ഗര്‍ഭിണിക്ക് ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം നല്‍കാന്‍ യുവാവ് പറന്നു, ഖത്തറില്‍ നിന്നും കുവൈറ്റിലേക്ക്

ജോളി ജോളി

ഇതിന് കൊടുക്കണം കൈയ്യടി! ഗര്‍ഭിണിക്ക് ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം നല്‍കാന്‍ യുവാവ് പറന്നു, ഖത്തറില്‍ നിന്നും കുവൈറ്റിലെത്തിയ മലയാളിയാണ് സോഷ്യല്‍ മീഡിയയുടെ താരം.കണ്ണൂര്‍ ഇരിട്ടി സ്വദേശി നിധീഷ് രഘുനാഥാണ് ഖത്തറിലെ ദോഹയില്‍ നിന്നും കുവൈറ്റിലെത്തിയത്.കര്‍ണാടക സ്വദേശിനിക്ക് സിസേറിയന്‍ ശസ്ത്രക്രിയക്ക് വേണ്ടി ബോംബെ ഗ്രൂപ്പില്‍ പെട്ട രക്തം അത്യാവശ്യമായി വന്നതിനാലാണ് യുവാവ് രണ്ടും കല്‍പിച്ചു കുവൈറ്റിലെത്തിയത്.
ലക്ഷത്തില്‍ നാലു പേര്‍ക്ക് മാത്രമുള്ള ഈ രക്തഗ്രൂപ്പ് കുവൈറ്റില്‍ ലഭ്യമല്ലാതായതോടെയാണ് അന്വേഷണം ഖത്തറിലേക്കുമെത്തിയത്.

അപൂര്‍വ്വ ഗ്രൂപ്പില്‍ പെട്ട രക്തത്തിനു വേണ്ടിയുള്ള അന്വേഷണം സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചയായി. ബ്ലഡ് ഡോണേഴ്സ് കേരള- കുവൈറ്റ് ചാപ്റ്ററിനും ഈ സന്ദേശമെത്തി.ബി ഡി കെ-ഖത്തര്‍ ചാപ്റ്റര്‍ മുമ്ബ് നടത്തിയ രക്തപരിശോധനയില്‍ നിധീഷിന്റേത് ബോംബെ ഗ്രൂപ്പാണെന്നു കണ്ടെത്തിയിരുന്നു.തുടര്‍ന്ന് നിധീഷിന്റെ ബ്ലഡിന്റെ ക്രോസ്സ് മാച്ചിംഗ് പൂര്‍ത്തിയാക്കി. നിധീഷ് ജോലി ചെയ്യുന്ന ഖത്തര്‍ ബര്‍വയിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് കമ്ബനി അധികൃതരില്‍ നിന്നും അനുമതി വാങ്ങി അടിയന്തിരമായി കുവൈറ്റിലെത്തിക്കാനുള്ള നടപടികള്‍ ബി ഡി കെ- ഖത്തര്‍ ചാപ്റ്റര്‍ സ്വീകരിച്ചു.വിസ നടപടികള്‍ പുര്‍ത്തിയാക്കി വ്യാഴാഴ്ച കുവൈറ്റിലെത്തിയ നിധീഷ് ജാബരിയ രക്തബാങ്കില്‍ രക്തദാനം നിര്‍വ്വഹിച്ചു. സംഭവം വാര്‍ത്തയായതോടെ നിരവധി പേര്‍ നിധീഷിന് പ്രശംസയുമായെത്തി.കുവൈത്തിലെ ആരോഗ്യ വിഭാഗം തന്നെ നിധീഷിനെ ആദരിച്ചു.

ഓ -ബി -ഓ രക്ത ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകമായ എച്ച് (H) പ്രതിജനകം ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്.
എ ബി എന്നീ രക്ത പ്രതിജനകങ്ങളുടെ (antigen) പൂർവ്വരൂപ തന്മാത്രയായ എച്ച് ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നിയുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്.
എ – ബി – ഓ ഗ്രൂപ്പുകളെ നിർണയിക്കാനുള്ള രക്തപരിശോധനകളിൽ ഇത്തരക്കാരുടെ രക്തം ‘ഓ’ ഗ്രൂപ്പായി കാണിക്കുന്നതിനാൽ Oh എന്ന് ഇവരുടെ ഗ്രൂപ്പിനെ പൊതുവേ രേഖപ്പെടുത്തുന്നു.

രക്തത്തിന്റെ എച്ച് ഘടകം നിർണയിക്കേണ്ട ജീനിന്റെ രണ്ട് അല്ലീലുകളും (alleles) അപ്രഭാവി (recessive) ആയിരിക്കുമ്പോഴാണ് ഒരാൾ ബോംബെ രക്തഗ്രൂപ്പ് ആകുന്നത്.
1952-ൽ മുംബയിൽ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്.മഹാരാഷ്ട്രയിലും അതിനോടു ചേർന്ന കർണ്ണാടകയുടെ ചില പ്രദേശങ്ങളിലുമാണ് ബോംബേ ഓ പോസിറ്റീവ് രക്തം ഉള്ളവരെ കൂടുതലായി തിരിച്ചറിഞ്ഞിട്ടുള്ളത്.അതിനാലാണ് ഈ രക്തഗ്രൂപ്പിന് ബോംബേ ഗ്രൂപ്പ് എന്ന പേരു വരാൻ കാരണം.10ലക്ഷം ആളുകൾക്ക് ഇടയിൽ 4 പേർക്കാണ് ഈ ബ്ലഡ് ഗ്രൂപ്പ് കാണുക എന്നാണ് റിപ്പോർട്ട്.

ബോംബേ ഗ്രൂപ്പ് രക്തമുള്ളവർ അത്യപൂർവ്വമായതുകൊണ്ട്, അപകടഘട്ടങ്ങളിൽ രക്തം നൽകുന്നതിനോ സ്വീകരിക്കുന്നതിനോ ബോംബേ Oh ഗ്രൂപ്പുകാർ തന്നെ വേണമെന്നത് ബുദ്ധിമുട്ടുണ്ടാക്കും.
ഇതു തരണം ചെയ്യാൻ ഒരു മാർഗ്ഗം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, ആരോഗ്യമുള്ള സമയത്ത് ബോംബേഗ്രൂപ്പുകാരുടെ രക്തം ഊറ്റി ശേഖരിച്ച് രക്തബാങ്കുകളിൽ സൂക്ഷിക്കുകയും അതേ രക്തം തന്നെ അവരിലേക്ക് ആവശ്യഘട്ടങ്ങളിൽ പ്രതിരോപണം (transfusion) ചെയ്യുക എന്നതാണ്.
കേരളത്തിൽ ഇതു വരെ രക്തബാങ്കുകളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 50 – ൽ താഴെ ബോംബെ ഗ്രൂപ്പുകാരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു