ഓഖി ഗുജറാത്ത് തീരത്തേക്ക്; കേരളത്തില്‍ ശക്തമായ കാറ്റ്

തിരുവനന്തപുരം:കേരളത്തിന് അയാൾ നാശവും ,ധനനഷ്ടവും ഉണ്ടാക്കിയ ഓഖി ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മിനിക്കോയിയുടെ മുകളില്‍ നിന്ന് കടലിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ് കാറ്റ് ഇപ്പോള്‍. കാറ്റിന്റെ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ ആകാന്‍ ഇടിയുണ്ട്.
അതേസമയം കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെയോടെ ഓഖിയുടെ ശക്തികുറയുമെന്നാണ് സൂചന. സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് ഇന്നലെ രാത്രിയോടെ കനത്ത കടലാക്രമണമുണ്ടായി. പലയിടത്ത് കൂറ്റന്‍ തിരകള്‍ തീരത്തേക്ക് അടിച്ചു കയറിയത് പരിഭ്രാന്തി പരത്തി. തീരദേശത്തെ റോഡുകളെല്ലാം വെളളത്തിലായി. കടലാക്രമണം രൂക്ഷമായ സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. മൂന്നുനാള്‍ പിന്നിട്ട ദുരിതത്തില്‍ കേരളത്തില്‍ ആകെ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. ഇതില്‍ എട്ടുപേര്‍ ഇന്നലെ മരിച്ചവരാണ്. തമിഴ്‌നാട്ടില്‍ ആകെ മരണം ഒന്‍പതായി. കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ രാവിലെ തന്നെ പുനരാരംഭിച്ചു. മല്‍സ്യത്തൊഴിലാളികള്‍ സ്വന്തം നിലയിലും തിരച്ചിലിനിറങ്ങിയിട്ടുണ്ട്.

അതേസമയം ബേപ്പൂരില്‍ നിന്നുള്ള 66 ബോട്ട് ഉള്‍പ്പടെ 68 ബോട്ടുകളെ മഹാരാഷ്ട്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തി. 952 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 2 ബോട്ടുകള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്. ദേവഗഡ് തുറമുഖത്ത് ഇവരെ സുരക്ഷിതരായി എത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് ഇക്കാര്യം അറിയിച്ചത്. ഇവരെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു മത്സ്യത്തൊഴിലാളികളെ തിരികെ കേരളത്തില്‍ എത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

ഓഖി ചുഴലിക്കാറ്റില്‍ എട്ടു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ചുഴലിക്കാറ്റിലും കടല്‍ക്ഷോഭത്തിലും കനത്ത മഴയിലുമായി 1126 വീടുകള്‍ തകര്‍ന്നു. അന്തിമനഷ്ടം വിലയിരുത്താന്‍ വില്ലേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. കവരത്തി, കില്‍ത്താന്‍ ദ്വീപിനടുത്തായി രണ്ട് ഉരു മുങ്ങി. 12 മലയാളികളടങ്ങിയ ഒരു ബോട്ട് കടലില്‍ കരപറ്റാനാകാതെ അലയുന്നു.ദേവ്ഗഢ്, മാല്‍വണ്‍ തുറമുഖങ്ങളിലായാണ് ബോട്ടുകള്‍ എത്തിയത്. രത്നഗിരി ജില്ലയില്‍നിന്ന് നൂറു കിലോമീറ്ററോളം അകലെയാണ് ഇരു തുറമുഖങ്ങളും. തിരുവനന്തപുരം വിഴിഞ്ഞം, പൂവാര്‍, തുമ്പ മേഖലകളില്‍നിന്നും കര്‍ണാടകയിലെ മാല്‍പയില്‍നിന്നുമുള്ള ബോട്ടുകളെയും അതിലെ 120-ഓളം തൊഴിലാളികളെയും ഗോവ, മഹാരാഷ്ട്ര തീരത്തായി കണ്ടെത്തി. ഇവരെ ഗോവ, കാര്‍വാര്‍ തുറമുഖങ്ങളില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. ചുഴലിക്കാറ്റില്‍പ്പെട്ട ബോട്ടുകള്‍ മഹാരാഷ്ട്രയിലെ തുറമുഖങ്ങളിലെത്തിയതായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനാണ് ട്വിറ്ററില്‍ അറിയിച്ചത്.

കന്യാകുമാരി കൊടിമലൈ സ്വദേശികളാണ് ബേപ്പൂരില്‍നിന്ന് പോയ ബോട്ടിലുള്ളത്. വെള്ളിയാഴ്ച രാത്രി 10-നും ശനിയാഴ്ച രാവിലെ ഏഴിനും ഇടയ്ക്കാണ് ബോട്ടുകള്‍ തുറമുഖത്തെത്തിയത്. ബോട്ടിലുണ്ടായിരുന്നവരെ ദേവഗഢ് തുറമുഖത്തും പരിസരത്തുമായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് ബോട്ടുകളിലാണ് ഭക്ഷണം ഉണ്ടായിരുന്നത്. ബാക്കി ബോട്ടുകളിലെ ഭക്ഷണം തീര്‍ന്ന നിലയിലായിരുന്നു. രക്ഷപ്പെട്ടവര്‍ക്ക് മൂന്ന് ദിവസത്തെ ഭക്ഷണം റേഷനായി നല്‍കിയിട്ടുണ്ടെന്ന് തീരരക്ഷാസേനാ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര സാലുങ്കെ അറിയിച്ചു. ബോട്ടുകള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

12 ഹെലികോപ്റ്ററുകളും ഒമ്പതു കപ്പലുകളുമായി തിരച്ചില്‍ നടത്തുന്നത്. നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായാണ് രംഗത്തുള്ളത്. രാത്രി വൈകിയും കപ്പലില്‍ തിരച്ചില്‍ തുടരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ കവരത്തി ദ്വീപിനു സമീപമാണ് ചുഴലിക്കാറ്റ് വീശുന്നത്. 145 കിലോമീറ്ററോളം വേഗതയിലാണ് ഇപ്പോള്‍ കാറ്റു വീശുന്നത്.

കൊല്ലത്ത് നിന്ന് കാണാതായ എല്ലാവരും മടങ്ങിയെത്തിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ അറിയിച്ചു. ഇതില്‍ നാലുപേരെ രക്ഷപ്പെടുത്തി കൊച്ചി തീരത്താണ് എത്തിച്ചിരിക്കുന്നതെന്നും അവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുകേഷ് എംഎല്‍എ അറിയിച്ചു. ചുഴലിക്കാറ്റിലും മഴയിലും കാണാതായവരുടെ കണക്കെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ അനുകൂലമായാല്‍ ബേപ്പൂരേക്ക് തിരിച്ചുവരാനാണ് എല്ലാവരുടെയും തീരുമാനമെന്ന് ദേവ്ഗഢിലെത്തിയ ‘രോഷ്നി-3’ എന്ന ബോട്ടിന്റെ സ്രാങ്ക് രവി പറഞ്ഞു. ഗോവ, മഹാരാഷ്ട്ര തീരത്ത് കണ്ടെത്തിയ ബോട്ടുകളിലെ മീന്‍പിടിത്തക്കാരെ ഗോവ, കാര്‍വാര്‍ തുറമുഖങ്ങളില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഗോവ കോസ്റ്റല്‍ പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് തീരസംരക്ഷണസേനയും നാവികസേനയും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഇവരുടെ ബോട്ടുകള്‍ തകര്‍ന്ന നിലയിലായതിനാല്‍ തിരികെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയിട്ടില്ല.