മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ രാജ്യത്തെ വിഭജിക്കരുതെന്ന് നരേന്ദ്രമോദിയോട് താന്‍ ആവശ്യപ്പെട്ടതായി ബറാക് ഒബാമ

ന്യൂഡല്‍ഹി: മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ രാജ്യത്തെ വിഭജിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താന്‍ ആവശ്യപ്പെട്ടതായി ബറാക് ഒബാമ. ഒബാമ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയിലെത്തിയതായിരുന്നു മുന്‍ അമേരിക്കന്‍ പ്രസിഡന്റായ ബറാക് ഒബാമ.ഇന്ത്യയ്‌ക്കോ അമേരിക്കയ്‌ക്കോ തനിച്ച് ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിയില്ല. എന്നാല്‍, ഇരു രാജ്യങ്ങളും ഒരുമിച്ചാല്‍ ഏത് പ്രശ്‌നവും പരിഹരിക്കാമെന്നും ഒബാമ പറഞ്ഞു. ആഗോളതാപനം പ്രതിരോധിക്കാന്‍ ലക്ഷ്യം വച്ചുള്ള പാരിസിലെ കാലാവസ്ഥാ കരാറില്‍ ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച ഒബാമ, കരാറുമായി സഹകരിക്കാതിരുന്ന യു.എസ് പ്രസിഡന്റ് ട്രംപിനെ കുറിച്ചൊന്നും പറഞ്ഞില്ല.

എന്നാല്‍, തന്റെ ആവശ്യത്തിന് എന്ത് മറുപടിയാണ് മോദി നല്‍കിയതെന്ന് ഒബാമ വെളിപ്പെടുത്തിയില്ല. പകരം ന്യൂനപക്ഷങ്ങളായ മുസ്‌ലിംകള്‍ ഈ നാടിന്റെ ഭാഗമാണെന്ന് അവര്‍ വിശ്വസിക്കുന്നു എന്നത് സര്‍ക്കാരിനും ഭൂരിപക്ഷ സമുദായങ്ങള്‍ക്കും സന്തോഷം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞെന്ന് ഒബാമ വ്യക്തമാക്കി.