ഓഖി; 8 കോടിയുടെ നാശനഷ്ടം ,തിരുവനന്തപുരത്ത് 102 പേര്‍ തിരിച്ചെത്താനുണ്ട്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ കനത്ത മഴയിലും കേരളത്തില്‍ കനത്ത നാശനഷ്ടം. സംസ്ഥാനത്ത് ഇതുവരെ 8 കോടിയുടെ നാശ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. 56 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 679 വീടുകള്‍ ഭാഗികമായും തകര്‍ന്നു.ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. 4 കോടി രൂപയുടെ നാശനഷ്ടമാണ് ഇടുക്കിയില്‍ സംഭവിച്ചത്.

അതേസമയം തിരുവനന്തപുരത്ത് 102 പേര്‍ തിരിച്ചെത്താനുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ആരും സ്വന്തം നിലയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്തരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

പൂന്തുറയില്‍ നിന്ന് മാത്രം കാണാതായത് 37 പേരെയെന്ന് പള്ളി വികാരി പറഞ്ഞു. തെരച്ചില്‍ 50ല്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ ആക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.അതിനിടെ കൊല്ലത്ത് കടലില്‍ പോയ 18 പേരെ ഇതുവരെ കണ്ടെത്താനായില്ല.രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കല്‍പ്പേനിയിലുണ്ടെന്ന് നാവിക സേന അറിയിച്ചു. ദ്വീപില്‍ എത്തിയവരില്‍ മലയാളികളുമുണ്ട്.