ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്മേളനത്തിനു പിന്നാലെ ട്രംപ് നരേന്ദ്രമോദിയെ ഫോണിലൂടെ ബന്ധപ്പെട്ടെന്നും സമ്മേളനത്തില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഹൈദരാബാദിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലാണ് നടന്നത്. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപും പങ്കെടുത്തിരുന്നു. ഇവാന്‍കയും പ്രധാനമന്ത്രി മോദിയും ചേര്‍ന്നാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. അമേരിക്കയില്‍ നിന്നു 38 അംഗ പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്.

150 രാജ്യങ്ങളില്‍ നിന്നായി 1500ഓളം സംരംഭകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. വനിതാ സംരംഭകര്‍ക്ക് ആഗോള പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉച്ചകോടിയില്‍ 50 ശതമാനം പ്രാതിനിധ്യവും വനിതകളുടേതായിരുന്നു. സ്ത്രീ സമത്വത്തിന് വേണ്ടി ഇന്ത്യ മുന്നോട്ടു വെയ്ക്കുന്ന നയങ്ങളെ അഭിനന്ദിക്കുന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇവാന്‍ക പറഞ്ഞു.