 പേരെ കണ്ടെത്തിയിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു. ഇവര്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണ്. ഭൂരിഭാഗം പേരും തമിഴ്‌നാട്ടുകാരാണ്.അതേസമയം യാത്രമുടങ്ങിയ ലക്ഷദ്വീപുകാരെ ഭരണകൂടം കയ്യൊഴിഞ്ഞു. ഭക്ഷണമോ താമസസൗകര്യമോ നല്‍കില്ലെന്നാണ് നിലപാട്. കപ്പല്‍ റദ്ദാക്കിയതോടെ ബേപ്പൂരില്‍ 102 പേരാണ് കുടുങ്ങിയത്.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെയും കടലാക്രമണം ബാധിച്ചു. ഒരു മാസത്തെ പരിശ്രമങ്ങൾ പാഴായെന്ന് അധികൃതർ പറഞ്ഞു.

രാവിലെ നാവികസേന കടലില്‍നിന്നും അജ്ഞാതനായി മരിച്ചനിലയില്‍ കൊണ്ടുവന്നയാളെ തിരിച്ചറിഞ്ഞു. പൂന്തുറ, മണല്‍പുറത്ത് വീട് ടി.സി. 69/1617 സേവിയര്‍ ലൂയിസ് (57) ആണ് മരിച്ചത്.

കേരള തീരത്തിനടുത്ത് കടലിൽ കുടുങ്ങിയ 16 പേരെ രക്ഷപെടുത്തി. ആരോഗ്യമേരി, ഹെർമൻ മേരി എന്നീ ഉരുക്കളിൽ ഉണ്ടായിരുന്നവരെയാണു രക്ഷപെടുത്തിയത്. ഇവരെ കോസ്റ്റ് ഗാർഡ് വിഴിഞ്ഞം തീരത്തെത്തിച്ചു.

തിരുവനന്തപുരം സെന്റ് ആൻഡ്രൂസ് കടൽതീരത്ത് മൽസ്യബന്ധനത്തിനു പോയപ്പോൾ കടലിൽപ്പെട്ടയാളെ രക്ഷപെടുത്തി. തമിഴ്നാട് സ്വദേശി അലോഷ്യസിനെയാണു രക്ഷിച്ചത്. തീരത്തുനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെ മൽസ്യബന്ധത്തിന് ഉപയോഗിക്കുന്ന ചാളത്തടിയിൽ പിടിച്ചുകിടക്കുന്ന അവസ്ഥയിൽ ഇയാളെ കണ്ടെത്തിയിരുന്നു. രാവിലെ ആറു മണിയോടെയാണ് ഒരാൾ കടലിൽ കുടുങ്ങിയതായി പ്രദേശവാസികൾ കണ്ടെത്തിയത്.

കുളച്ചിലിൽ നിന്നുള്ള ഒരു ബോട്ടും രണ്ടു വള്ളവും തീരത്തടിഞ്ഞിട്ടുണ്ട്. ചെല്ലാനം, എടവനക്കാട് തീരപ്രദേശത്ത് വീടുകളിൽ വെള്ളം കയറി. ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ നടപടി തുടങ്ങി. വർ‌ക്കല ബീച്ചിൽ 50 മീറ്ററോളം കടൽ തീരത്തേക്കു കയറി. കൊച്ചിയിലും പൊന്നാനിയിലും കടൽക്ഷോഭം രൂക്ഷമാണ്.

അതേസമയം, ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ കനത്ത നാശം വിതച്ചിരിക്കുകയാണ്. അമിനി, മിനിക്കോയി ദ്വീപുകളുടെ ഇടയ്ക്കാണ് ഇപ്പോള്‍ കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റ് തീരം വിട്ടാലും കൂറ്റന്‍ തിരമാലകള്‍ ഉണ്ടാകും.